Don't Miss
 

 

പുതുമയൊന്നുമില്ലാത്ത ജോപ്പൻ

നിധിന്‍ ഡേവിസ് | October/19/2016
image

മമ്മുട്ടിയും ജോണി ആന്റണിയും ചേർന്നൊരുക്കിയ ഏറ്റവും പുതിയ ചിത്രമാണ് തോപ്പിൽ ജോപ്പൻ. പതിവ് ചേരുരവകളിൽ തീർത്ത കുടുംബപ്രേക്ഷകർക്ക് കണ്ടിരിക്കാവുന്ന ഒരു ശരാശരി ചിത്രം മാത്രമാണ് തോപ്പിൽ ജോപ്പൻ. ചിത്രത്തിൻ്റെ മേന്മയെപ്രതി യാതൊരു പ്രതീക്ഷയുമില്ലാതെ ചെന്നാൽ വെറുതെ ഒരു നേരമ്പോക്കായി കാണാനുള്ള വക കുറച്ചെങ്കിലും ചിത്രത്തിലുണ്ട് അത്രമാത്രം.

പ്രണയനൈരാശ്യം മൂലം മദ്യത്തിൻ്റെ ലഹരിയിൽ മതിമറന്നു ജീവിക്കുന്ന ജോപ്പനെ ബന്ധുമിത്രാദികളെല്ലാം ചേർന്ന് പെണ്ണ് കെട്ടിക്കാൻ ശ്രമിക്കുന്നതാണ് ചിത്രത്തിനിതിവൃത്തം.

ചിത്രത്തിൻ്റെ ആദ്യഭാഗങ്ങളിൽ അത്ര പൂർണ്ണതയനുഭവപ്പെട്ടില്ലെങ്കിലും പിന്നീടങ്ങോട്ട് തോപ്പിൽ ജോപ്പനെന്ന കഥാപാത്രം പൂർണ്ണമായും മമ്മുട്ടിയുടെ കൈകളിൽ ഭദ്രമായിരുന്നു. നർമ്മരസം നിറഞ്ഞ സന്ദർഭങ്ങളെല്ലാം ആ നടൻ അനായാസം കൈകാര്യം ചെയ്തിരിക്കുന്നു. ചിത്രത്തിലെ പല സീനുകളിലും ആ നടൻ്റെ സൗന്ദര്യവും മികച്ചു നില്ക്കുന്നതായി അനുഭവപ്പെട്ടു. ഈ പ്രായത്തിലും തൻ്റെ സൗന്ദര്യം ഇങ്ങനെ നിലനിർത്തുന്ന ആ നടൻ്റെ കഴിവിനെ പ്രശംസിക്കാതെ വയ്യ.

നായികമാരായ ആൻഡ്രിയയും മംമ്ത മോഹൻദാസും കഥാപാത്രങ്ങളോട് ചേർന്നു നില്ക്കുന്നു. മംമ്ത തൻ്റെ മുൻകാല കഥാപാത്രങ്ങളെ പോലെത്തന്നെ വളരെ സ്മാർട്ടായ കഥാപാത്രത്തെയാണ് ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. തോപ്പിൽ ജോപ്പൻ്റെ മുൻകാലകാമുകിയായ ആനിയുടെ വേഷമാണ് ആൻഡ്രിയ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്.

മറ്റു താരങ്ങളെല്ലാം തന്നെ തങ്ങളുടെ കഥാപാത്രങ്ങൾ വളരെ മികവാർന്ന രീതിയിൽ അവതരിപ്പിച്ചിട്ടുണ്ട്. തോപ്പിൽ ജോപ്പൻ്റെ സുഹൃദ്സംഘത്തെ അവതരിപ്പിച്ചതാരങ്ങളായ അലൻസിയർ, സാജു നവോദയ, ശ്രീജിത്ത് രവി എന്നിവരെല്ലാം തന്നെ തങ്ങളുടെ വേഷങ്ങൾ മികച്ചതാക്കി. വളരെ നാളുകൾക്ക്‌ ശേഷം വെള്ളിത്തിരയിലേക്ക് മടങ്ങിയെത്തിയ സലിം കുമാറിൻ്റെ കഥാപാത്രം അദ്ദേഹത്തിൻ്റെ മുൻകാല കോമഡി കഥാപാത്രങ്ങളുടെ അത്രത്തോളം മികച്ചതല്ലെങ്കിലും അദ്ദേഹം അത് നന്നായി കൈകാര്യം ചെയ്തിരിക്കുന്നു.

വിദ്യാസാഗറിൻ്റെ സംഗീതവും പശ്ചാത്തലസംഗീതവും മികച്ചതല്ലെങ്കിലും ചിത്രത്തോട് യോജിച്ചു നില്‌ക്കുന്നു. എങ്കിലും മംമ്തയും മറ്റ് സുഹൃത്തുക്കളും ചേർന്ന് ചുവടുവയ്ക്കുന്ന ഗാനം കല്ലുകടിയായി അനുഭവപ്പെട്ടു. ആ ഗാനം തീർത്തും അനാവശ്യമായി തോന്നി.

ചിത്രത്തിൻ്റെ ആദ്യപകുതി പൂർണ്ണമായ തൃപ്തി നല്കുന്നില്ലെങ്കിലും രണ്ടാം പകുതി പ്രേക്ഷകരെ രസിപ്പിക്കുന്നുണ്ട്. നിഷാദ് കോയയുടെ കഥ ചിത്രത്തിന് പുതുമയൊന്നും തന്നെ സമ്മാനിക്കുന്നില്ല. കഥയിൽ പാളിച്ചകളുണ്ടെങ്കിലും നർമ്മരസം നിറഞ്ഞ തിരക്കഥ ഒരു നേരമ്പോക്ക് ചിത്രം എന്ന പ്രതീതി നിലനിർത്തികൊണ്ട് പ്രേക്ഷകരെ കുറച്ചെങ്കിലും പിടിച്ചിരിത്തുന്നുണ്ട്. ഒരു സംവിധായകനെന്ന നിലയിൽ തൻ്റെ മുൻകാല ചിത്രങ്ങളെക്കാൾ കൂടുതൽ പക്വത നിറഞ്ഞ സമീപനമാണ് ജോണി ആൻ്റണി ഈ ചിത്രത്തിന് നല്കിയിരിക്കുന്നത്. എങ്കിലും ചിത്രത്തിൻ്റെ ആദ്യ പകുതി ഒരല്പം കൂടി ശ്രദ്ധിച്ചിരുന്നെങ്കിൽ ഇതിലും മികച്ചതായെന്നെ ചിത്രം.

പ്രതീക്ഷയുടെ നേരിയൊരംശം പോലുമില്ലാതെ ചെന്നാൽ ഒരു നേരമ്പോക്കായി കണ്ടിറങ്ങാവുന്ന ഒരു ശരാശരി ചിത്രം മാത്രമാണ് തോപ്പിൽ ജോപ്പൻ.

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.