Don't Miss
 

 

ഹാസ്യം നിറച്ച് പ്രേതം

നിധിന്‍ ഡേവിസ് | August/20/2016
image

സു സു സുധിവാത്മീകത്തിനുശേഷം രഞ്ജിത്ത് ശങ്കറും ജയസൂര്യയും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് പ്രേതം. സാധാരണ പ്രേതചിത്രങ്ങളിൽ നിന്നു വിഭിന്നമായി ഭയത്തേക്കാൾ ഹാസ്യത്തിന് പ്രാധാന്യം കൊടുത്തിട്ടുള്ള ഈ ചിത്രം കണ്ടിരിക്കാവുന്ന ഒന്നാണ്.

ഡെനി കൊക്കൻ, പ്രിയലാൽ, ഷിബു മജീദ് എന്നീ മൂവർ സംഘത്തിലൂടെയാണ് ചിത്രം ആരംഭിക്കുന്നത്. കലാലയജീവിതം മുതൽ സുഹൃത്തുക്കളായ ഈ മൂവർ സംഘം തങ്ങളുടെ സമ്പാദ്യമെല്ലാം ചേർത്തുവച്ച് ഒരു റിസോർട്ട് വാങ്ങിക്കുന്നു. അതിനുശേഷം അവിടെ താമസമാക്കിയ അവർക്ക് നാൾക്കുനാൾ പലവിധത്തിലുള്ള അനിഷ്ട്ടസംഭവങ്ങളും കാണനിടവരുന്നു. ഈവിധ അനിഷ്ട്ടസംഭവങ്ങളിൽ നിന്നും രക്ഷ നേടാനായി അവർ ജോൺ ഡോൺ ബോസ്കോ എന്ന മെൻ്റലിസ്റ്റിൻ്റെ  സഹായം തേടുന്നു. തുടർന്നുണ്ടാകുന്ന രസകരമായ സംഭവികാസങ്ങളാണ് ചിത്രത്തിൻ്റെ ഇതിവൃത്തം.

ജോൺ ഡോൺ ബോസ്കോയെന്ന മെൻ്റലിസ്റ്റായി ജയസൂര്യ വളരെ വിത്യസ്തമായ ഗെറ്റപ്പോടെയാണ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. ആ  ഗെറ്റപ്പുകൊണ്ടും പ്രകടനം കൊണ്ടും ജയസൂര്യ തൻ്റെ കഥാപാത്രം വളരെ ജീവസുറ്റതാക്കി. മുവർ സംഘത്തെ അവതരിപ്പിച്ച അജു വർഗ്ഗീസ്, ഗോവിന്ദ് പത്മസൂര്യ, ഷറഫുദിൻ എന്നിവരെല്ലാം കഥാപാത്രങ്ങളോട് യോജിച്ചു നില്ക്കുന്നു. ഈ കഥാപാത്രങ്ങൾക്കിടയിലുള്ള നർമ്മരസം നിറഞ്ഞ മുഹൂർത്തങ്ങളാണ് ചിത്രത്തിൻ്റെ നട്ടെല്ല്. അതിൽ തന്നെ ഷറഫുദിൻ്റെ റോൾ വളരെ മികച്ചു നില്ക്കുന്നു. തിയറ്ററിൽ കൂടുതൽ കൈയടി ലഭിക്കുന്നതും ആ താരത്തിനാണ്.

ഒരു പ്രേതചിത്രത്തിനുവേണ്ട അന്തരീക്ഷം സൃഷ്ടിക്കുന്നുണ്ടെങ്കിലും പ്രേക്ഷകരെ പേടിപ്പിക്കാൻ രഞ്ജിത്ത് ശങ്കർ എന്ന സംവിധായകൻ ഉദ്ദേശിക്കുന്നില്ല. പക്ഷേ രഞ്ജിത്ത് ശങ്കറിൻ്റെ കരിയറിലെ മികച്ച ചിത്രമാവാനുള്ള ശേഷി ഈ ചിത്രത്തിനില്ല. രഞ്ജിത്തിൻ്റെ തന്നെ മുൻകാലചിത്രങ്ങളുടെ തിരക്കഥയുടെ അത്രയും കൃത്യതയാർന്നതല്ല ഈ ചിത്രത്തിൻ്റെ തിരക്കഥ. ഹാസ്യം നിറഞ്ഞ ഭാഗങ്ങൾ മികച്ചു നില്ക്കുന്നുണ്ടെങ്കിലും കഥയും അതിനോടനുബന്ധിച്ച സീനുകളും ചിത്രത്തിൽ നിന്നു വേറിട്ടു നില്ക്കുന്നതായി അനുഭവപ്പെട്ടു. കഥാഖ്യാനം തുടങ്ങുന്നതു മുതൽ ചിത്രത്തിൽ അതുവരെയുണ്ടായിരുന്നവരെ അപ്രത്യക്ഷരാക്കികൊണ്ട് പുതിയ താരങ്ങൾ പ്രത്യക്ഷപ്പെട്ടു തുടങ്ങി. അത്രയും നേരംകൊണ്ട് വികസിപ്പിച്ചെടുത്ത കഥാന്തരീക്ഷവുമായി ഒട്ടും യോജിക്കാത്ത കഥ ഒരല്പം രസംകൊല്ലിയായി അനുഭവപ്പെട്ടു. 

മലയാളസിനിമയിൽ അത്രകണ്ട് പരിചതമല്ലാത്ത മെൻ്റലിസ്റ്റ് എന്ന വിഭാഗത്തെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തുകയെന്നതായിരുന്നു സംവിധായകൻ്റെ ലക്ഷ്യമെന്ന് തോന്നി. മെൻ്റലിസ്റ്റ് എന്ന വിഭാഗത്തിൻ്റെ രീതികളും എതെങ്ങനെ ഉപയോഗപ്പെടുത്താമെന്നും വളരെ വ്യക്തമായി രഞ്ജിത്ത് ശങ്കർ കാണിച്ചു തരുന്നു. എന്നാൽ അതുമാത്രം കാണിച്ച് പ്രേക്ഷകരെ ചിത്രത്തിൽ നിന്നകറ്റുന്നില്ല. കഥയിലും തിരക്കഥയിലും ഒരല്പം കൂടി ശ്രദ്ധിച്ചിരുന്നെങ്കിൽ മികച്ചതായെന്നെ ഈ ചിത്രം. ഇങ്ങനെയൊക്കെയാണെങ്കിലും ഹാസ്യം നിറച്ച അവതരണം പ്രേക്ഷകമനസ്സിനെ തൃപ്തിപ്പെടുത്തുന്നതാണ്.  അതുകൊണ്ടുത്തനെ പ്രേതം കണ്ടിരിക്കാവുന്ന ഒരു ചിത്രമാണ്.

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.