Don't Miss
 

 

ബാഹുബലി : ഒരു വിഷ്വൽ വിസ്മയഗാഥ

നിധിന്‍ ഡേവിസ് | July/18/2015
image

ഒരു ബ്രഹ്മാണ്ഡചിത്രമെന്ന ഖ്യാതിയോടെ വന്ന ഈ ചിത്രം തീർച്ചയായും പ്രതീക്ഷകൾക്കൊത്തു തന്നെയാണ് ഒരുക്കിയിട്ടുള്ളത്. എന്നാൽ ഒരു ബ്രഹ്മാണ്ട ഇന്ത്യൻ സിനിമ എന്ന പട്ടം അലങ്കരിക്കാൻ മാത്രം ചിത്രം വളർന്നിട്ടുണ്ടോ എന്നൊരൽപ്പം സംശയം പ്രേക്ഷകമനസ്സിൽ തോന്നിയാൽ അതിൽ തെല്ലൽത്ഭുതപ്പെടെണ്ടതില്ല. മികവാർന്ന വിഷ്വൽ എഫക്റ്റ്സ്സും അതിശയിപ്പിക്കുന്ന സെറ്റുകളൊക്കെയുണ്ടെങ്കിലും ചിലപ്പോഴെങ്കിലും ഇതൊരു തെലുങ്കു സിനിമയാണ് എന്ന ചിന്ത മനസ്സിൽ തെളിയും വിധത്തിൽ തന്നെയാണ് ചിത്രം അവതരിപ്പിച്ചിട്ടുള്ളത്.

ശിവ ഗ്രാമീണരാൽ എടുത്തുവളർത്തപ്പെട്ട ഒരു ബാലനാണ്. മാതൃഭൂമിയിലേക്ക് പോകാനുള്ള അവൻ്റെ ഉള്ളിലെ ജന്മവാസനയെ തടയാൻ അവൻ്റെ വളർത്തുമാതാവ് ആവുംവിധം പരിശ്രമിക്കുന്നുണ്ടെങ്കിലും പരാജയപ്പെടുന്നു. തുടർന്നു മലകൾ കയറിയെത്തുന്ന അവൻ ഒരു യുവതിയുമായി പ്രണയത്തിലാകുന്നു. പിന്നീട് തൻ്റെ പ്രണയിനി ഏറ്റെടുത്തിട്ടുള്ള ദൗത്യത്തിൻ്റെ ലക്ഷ്യപൂർത്തികരണത്തിനായി ഇറങ്ങി പുറപ്പെടുന്ന ശിവ ശ്രമകരമായ ആ ദൗത്യനിർവഹണത്തിലൂടെ തൻ്റെ വ്യക്തിത്വം പതിയെ തിരിച്ചറിയുന്നതാണ് ചിത്രത്തിൻ്റെ ഇതിവൃത്തം.

ഒരു വലിയ ചിത്രത്തിൻ്റെ നായകനെന്ന നിലയിൽ പ്രഭാസ് വളരെ നന്നായി തന്നെ തൻ്റെ കഥാപാത്രം കൈകാര്യം ചെയ്തിട്ടുണ്ട്. ബാഹുബലിയായും ശിവയായും പ്രഭാസ് ചിത്രത്തിൽ ആദ്യന്തം നിറഞ്ഞു നില്ക്കുന്നു. നായികയായ അനുഷ്ക ആദ്യ ഭാഗമായ ഈ ചിത്രത്തിൽ സ്ക്രീനിൽ അധികം പ്രത്യക്ഷപ്പെടുന്നില്ലെങ്കിലും വളരെ ശക്തമായ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ചിത്രത്തിൻ്റെ രണ്ടാം ഭാഗത്തിൽ തീർച്ചയായും ഒരു മുഴുനീള കഥാപാത്രമാകാൻ മാത്രം കാമ്പുള്ള കഥാപാത്രം തന്നെയാണ് അനുഷ്ക്കയ്ക്ക് ലഭിച്ചിട്ടുള്ളത്. ശിവ എന്ന കഥാപാത്രത്തിൻ്റെ പ്രണയിനിയായ തമന്നയ്ക്ക് പതിവ് തെല്ലുങ്ക് ചിത്രങ്ങളിലെ നായികയ്ക്ക് ചേർന്നവിധത്തിലുള്ള മേനിപ്രദർശനത്തിൽ കവിഞ്ഞ് കുടുതലായി ഒന്നും തന്നെ ചെയ്യാനില്ല. ഒരു പോരാളിയുടെ മട്ടും ഭാവവും അവതരിപ്പിക്കുമ്പോൾ ചിലപ്പോഴെങ്കിലും മറ്റാരെങ്കിലുമായിരുന്ന് നല്ലത് എന്ന് തോന്നിപോയി.

പ്രതിനായകകഥാപാത്രത്തെ അവതരിപ്പിച്ച റാണ വളരെ ശക്തമായി തന്നെ ആ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. ‌പൽവാൽ ദേവൻ എന്ന കഥാപാത്രമായി റാണ ജീവിക്കുകയാണെന്ന് തോന്നി. ശിവഗാമിയെന്ന കഥാപാത്രം അവതരിപ്പിച്ച രമ്യ കൃഷ്ണനാണ് എടുത്തു പറയേണ്ട മറ്റൊരു താരം. പടയപ്പയ്ക്കുശേഷം ഇത്ര ശക്തമായൊരു വേഷം പിന്നീട്‌ കണ്ടിട്ടില്ല. കട്ടപ്പയായി സത്യരാജും പിൻഗളദേവനായി നാസറും തിളങ്ങി.

കഥാപരമായി നോക്കിയാൽ പൂർണ്ണമായും മഹാഭാരതകഥയിൽ നിന്നും പ്രചോദനം ഉൾകൊണ്ടാണ് ഈ ചിത്രത്തിന് കഥയൊരിക്കിയിരിക്കുന്നത് എന്നു വ്യക്തമാണ്. സഹോദരരുടെ മക്കളുടെ രാജവാഴ്ച്ചയെ സംബന്ധിച്ച പോർവിളികൾ തന്നെയാണ് ചിത്രത്തിൻ്റെ പ്രധാന പ്രമേയം. എങ്കിലും ഏവർക്കും സാദൃശ്യം തോന്നാവുന്ന ഈ പ്രമേയത്തെ മികച്ച രീതിയിൽ അവതരിപ്പിക്കുന്നതിൽ ചിത്രത്തിൻ്റെ അണിയറപ്രവർത്തകർ വിജയിച്ചിട്ടുണ്ട്.

ശെന്തിൽ കുമാറിൻ്റെ ക്യാമറയും സാബു സിറിലിൻ്റ ആർട്ട് ഡയറക്ഷനും എടുത്തു പറയേണ്ടതാണ്. കൂറ്റൻ സെറ്റുകളും യുദ്ധസാമഗ്രികളും തികച്ചും വിദേശ സിനിമകളൊട് കിടപിടിക്കും വിധത്തിൽ തന്നെയാണ് ഒരുക്കിയിട്ടുള്ളത്. എന്നാൽ ഇത്രയും വലിയ ചിത്രത്തിനുവേണ്ട സംഗീതമൊരുക്കാൻ കീരവാണിയ്ക്ക് സാധിച്ചിട്ടില്ല. ചിത്രത്തിലെ ഗാനങ്ങൾ ഒന്നും തന്നെ മനസ്സിൽ തങ്ങിനില്‌ക്കുന്നുമില്ല.

ഈഗ, മഗധീര എന്നീ ചിത്രങ്ങളിലൂടെ ഇന്ത്യയൊട്ടാകെ ശ്രദ്ധിക്കപ്പെട്ട എസ് എസ് രാജാമൗലിയിൽ നിന്നും ഇങ്ങനെയൊരു ചിത്രം ഒട്ടും അദ്ഭുതമല്ല. ഇതിലും കൂടുതൽപോലും പ്രേക്ഷകർ അദ്ദേഹത്തിൽ നിന്ന് പ്രതീക്ഷിക്കുന്നുണ്ട്. ചിത്രത്തിലെ യുദ്ധരംഗങ്ങളിൽ ചിലപ്പോഴെങ്കിലും ചില കുറവുകൾ അനുഭവപ്പെടുന്നുണ്ട്‌. എങ്കിലും ഇത്രയും വലിയ യുദ്ധം രംഗങ്ങൾ ചിത്രീകരിക്കാൻ എത്രത്തോളം പരിശ്രമിക്കണം എന്ന ചിന്ത ആ കുറവുകളെ മറക്കാൻ നമ്മേ പ്രേരിപ്പിക്കുന്നു. ചിത്രത്തിലെ പല സന്ദർഭങ്ങളിലും ആനിമേഷനാണ് എന്ന് തോന്നുംവിധത്തിലുള്ള സീനുകളുണ്ട്. പ്രത്യേകിച്ച് മുകളിൽ നിന്നും കാണിക്കുന്ന സന്ദർഭങ്ങൾ. ആ സീനുകളിൽ ഒരല്പം ശ്രദ്ധിച്ചിരുന്നെങ്കിൽ കൂടുതൽ നന്നായേനെ എന്നു തോന്നി. ചിത്രത്തിലെ ആദ്യ രംഗങ്ങളിലെ പ്രണയ മൂഹൂർത്തങ്ങൾ തീർത്തും ബോറായി തോന്നി. രണ്ട് ചിത്രങ്ങളായി ഇറക്കാൻ വേണ്ടി കൂടുതലായി ചേർത്തപോലെയാണ് ഈ രംഗങ്ങൾ അനുഭവപ്പെട്ടത്. ഇങ്ങനെയൊക്കെയാണെങ്കിലും തീർച്ചയായും മികച്ചൊരു ആസ്വാദനസിനിമ തന്നെയാണ് ഈ ചിത്രം.

വിദേശചിത്രങ്ങളൊട് താരതമ്യം ചെയ്തു നോക്കിയാൽ കാണാവുന്ന ഒരുപ്പാട് കുറ്റങ്ങൾ ഈ ചിത്രത്തിൽ കാണാനാകും. എങ്കിലും ഒരു ഇന്ത്യൻ സിനിമ എന്ന നിലയിൽ  സാങ്കേതികമായി മികച്ചൊരു അനുഭവം തന്നെയാണ് ഈ ചിത്രം സമ്മാനിക്കുന്നത്. ചിത്രത്തിൻ്റെ രണ്ടാം ഭാഗമായ ബാഹുബലി : ദി കൺക്ലൂഷൻ ഇതിലും മികച്ചൊരനുഭവം സമ്മാനിക്കും എന്നു നമുക്ക് പ്രതീക്ഷിക്കാം.

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.