Don't Miss
 

 

ഒരു ഹോളിഡേ ടൈംപാസ്

നിധിന്‍ ഡേവിസ് | July/20/2017
image

ഒരു ഹോളിഡേ മൂഡിൽ ഫാമിലിയുമൊത്തു കാണാവുന്ന ചെറുചിത്രമാണ് സൺഡേ ഹോളിഡേ. ആത്മസംഘർഷങ്ങളുടെ വേലിയേറ്റങ്ങളും ഉദ്വേഗമുഹൂർത്തങ്ങളുടെ പിരിമുറുക്കങ്ങളുമില്ലാതെ തീർത്തും ശാന്തമായിരുന്നു കാണാവുന്ന ഒരു ചിത്രം.

ഉണ്ണി മുകുന്ദൻ എന്ന ഒരു കോളേജധ്യാപകൻ ഞായറാഴ്ച്ച നടത്തുന്ന സ്പെഷൽ ക്ലാസിലുടെയാണ് ചിത്രം തുടങ്ങുന്നത്. ക്ലാസ് തീർത്ത് സ്റ്റാഫ് മുറിയിലെത്തുന്ന അദ്ദേഹത്തിന് ഒരു കോൾ വരുന്നു. ഡയറക്ടർ ഡേവിഡ് പോളിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നു. സിനിമാലോകം ജീവിതലക്ഷ്യമായി കണ്ടിരുന്ന ആ അധ്യാപകന് തന്റെ മനസിലുള്ള കഥയറിയിക്കാനുള്ള ഒരു സന്ദർഭം കൈവന്നതായി അനുഭവപ്പെടുന്നു. തുടർന്നു ആശുപത്രിയിൽ എത്തി ആ ഡയറക്ടറോട് കഥ പറയാൻ ശ്രമിക്കുന്നു. തുടക്കത്തിൽ കഥ കേൾക്കുന്നതിന് വിമുഖത കാണിച്ച ആ സീനിയർ സംവിധായകൻ പിന്നീട് സമ്മതിക്കുന്നു. തുടർന്നു ആ അധ്യാപകൻ പറഞ്ഞു കൊടുക്കുന്ന കഥയാണ് ചിത്രത്തിനിതിവൃത്തം.

ഒരു തിരക്കഥാകൃത്ത് സംവിധായകനോട് പറയുന്ന കഥയായതിനാൽ ആ കഥയിലെ കുറവുകളെ ഒരു സിനിമാക്കഥ എന്ന ലാഘവത്തോടെ തള്ളി നീക്കാവുന്നതാണ്. സംഘർഷങ്ങളുണ്ടാകുന്ന ഓരോ സന്ദർഭങ്ങളിലും ലഹരിയോ പണമോ അതിന് മൂലകാരണമാകുന്നുവെന്ന് ചിത്രം കാണിച്ചുതരുന്നു. മനുഷ്യർ സ്വതവേ പാവങ്ങളാണെന്ന ആശയമാണ് ചിത്രം പങ്കുവെയ്ക്കുന്നത്. അതുകൊണ്ടുതന്നെ അതിന് വിഭിന്നമായ സംഘർഷങ്ങൾ നിറഞ്ഞ സാഹചര്യങ്ങളിൽ നിന്നും വളരെ പെട്ടെന്ന് തന്നെ ചിത്രം വഴി മാറി സഞ്ചരിക്കുന്നു. അതിനായി കഥാപാത്രങ്ങളെല്ലാം തങ്ങളുടെ മാനസിക സംഘർഷങ്ങളെ പെട്ടെന്ന് തന്നെ കൈവെടിഞ്ഞ് അതിന് കാരണഭുതരായവരുമായി രമ്യത്തിലാകുന്നു. സിനിമയ്ക്കുള്ളിലെ ഒരു സിനിമാകഥയായതിനാൽ അങ്ങനെയെളുപ്പത്തിൽ മാറുന്നതിൽ പ്രേക്ഷകർക്ക് അത്ര രസക്കേടനുഭവപ്പെടില്ല.

ഉണ്ണി മുകുന്ദൻ എന്ന കോളേജധ്യാപകന്റെ വേഷമാണ് ശ്രീനിവാസൻ ചെയ്തിരിക്കുന്നത്. അഴകിയ രാവണനിലും, ചിറകൊടിഞ്ഞ കിനാവുകളിലും ശ്രീനിവാസൻ തന്നെ ചെയ്ത തിരക്കഥ പറയാൻ വരുന്ന അൻബുജാക്ഷൻ എന്ന കഥാപാത്രത്തെ ഓർമ്മപ്പെടുത്തുന്നുണ്ടെങ്കിലും കോളേജധ്യാപകനായ ഈ കഥാപാത്രം കുറച്ചുക്കൂടി പക്വത നിറഞ്ഞതാണ്. ഡയറക്ടർ ഡേവിഡ് പോളായി അഭിനയിക്കുന്നത് ലാൽ ജോസാണ്. ഈ കാലഘട്ടത്തിലെ സംവിധായകരുടെ ചിത്രങ്ങളിലെ ഒരു സ്ഥിരം ‘സംവിധായക'നായി ലാൽ ജോസ് മാറിയിരിക്കുന്നു.

ഉണ്ണി മുകുന്ദൻ എന്ന കഥാപാത്രം പറയുന്ന തിരകഥയിലെ നായകനായ അമൽ എന്ന കഥാപാത്രത്തെയാണ് ആസിഫ് അലി അവതരിപ്പിച്ചിരിക്കുന്നത്. തന്റെ മുൻകാലചിത്രങ്ങളിലേതിനോട് സമാനമായ ഈ കഥാപാത്രം ആസിഫ് അലിയെന്ന നടന്റെ കൈകളിൽ ഭദ്രമായിരുന്നു. പക്ഷേ അപർണ്ണ ബാലമുരളി അവതരിപ്പിച്ച നായിക കഥാപാത്രം ചിലപ്പോഴെങ്കിലും ആ നടിക്ക് യോജിക്കാത്തതായി അനുഭവപ്പെട്ടു.

മറ്റു താരങ്ങളായ കെ പി എ സി ലളിത, സുധീർ കരമന, ധർമ്മജൻ, ആശാ ശരത് എന്നിവരെല്ലാം തങ്ങൾക്ക് ലഭിച്ച വേഷം ഭംഗിയായി ചെയ്തിരിക്കുന്നു. സിദ്ദിഖ് പതിവ്പ്പോലെ തനിക്ക് ലഭിച്ച വേഷം ഗംഭീരമാക്കി. ദീപക് ദേവിന്റെ സംഗീതം ചിത്രത്തോട് യോജിച്ച് നില്ക്കുന്നു.

ബൈസിക്കൾ തീവ്സ് എന്ന ചിത്രത്തിന് ശേഷം ജിസ് ജോയി ഒരുക്കിയ ഈ ചിത്രം പ്രേക്ഷകരെ അദ്ഭുതപ്പെടുത്തിലെങ്കിലും ഒരിക്കലും നിരാശപ്പെടുത്തില്ല. ഓരോരോ സന്ദർഭങ്ങൾ കോർത്തിണക്കിയ തിരക്കഥ പ്രേക്ഷകരെ മുഷിപ്പിക്കില്ല. പക്ഷേ ചിത്രത്തിലേ സംഭാഷണങ്ങൾ പലപ്പോഴും അതീനാടകീയമായി അനുഭവപ്പെട്ടു. ചിത്രത്തിൽ പറയാൻ പാകത്തിലുള്ള പോരായ്മകൾ പലയിടത്തും അനുഭവപ്പെട്ടെങ്കിലും സിനിമയ്ക്കുള്ളിലെ സിനിമാക്കഥയിലെ ആ കുറവുകളെ ഗണ്യമായി പരിഗണിക്കുന്നില്ല. പ്രേക്ഷകർക്ക് പുതുമകൾ ഒന്നും സമ്മാനിക്കുന്നില്ലെങ്കിലും വിശ്രമവേളയിൽ കുടുംബവുമൊന്നിച്ച് ഒരു നേരമ്പോക്കിനായി പോകുന്നവർക്ക് നിരാശ സമ്മാനിക്കില്ല ഈ ശരാശരി ചിത്രം.

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.