Don't Miss
 

 

വീണ്ടും ദിലിഷ് പോത്തൻ മാജിക്ക്

നിധിന്‍ ഡേവിസ് | July/5/2017
image

മഹേഷിന്റെ പ്രതികാരത്തിനുശേഷം ദിലീഷ് പോത്തനൊരുക്കിയ ഏറ്റവും പുതിയ ചിത്രമാണ് തൊണ്ടിമുതലും ദൃക്സാക്ഷിയും. മഹേഷിന്റെ പ്രതികാരം കണ്ട് മനം നിറഞ്ഞ പ്രേക്ഷകരെ തീർത്തും തൃപ്തിപ്പെടുത്തുന്നതാണ് ഈ ചിത്രം. യാഥാർത്ഥ്യത്തോട് ചേർന്നുനില്ക്കുന്ന ചിത്രത്തിൽ ദിലീഷ് പോത്തൻ എന്ന സംവിധായകന്റെ കയ്യൊപ്പ് വ്യക്തമായി കാണാൻ സാധിക്കും.

ഒരു ബസ്സ് യാത്രയ്ക്കിടയിൽ നടക്കുന്ന മോഷണവും തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിനിതിവൃത്തം.

ഫഹദ് ഫാസിൽ, സുരാജ് വെഞ്ഞാറമൂട്, നിമിഷ സജയൻ, അലൻസിയർ എന്നിവർ പ്രധാന കഥാപാത്രങ്ങളാവുന്ന ചിത്രത്തിൽ താരങ്ങളെല്ലാം തന്നെ മികവാർന്ന പ്രകടനമാണ് കാഴ്ച്ചവച്ചിരിക്കുന്നത്. നാട്ടിൻപ്പുറത്തുകാരനായ പ്രസാദ് എന്ന കഥാപാത്രം സുരാജ് വെഞ്ഞാറമൂട് വളരെ കൃത്യതയോടെ അവതരിപ്പിച്ചിരിക്കുന്നു. ദേശീയ പുരസ്കാരം ലഭിച്ചതിനുശേഷം അഭിനയസാധ്യത കൂടുതലുള്ള വേഷങ്ങളാണ് സൂരാജ് വെഞ്ഞാറമൂടിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഈ ചിത്രത്തിലും താരം തന്റെ കഥാപാത്രത്തെ വളരെ മികച്ച രീതിയിൽ അവതരിപ്പിച്ചിരിക്കുന്നു.

സുരാജ് വെഞ്ഞാറമൂട് അവതരിപ്പിച്ച പ്രസാദ് എന്ന കഥാപാത്രത്തിന്റെ ഭാര്യയായ ശ്രീജ എന്ന കഥാപാത്രത്തെയാണ് പുതുമുഖമായ നിമിഷ സജയൻ അവതരിപ്പിച്ചിരിക്കുന്നത്. സുരാജ് വെഞ്ഞാറമൂടിന്റെ ചിത്രത്തിൽ നായികയാവാൻ പുതുമുഖങ്ങൾ വിസമ്മതിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാൽ നിമിഷ സജയന് അഭിമാനിക്കാം ആദ്യ ചിത്രത്തിൽ തന്നെ ഇത്രയും കാമ്പുള്ള കഥാപാത്രം ലഭിച്ചതിൽ. ഒരു സൂപ്പർതാരചിത്രത്തിൽ പരിചയസമ്പന്നയായ നടികൾക്കുപോലും വ്യക്തിത്വമുള്ള കഥാപാത്രങ്ങളെ ലഭിക്കാറില്ല. സൂപ്പർതാരപ്രഭയിൽ മങ്ങിപ്പോകുന്ന നിഴലുകൾ മാത്രമായിരുന്നു ആ കഥാപാത്രങ്ങൾ. തന്റെ ഭർത്താവിന്റെ തണലിൽ നില്ക്കുമ്പോഴും തന്റെ അഭിപ്രായങ്ങളിൽ വളരെ ശക്തമായി ഉറച്ച നില്ക്കുന്ന ഈ സ്ത്രീകഥാപാത്രത്തെ നിമിഷ എന്ന പുതുമുഖത്താരം വളരെ ആത്മാർത്ഥതയോടെ സമീപിച്ചിരിക്കുന്നു. മലയാളസിനിമയുടെ വെള്ളിവെളിച്ചത്തിൽ ഈ താരത്തിൽ നിന്നും ഇനിയും നല്ല കഥാപാത്രങ്ങളെ പ്രതീക്ഷിക്കാം.

താരങ്ങളെല്ലാവരും വളരെ മികച്ച പ്രകടനം കാഴച്ചവെച്ചിട്ടുണ്ടെങ്കിലും ഫഹദ് ഫാസിലിന്റെ പ്രകടനം എടുത്തു പറയേണ്ടതാണ്. ഓരോ ചിത്രങ്ങളിലും വിസ്മയിപ്പിക്കുന്ന അഭിനയമൂഹൂർത്തങ്ങൾ സമ്മാനിച്ചിരുന്ന ആ നടന്റെ കരിയറിൽ എടുത്തു പറയാവുന്ന ഒന്നായിരിക്കും ഈ ചിത്രം. അഭിനയപ്രധാന്യവും വിത്യസ്തതയും ചേർന്ന ചിത്രങ്ങൾ തിരഞ്ഞെടുക്കുന്നതിൽ ആ താരത്തിനുളള പ്രാഗല്ഭ്യം എടുത്തു പറയേണ്ടതാണ്. വ്യത്യസ്തമായ ഈ കഥാപാത്രവും താരം വളരെ പക്വതയോടെ അവതരിപ്പിച്ചിരുന്നു. ചിത്രത്തിലെ ഓരോ സീനുകൾ കഴിയുംതോറും ആ കഥാപാത്രത്തിന്റെ സ്വഭാവത്തിന്റെ ആഴം പ്രേക്ഷകമനസ്സിൽ വ്യക്തമായി പതിയുന്നു. തന്റെ ലക്ഷ്യപ്രാപ്തിക്കായി ഏതറ്റവും വരെ പോകുന്ന ആ കഥാപാത്രത്തിന്റെ ഓരോ ഭാവത്തെയും വളരെ സൂക്ഷമതയോടെയും കൃത്യതയോടെയും ആ താരം അവതരിപ്പിച്ചിരിക്കുന്നു.

പോലിസുദ്യോഗസ്ഥനായ ചന്ദ്രശേഖരനെ അവതരിപ്പിച്ച അലൻസിയറും മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളും തങ്ങളുടെ ഭാഗം വളരെ ആത്മാർത്ഥതയോടെ അവതരിപ്പിച്ചിരിക്കുന്നു.

കാസർഗോട്ടിന്റെ വേനൽകാല അവസ്ഥയും സോളാർ പാടങ്ങളും യാഥാർത്ഥ്യത്തോട് ചേർന്നു നില്ക്കും വിധത്തിൽ രാജീവ് രവി തന്റെ ക്യാമറയിൽ ഒപ്പിയെടുത്തിരിക്കുന്നു. ബിജിബാലിന്റെ സംഗീതം ചിത്രത്തോട് ചേർന്നു നില്ക്കുന്നുണ്ടെങ്കിലും മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലെ അത്രത്തോളം മികച്ചതായി അനുഭവപ്പെട്ടില്ല.

വളരെ ചെറിയൊരു ആശയത്തെ രണ്ടു മണിക്കുർ 15 മിനുറ്റ്  ദൈർഘ്യമുള്ള ചലച്ചിത്രമാക്കുന്നതിൽ തിരക്കഥാകൃത്തിനുള്ള പങ്ക് ചെറുതല്ല. യാഥാർത്ഥ്യത്തോട് ചേർന്നു നില്ക്കുന്നതും എന്നാൽ പ്രേക്ഷകരെ രസിപ്പിക്കുന്ന നർമ്മരസങ്ങളോടു കൂടിയ തിരക്കഥയൊരുക്കിയ സജീവ് പാഴൂർ അഭിനന്ദനം അർഹിക്കുന്നു. ദിലീഷ് പോത്തനും ക്രിയേറ്റീവ് ഡയറക്ക്റ്ററായ ശ്യാം പുഷ്കരും തമ്മിലുളള കൂട്ടുക്കെട്ടിൽ മാത്രം കാണാവുന്ന ഒരു മാന്ത്രിക രസക്കുട്ട് മഹേഷിന്റെ പ്രതികാരത്തിലെന്നപ്പോലെ ഈ ചിത്രത്തിലും കാണാൻ സാധിക്കും. കഥാപാത്രത്തിന്റെ സ്വഭാവത്തിന്റെ വളരെ സൂക്ഷമമായ മാറ്റങ്ങൾ പോലും വളരെ കൃത്യതയോടെയും പ്രേക്ഷകരെ രസിപ്പിക്കുന്ന വിധത്തിലും അവതരിപ്പിക്കുന്നതിൽ അവർ വിജയിച്ചിരിക്കുന്നു.

വളരെ ചെറിയ ആശയത്തിലും പ്രേക്ഷകരെ ആകർഷിക്കാൻ പോന്ന ചിത്രങ്ങൾ ഒളിഞ്ഞിരുപ്പുണ്ടെന്ന വീക്ഷണം ദിലീഷ് പോത്തനെന്ന സംവിധായകനെ മറ്റുള്ളവരിൽ നിന്നും വിത്യസ്തനാക്കുന്നു. ചെറിയ കാര്യങ്ങളിലും ആരും കാണിക്കാത്ത പലതും അദ്ദേഹം കാണിച്ചുതരുന്നു. ദിലീഷ് പോത്തൻ എന്ന സംവിധായകനിൽ നിന്നും ഇനിയും ലളിതവും യാഥാർത്ഥ്യത്തോട് ചേർന്നു നില്ക്കുന്നതുമായ അദ്ഭുതങ്ങൾ കാണാൻ സാധിക്കുമെന്ന ഉറപ്പ് ഈ ചിത്രം പ്രേക്ഷകർക്ക് സമ്മാനിക്കുന്നു.

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.