Don't Miss
 

 

വര്‍ഷം : മനസ്സുകളില്‍ നിന്നും പെയ്തൊഴിയാതെ

നിധിന്‍ ഡേവിസ്  | November/8/2014
image

'ജീവിതവിജയത്തിനായി സ്വപ്‌നങ്ങളെ പിന്തുടരൂ' എന്ന ആശയത്തെ മുറുകെ പിടിച്ചുകൊണ്ടാണ് ന്യൂ ജനറേഷന്‍ സിനിമകളില്‍ ഭൂരിഭാഗവും വരുന്നത്, എന്നാല്‍ മമ്മൂട്ടിയെ നായകനാക്കി രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്ത ഈ ചിത്രം, സ്വപ്‌നങ്ങള്‍ തകര്‍ന്നാലും ഒരു മനുഷ്യന് ജീവിതവിജയം നേടാം എന്ന പ്രതീക്ഷയുടെ വെളിച്ചത്തെയാണ് വരച്ചു കാട്ടുന്നത്.

വേണുഗോപാല്‍ എന്ന മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രം മകനും, ഭാര്യയും മാത്രമുള്ള സ്വന്തം കുടുംബത്തിന്‍റെ സ്വാര്‍ത്ഥ താല്‍പര്യങ്ങളെ മാത്രം ലക്‌ഷ്യം വച്ച് ജീവിക്കുന്ന ഒരു ബിസ്സിനസ്സുക്കരനാണ്. പണത്തിനായി മനുഷ്യത്വത്തെ പോലും മറക്കാന്‍ മടിയിലാത്ത വേണുവിന്‍റെ ജീവിതത്തില്‍ ഒരു ദുരന്തം സംഭവിക്കുന്നതും തുടര്‍ന്ന് അതില്‍ നിന്നും രക്ഷ നേടാന്‍ ശ്രമിക്കുന്ന വേണു പതിയെ ജീവിത വിജയം നേടുന്നതുമാണ് ചിത്രത്തിന്‍റെ ഇതിവൃത്തം.

വേണുഗോപാല്‍ എന്ന കഥാപാത്രം മമ്മൂട്ടിയുടെ കൈകളില്‍ തീര്‍ത്തും ഭദ്രമായിരുന്നു. ആ മഹാനടന്റെ മികച്ച കുടുംബചിത്രങ്ങള്‍ കണ്ടിട്ടുള്ള പ്രേക്ഷകരെ അത്ഭുതപ്പെടുത്തില്ലെങ്കില്ലും, വേണുഗോപാലിനെ കാണുമ്പോള്‍ കഥാപാത്രമാകാനുള്ള ആ നടന്‍റെ കഴിവിനെ ആരും ഒന്ന് ഓര്‍ത്തുപോകും. ദൃശ്യം എന്ന ചിത്രത്തിനു ശേഷം ആശ ശരത്തിന് ലഭിച്ച മികച്ച കഥാപാത്രമാണ് വേണുഗോപാലിന്റെ ഭാര്യയായ നന്ദിനി. മറ്റു താരങ്ങള്‍ എല്ലാവരും തന്നെ അവരവര്‍ക്ക് ലഭിച്ച കഥാപാത്രങ്ങള്‍ മികച്ചതാക്കിയിട്ടുണ്ട്. ടി ജി രവിയും, സുനില്‍ സുഖദയും, സുധീര്‍ കരമനയും അവരവരുടെ വേഷങ്ങള്‍ ജീവസ്സുള്ളതാക്കിയിട്ടുണ്ട്.

ബിജിബാലിന്‍റെ സംഗീതം മികച്ചതല്ലെങ്കിലും സിനിമയോട് ചേര്‍ന്ന് നില്‍ക്കുന്നുണ്ട്. ഒരു കുടുംബചിത്രത്തിനു വേണ്ട വേഗതയോടെ ക്യാമറ ചലിപ്പിക്കാന്‍ ഛായാഗ്രാഹകനായ മനോജ്‌ പിള്ളയ്ക്കും സാധിച്ചിട്ടുണ്ട്.

രഞ്ജിത്ത് ശങ്കര്‍ സംവിധായകന്‍ എന്ന നിലയില്‍ വളരെ നന്നായി തന്നെ ചിത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. പക്ഷെ ഒരു തിരകഥാകൃത്ത് എന്ന നിലയില്‍ അദ്ദേഹത്തിന്റെ മികച്ചതല്ല ഈ ചിത്രം. ഒരു കുടുംബ ചിത്രം എന്ന നിലയില്‍ വേണ്ട വേഗതയും സീനുകളും ചിത്രത്തില്‍ ഉണ്ടെങ്കില്ലും, പല സീനുകളിലും സംഭാഷണങ്ങള്‍ക്ക് തീവ്രത പോരെന്നു തോന്നി. അതുകൊണ്ട് തന്നെ പല സീനുകളും അതിന്‍റെ പരമോന്നതിയില്‍ എത്തിയോ എന്ന സംശയം വളരെ സൂക്ഷ്മ നീരിഷണത്തില്‍ അനുഭവപ്പെട്ടു. എങ്കില്ലുംഒരു സംവിധായകന്റെ കയ്യടക്കം ആ സീനുകളെ താഴെപോകാതെ പിടിച്ചുനിര്‍ത്തുന്നുണ്ട്.

ഒരല്പ്പം കണ്ണ് നന്നയിക്കുമെങ്കില്ലും പ്രതീക്ഷയുടെ കിരണങ്ങള്‍ തല്ലികെടുത്താതെയാണ് ഈ ചിത്രം അവസാനിക്കുന്നത്. അതുകൊണ്ട് തന്നെ ഒരു സെന്റി ചിത്രം എന്ന തലക്കെട്ടോടെ തള്ളി കളയെണ്ടതല്ല ഈ ചിത്രം. ഒരുപ്പാട്‌ നാളുകളായി മമ്മൂട്ടിയുടെ ഒരു നല്ല കുടുംബചിത്രം പ്രതീക്ഷിച്ചിരുന്ന പ്രേക്ഷകര്‍ക്ക്‌ തീര്‍ച്ചയായും കാണാം ഈ ചിത്രം.

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.