Don't Miss
 

 

വിജയലീല

നിധിന്‍ ഡേവിസ് | October/16/2017
image

ഏറെ നാളത്തെ കാത്തിരുപ്പുകൾക്കും വിവാദങ്ങൾക്കുമൊടുവിൽ ഇറങ്ങിയ ഏറ്റവും പുതിയ ദിലീപ് ചിത്രമാണ് രാമലീല. സമീപകാല ദിലീപ് ചിത്രങ്ങളിൽ ഭേദപ്പെട്ട ഒന്നാണ് ഈ ചിത്രം.

കുറ്റാരോപിതനായ ഒരു ജനപ്രതിനിധിയുടെ വിജയത്തിനായുള്ള പോരാട്ടമാണ് ഈ ചിത്രത്തിനിതിവൃത്തം.

സ്വന്തം പാർട്ടിയിൽ നിന്നും കൂറുമാറി മറ്റൊരു പാർട്ടിയിൽ കയറിക്കൂടി സ്വന്തം ലക്ഷ്യങ്ങൾ പൂർത്തീകരിക്കാനൊരുങ്ങന്ന രാമനുണ്ണി എന്ന കേന്ദ്രകഥാപാത്രത്തെയാണ് ദിലീപ് ഈ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. ദിലീപ് ചെയ്തതിൽ ഏറ്റവും ഗൗരവക്കാരനായ കഥാപാത്രമാണ് രാമനുണ്ണി. ദിലീപ് ഈ കഥാപാത്രത്തെ വളരെ മികവാർന്ന രീതിയിൽ അവതരിപ്പിച്ചിരിക്കുന്നു.

പ്രയാഗ മാർട്ടിൻ അവതരിപ്പിച്ച ഹെലെന എന്ന കഥാപാത്രവും വളരെ മികച്ചു നില്ക്കുന്നു. പ്രയാഗ മാർട്ടിന്റെ മുൻകാലചിത്രങ്ങളിൽ നിന്നു വിത്യസ്തമായ അല്പം ബോൾഡ് ആയ കഥാപാത്രമാണ് ഹെലെന. ആ കഥാപാത്രത്തിന് യോജിച്ച വിധത്തിലുള്ള പ്രകടനം തന്നെയാണ് ആ നടി കാഴ്ചവെച്ചിരിക്കുന്നത്.

തോമസ് ചാക്കോ എന്ന കഥാപാത്രത്തെയാണ് കലാഭവൻ ഷാജോൺ കൈകാര്യം ചെയ്തിരിക്കുന്നത്. ചിത്രത്തിലെ ഹാസ്യം പൂർണ്ണമായും ഷാജോണാന് കൈകാര്യം ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ ആദ്യ പകുതിയിൽ നിലനിന്നിരുന്ന ഗൗരവസ്വഭാവത്തിൽ നിന്നും പ്രേക്ഷകരിലേക്ക് ഹാസ്യം നിറഞ്ഞ രണ്ടാം പകുതി സമ്മാനിച്ചത് ഷാജോണിന്റെ മികവാർന്ന പ്രകടനമാണ്.

സിദ്ദിഖ്, വിജയരാഘവൻ, മുകേഷ്, രാധികാ ശരത്കുമാർ, സുരേഷ് കൃഷ്ണ എന്നീ താരങ്ങളെല്ലാം തങ്ങളുടെ മുൻകാലചിത്രങ്ങളിലെപോലെ മികവാർന്ന പ്രകടനമാണ് ചിത്രത്തിൽ കാഴ്ച്ചവെച്ചിരിക്കുന്നത്.

ഗോപി സുന്ദറുടെ സംഗീതവും പശ്ചാത്തല സംഗീതവും ചിത്രത്തിന് ഒരു ത്രില്ലർ സ്വഭാവം സമ്മാനിക്കുന്നു. ഷാജി കുമാറിന്റെ ഛായാഗ്രാഹണവും പ്രേക്ഷകമനസ്സിൽ ചിത്രത്തിന്റെ ഉദ്ദ്വേഗം നിറഞ്ഞ നിമിഷങ്ങൾ ആഴത്തിൽ പതിപ്പിക്കുന്നു.

റൺ ബേബി റണിനുശേഷം സച്ചി ചെയ്ത ത്രില്ലർ തിരക്കഥയാണ് രാമലീല. ത്രിലർ സിനിമകളിൽ തന്റെതായ സ്ഥാനമുറപ്പിക്കാൻ ഈ തിരക്കഥാകൃത്തിനു സാധിച്ചിരിക്കുന്നു. പ്രേക്ഷക മനസ്സുകളെ ഒരു നിമിഷം പോലും ബോറടിപ്പിക്കാത്ത തിരക്കഥ ആളുകളെ തീർത്തും രസിപ്പിക്കുന്ന ഒന്നാണ്. നവാഗതനായ അരുൺ ഗോപി തന്റെ കന്നിചിത്രം വളരെ മികവാർന്ന രീതിയിൽ അവതരിപ്പിച്ചിരിക്കുന്നു. പരിചയസമ്പന്നനായ ഒരു സംവിധായകന്റെ ചിത്രമെന്ന് തോന്നിപ്പിക്കും വിധം മികവിൽ ഈ യുവ സംവിധായകൻ ചിത്രം ചെയ്തിരിക്കുന്നു. ഇത്രയും വിവാദങ്ങൾക്കിടയിലും വൻ വിജയം നേടിയെടുത്ത അരുൺ ഗോപിയെന്ന സംവിധായകനിൽ തീർത്തും പ്രതീക്ഷയർപ്പിക്കാം.

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.