Don't Miss
 

 

ഒരു ബ്രഹ്മാണ്ഡ പരിസമാപ്തി

നിധിന്‍ ഡേവിസ് | April/29/2017
image

വിജയചിത്രങ്ങൾക്ക് പ്രേക്ഷക പ്രതീക്ഷയ്‌ക്കൊത്ത ഒരു തുടർച്ചയുണ്ടാക്കിയെടുക്കുകയെന്നത് അതിന്റെ അണിയറപ്രവർത്തകരെ സംബന്ധിച്ചെടുത്തോളം ഏറെ വെല്ലുവിളി നിറഞ്ഞൊരു ദൗത്യമാണ്. പ്രേക്ഷകരെ അദ്ഭുതപ്പെടുത്തുകയും ആകാംക്ഷയുടെ മുൾമുനയിൽ നിർത്തിയ ക്ലൈമാക്സുമൊരുക്കിയ ആ ബ്രഹ്മാണ്ഡചിത്രത്തിന് ഒരു തുടർച്ചയൊരുക്കുകയെന്നത് ഏറെ ശ്രമകരമായ കാര്യമാണ്. എന്നാൽ ആദ്യ ചിത്രത്തെക്കാൾ പ്രേക്ഷകരെ രസിപ്പിക്കുകയും അതിശയിപ്പിക്കുകയും ചെയുന്ന ചിത്രവുമായാണ് രാജമൗലിയും കൂട്ടരുമെത്തിയിരിക്കുന്നത്.

അമരേന്ദ്ര ബാഹുബലിയുടെ ജീവിതത്തിലെന്തു സംഭവിച്ചു, കട്ടപ്പയെന്തിന് ബാഹുബലിയെ കൊന്നു തുടങ്ങി പ്രേക്ഷകമനസ്സിൽ നിലനിന്നിരുന്ന ചോദ്യങ്ങൾക്ക് ഉത്തരവുമായാണ് ഈ ചിത്രമെത്തിയിരിക്കുന്നത്. രണ്ടു വർഷം നീണ്ടുനിന്ന ആ കാത്തിരിപ്പിനെ പൂർണ്ണമായും തൃപ്തിപ്പെടുത്തുന്ന കഥയും കഥാസന്ദർഭങ്ങളുമാണ് ചിത്രത്തിലൊരുക്കിയിരിക്കുന്നത്. 

അമരേന്ദ്ര ബാഹുബലിയായും മഹേന്ദ്ര ബാഹുബലിയായും വേഷമിട്ട പ്രഭാസ് മികവാർന്ന പ്രകടനമാണ് കാഴ്ച്ചവെച്ചിരിക്കുന്നത്. ആയാസകരമായ സംഘട്ടനരംഗങ്ങളെല്ലാം തന്നെ അനായാസം ചെയ്തിരിക്കുന്നു ഈ യുവതാരം. ഒത്ത എതിരാളിയുടെ വേഷം ചെയ്ത റാണയും മുൻ ചിത്രത്തിലെതുപോലെ വളരെ മികച്ച പ്രകടനം കാഴ്ച്ചവെച്ചിരിക്കുന്നു.

ദേവസേനയുടെ വേഷമവതരിപ്പിച്ച അനുഷ്കയും ശിവഖാമിയെ അവതരിപ്പിച്ച രമ്യാ കൃഷ്ണനും ശക്തമായ ആ കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ ജീവസുറ്റതാക്കി. തെലുങ്കു സിനിമകളിൽ കണ്ടു ശീലിച്ച നായകന്റെ വീരസാഹസങ്ങളിൽ മതിമറന്നു നില്ക്കുന്ന പതിവ് നായികസങ്കൽപ്പങ്ങൾക്കു വിഭിന്നമായി വ്യക്തമായ അഭിപ്രായങ്ങളും വ്യക്തിത്വങ്ങളുമുള്ള കഥാപാത്രങ്ങളാണ് ദേവസേനയും ശിവഖാമിയും.

കട്ടപ്പയെ അവതരിപ്പിച്ച സത്യരാജും പിംഗള ദേവനായി നാസറും ചിത്രത്തിൽ മികച്ചുത്തന്നെ നില്ക്കുന്നു. അവന്തികയുടെ വേഷം ചെയ്ത  തമന്നയ്ക്ക് ഈ ചിത്രത്തിൽ കാര്യമായി ഒന്നും ചെയ്യാനില്ല.

താരങ്ങളുടെ പ്രകടനങ്ങൾക്കപ്പുറം ഈ ചിത്രത്തിന്റെ അണിയറപ്രവർത്തകരോരുത്തരും അവരുടെ മേഖലയുടെ മികവുകൾ പ്രേക്ഷകർക്ക് വ്യക്തമാക്കും വിധം അവരുടെ കഴിവുകൾ പ്രകടിപ്പിച്ചിരിക്കുന്നു. അതുകൊണ്ടുത്തന്നെ ചിത്രത്തിന്റെ ഓരോ നിമിഷവും അതിൽ കണ്ടെത്താവുന്ന ചെറിയ ചെറിയ തെറ്റുകളിലേക്ക് കണ്ണെത്താതെ ആ സീനിൽ മികച്ചു നില്ക്കുന്ന അണിയറപ്രവർത്തകന്റെ കഴിവിലേക്ക് പ്രേക്ഷകശ്രദ്ധ തനിയെ തിരിയുന്നു.

ആദ്യ ചിത്രത്തിലേതുപോലെ സാബു സിറിലിന്റെ പടുക്കൂറ്റൻ സെറ്റുകളും ആയുധങ്ങളും കപ്പലും എല്ലാം നമ്മളെ ഒരു മായലോകത്തേക്ക് എത്തിക്കുന്നു. അതിനൊത്തു നില്ക്കുന്ന ഗ്രാഫിക്സും പ്രേക്ഷകർക്ക് മഹിഷ്മതിയെന്ന ആ മഹാസാമ്രാജ്യത്തിന്റെ പ്രൗഢിയും സമ്പന്നതയും വെളിപ്പെടുത്തികൊടുക്കുന്നു.

സെന്തിൽകുമാറിന്റെ ഛായാഗ്രഹണവും കോട്ടഗിരി വെങ്കിടേശറാവുവിന്റെ എഡിറ്റിങ്ങും വേഗതയാർന്ന സീനുകളിൽ പ്രേക്ഷകരെ ആവേശത്തോടെ രോമാഞ്ചം കൊള്ളിക്കുന്നുണ്ട്. കീരവാണിയുടെ പശ്ചാത്തലസംഗീതം ചിത്രത്തിന് അതിന്റെ രാജകീയ പരിവേഷം പുർണ്ണതയോടെ നല്കുന്നു.

ചിത്രത്തിലെ താരങ്ങളും അണിയറപ്രവർത്തകരും അവരുടെ കഴിവിന്റെ മികവ് തെളിയിച്ചിട്ടുണ്ടെങ്കിൽ അതിന്റെ പൂർണ്ണപ്രശംസക്കും അർഹൻ ആ ചിത്രത്തിന്റെ സംവിധായകൻ തന്നെയാണ്. എസ് എസ് രാജമൗലിത്തനെയാണ് ഈ ചിത്രത്തിന്റെ യഥാർത്ഥ നായകൻ. ക്ഷമയും ദീർഘവീക്ഷണവുമുള്ള ഒരു വ്യക്തിക്കുമാത്രമേ ഇത്രയും വലിയൊരു ചിത്രമൊരുക്കാനാകു. കുറവുകൾ തേടുന്നവർക്ക് കാണാൻ പാകത്തിലുള്ള കുറവുകളും ചിത്രത്തിലുണ്ട്. ക്ലൈമാക്സിനോടടുക്കുമ്പോൾ ചിത്രത്തിനു അതുവരെയുണ്ടായിരുന്ന ഉയർച്ചയിൽനിന്നും ഒരല്പം താഴ്ച്ചയനുഭവപ്പെട്ടു. ക്ലൈമാക്സിലെ രംഗങ്ങളും ഒരല്പം കൂടതലായതുപോലെ തോന്നി. എങ്കിലും അത്രയും നേരം പ്രേക്ഷകരെ രസിപ്പിച്ച രംഗങ്ങളും കാഴ്ച്ചയുടെ വിസ്മയമൊരുക്കിയ ഷോട്ടുകളും പ്രേക്ഷമനസ്സുകളിൽ നിന്നും ഈ കുറവുകളെ മായ്ച്ചു കളയുന്നു. എല്ലാത്തരം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുന്ന കഥയും കഥാസന്ദർഭങ്ങളും അതിനെ പരമോന്നതയിലേക്കുയർത്തുന്ന വിസ്മയ കാഴ്ച്ചകളും തീർത്ത ഈ സംവിധായകൻ ഇന്ത്യൻ സിനിമാചരിത്രതാളുകളിൽ തീർച്ചയായും ഇടം പിടിക്കും. 

ഒരു ബ്രഹ്മാണ്ഡ ചിത്രമെന്നാണ് ബാഹുബലിയുടെ ആദ്യഭാഗത്തെ പ്രേക്ഷകർ വിശേഷിപ്പിച്ചിരുന്നത്. എന്നാൽ ആ ചിത്രത്തിനേക്കാൾ വലിയതും മികച്ചതുമായാണ് അതിന്റെ അടുത്ത ഭാഗം  രാജമൗലിയൊരുക്കിയിരിക്കുന്നത്. അങ്ങനെ ആ ബ്രഹ്മാണ്ഡ ചിത്രത്തിന് ഒരു ബ്രഹ്മാണ്ഡ പരിസമാപ്തിയും കൈവന്നിരിക്കുന്നു.

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.