Don't Miss
 

 

ഐ : ഐ എന്നാല്‍ അഴക്‌

നിധിന്‍ ഡേവിസ് | January/15/2015
image

ഐ എന്നാല്‍ തമിഴില്‍ അഴക്‌ എന്നൊരു അര്‍ത്ഥമുണ്ട്. ഷങ്കര്‍ - വിക്രം കൂട്ടുക്കെട്ടില്‍ പിറന്ന ഐ എന്ന ബ്രഹ്മാണ്ട ചിത്രം തീര്‍ച്ചയായും മിഴികള്‍ക്കുണര്‍വേകുന്ന അഴകാണ്. ഷങ്കറുടെ ഏറ്റവും മികച്ച ചിത്രങ്ങളുടെ പട്ടികയില്‍ ഉള്‍പെടുത്താന്‍ സാധിക്കില്ലെങ്കില്‍കൂടി മികച്ച ഒരു പ്രയത്നത്തിന്‍റെ ഫലം തന്നെയാണ് ഈ ചിത്രം. അതുകൊണ്ട് തന്നെ തീര്‍ച്ചയായും പ്രേക്ഷകരെ നിരാശപ്പെടുത്തില്ല ഈ ചിത്രം.

ഒരു ഷങ്കര്‍ ചിത്രം പ്രതീക്ഷിച്ചെത്തുന്ന പ്രേക്ഷകര്‍ക്ക് ഈ ചിത്രം അത് സമ്മാനിക്കുന്നുണ്ട്. പക്ഷെ മൂന്ന് കൊല്ലത്തെ കാത്തിരിപ്പ്മൂലവും, മാധ്യമങ്ങളിലൂടെയുള്ള പ്രചരണങ്ങളുടെ അതിപ്രസരം മൂലവും പ്രതീക്ഷയുടെ അമിതഭാരം പേറിവരുന്ന പ്രേക്ഷകരെ അതിശയിപ്പിക്കാന്‍ ഈ ചിത്രത്തിന്‍റെ കഥയ്ക്ക്‌ സാധിക്കുനില്ല എന്നത് ചില പ്രേക്ഷകരെ നിരാശപെടുത്തിയെക്കം. എന്നാല്‍ ഒന്നും പ്രതീക്ഷിക്കാതെ വരുന്ന പ്രേക്ഷകര്‍ക്ക്‌ കാഴ്ചയുടെ വര്‍ണ്ണവിസ്മയം തന്നെ ഷങ്കര്‍ ഈ ചിത്രത്തില്‍ ഒരുക്കിയിട്ടുണ്ട്.

വിക്രം അവതരിപ്പിക്കുന്ന ലിംഗെശ്വരന്‍ എന്ന കഥാപാത്രം മിസ്റ്റര്‍ ഇന്ത്യ ആകണം എന്ന ജീവിതഭിലാഷവുമായി നടക്കുന്ന ഒരു ബോഡി ബില്‍ഡര്‍ ആണ്.  മദ്രാസിലെ ഒരു സാധാരണ കുടുംബത്തില്‍ വളര്‍ന്ന അവന് ദിയ(ആമി ജാക്ക്സണ്‍) എന്ന സൂപ്പര്‍ മോഡലിനോട് കടുത്ത ആരാധനയാണ്. മിസ്റ്റര്‍ തമിള്‍നാട് ആകുന്നതോടെ ചെറിയ പരസ്യങ്ങളില്‍ വേഷങ്ങള്‍ ചെയ്യാന്‍ അവസരം ലഭിക്കുന്ന ലിംഗെശ്വരന് ദിയയുമായി പരസ്യം ചെയ്യാന്‍ അവസരം ലഭിക്കുന്നു. തുടര്‍ന്ന് അവരുടെ ജീവിതത്തില്‍ സംഭവിക്കുന്ന അപ്രതീക്ഷിതമായ സംഭവങ്ങളിലൂടെയാണ് കഥ പുരോഗമിക്കുന്നത്.

ചിത്രത്തിന്‍റെ ആദ്യന്തം നമ്മെ അതിശയിപ്പിക്കുന്നത് വിക്രം എന്ന നടന്‍ തന്നെയാണ്. ഒരു ചിത്രത്തിനായി എന്ത് ത്യാഗവും ചെയാനുള്ള വിക്രത്തിന്‍റെ ആത്മാര്‍ത്ഥതയെ പ്രശംസിക്കാതിരിക്കാന്‍ ഏതൊരു വ്യക്തിക്കും സാധിക്കില്ല. ശാരീരികമായും മനസികവുമായും അത്രയ്ക്കും ഈ കഥാപാത്രത്തിനായി അദ്ദേഹം പരിശ്രമിച്ചിട്ടുണ്ട്. ആമി ജാക്ക്സനും തനിക്കു ലഭിച്ച കഥാപാത്രത്തോട് വളരെ അധികം നീതി പുലര്‍ത്തിയിട്ടുണ്ട്. ഡോ വാസുദേവ് ആയി മലയാളത്തിന്‍റെ പ്രിയ നടന്‍ സുരേഷ് ഗോപിയും മികച്ച ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. 

ഷങ്കര്‍ എന്ന സംവിധായകന്‍ എന്നും പുതുമകള്‍ തേടി പോകുന്ന വ്യക്തിയാണ്. ഹോളിവുഡ് സിനിമകളില്‍ ഉള്ള മിക്ക പുതിയ ഐഡിയകളും ഇന്ത്യയില്‍ ആദ്യം വിഷവലൈസ് ചെയുക ഷങ്കര്‍ ആയിരിക്കും. അതുകൊണ്ട് തന്നെ ഈ ചിത്രത്തിലും അനേകം വിദേശ ടെക്നിഷ്യന്‍സ് അണിയറയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. മെന്‍ ഇന്‍ ബ്ലാക്ക്‌ സീരിസിലൂടെ പ്രശസ്തയായ മേരി ഇ വോഗ്റ്റിന്റെ വസ്ത്രാലങ്കാരവും വെറ്റാ വര്‍ക്ക്ഷോപസിന്റെ മേയ്ക്ക് അപ്പും ഈ ചിത്രത്തിന് ഒരു ഹോളിവൂഡ്‌ ചിത്രത്തിന്‍റെ നിലവാരം നല്‍കുന്നുണ്ട്. ചൈനീസ് സൈക്ലിസ്റ്റ്‌ പീറ്റര്‍ മിങ്ങിന്റെ നേതൃത്വത്തിലുള്ള സംഘട്ടനം ഒരു പുതുമയായി.

ക്യാമറ കൈകാര്യം ചെയ്തിരിക്കുന്ന പി സി ശ്രിരാമിന് തന്‍റെ കഴിവിന്‍റെ മികച്ചത് പുറത്തെടുക്കാനുള്ള അവസരം ഷങ്കര്‍ ഇതില്‍ നന്നായി തന്നെ ഒരുക്കിയിട്ടുണ്ട്. ചൈനയിലെ വളരെ ഭംഗിയാര്‍ന്ന ലോക്കെഷന്സും പാട്ടുകള്‍ക്കായി ഒരുക്കിയിരിന്ന സെറ്റുകളും തിയറ്ററുകളെ വര്‍ണ്ണ പ്രപഞ്ചമാക്കിമാറ്റി. ഏ ആര്‍ റഹ്മാന്‍റെ സംഗീതവും പശ്ചാത്തലസംഗീതവും പതിവ് ഷങ്കര്‍ ചിത്രങ്ങളുടെതുപോലെ ചിത്രത്തോട് യോജിച്ചു നില്‍ക്കുന്നു.

ഇങ്ങനെയൊക്കെയാണെങ്കിലും പതിവ് ഷങ്കര്‍ ചിത്രങ്ങളുടെ പോലെ അത്ഭുതപെടുത്തുന്ന കഥയല്ല ഈ ചിത്രത്തിലുള്ളത്. പക്ഷെ ഒരു സാധാ പ്രേക്ഷകന് പ്രവചിക്കാനാവുന്ന ഈ കഥ പ്രവചനാതിതമായ തലത്തില്‍ അവതരിപ്പിക്കുന്നതില്‍ ഷങ്കര്‍ വിജയിച്ചിട്ടുണ്ട്. മൂന്ന് മണിക്കൂറിന്റെ ദൈര്ഖ്യം ഒരല്പം കൂടുതലാണെങ്കിലും കാഴ്ചയുടെ അഴകുള്ള ഈ വര്‍ണ്ണവിസ്മയം പ്രേക്ഷകര്‍ക്ക്‌ ഒരിക്കലും മടുപ്പുളവാക്കില്ല.

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.