Don't Miss
 

 

പ്രേമം : വിജയ സുമങ്ങളിലെ തേൻ നുകർന്ന്

നിധിന്‍ ഡേവിസ് | July/7/2015
image

മലയാള സിനിമാ ചരിത്രത്തിൽ പ്രേമം പ്രമേയമായുള്ള ഒരുപ്പാട് ചിത്രങ്ങൾ വന്നിട്ടുണ്ട്. എന്നാൽ വേറിട്ട അവതരണവും താരങ്ങളുടെ കാസ്റ്റിങ്ങിലെ പുതുമ കൊണ്ടും ഈ ചിത്രം മലയാള സിനിമ കണ്ട എറ്റവും വലിയ വിജയചിത്രങ്ങളുടെ പട്ടികയിൽ ഇടം പിടിച്ചിരിക്കുന്നു. പ്രേക്ഷകരെ ആകർഷിക്കുന്ന കഥാസന്ദർഭങ്ങളും നർമ്മരസം തുളുമ്പുന്ന സീനുകളും ഈ ചിത്രത്തിൻ്റെ ആസ്വാദനത്തിന് മോടി കൂട്ടുന്നു.

ജോർജ് ഡേവിഡ് എന്ന വ്യക്തിയുടെ കൗമാരകാലം മുതൽ വിവാഹിതനാകുന്നതുവരെയുള്ള കാലഘട്ടത്തിലെ വിവിധ പ്രേമനുഭവങ്ങളാണ് ചിത്രത്തിൻ്റെ പ്രമേയം. ഒരു ആകർഷണമെന്നതിനപ്പുറം ഒന്നുമാകാതെ പോകുന്ന ആദ്യ പ്രേമവും, ആത്മാർത്ഥത നിറഞ്ഞ രണ്ടാമത്തെ പ്രേമവും, വിജയം വരിക്കുന്ന മൂന്നാമത്തെ പ്രേമവുമാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്.

തൊണ്ണൂറുകളിലെ കൗമാരക്കാരുടെ ജീവിതത്തിലെ നിരവധിയനുഭവങ്ങൾ ചിത്രത്തിൽ ആവിഷ്കരിച്ചിട്ടുണ്ട്. ആയതിനാൽ ആ കാലഘട്ടത്തിലൂടെ കടന്നുപോയവർക്ക് തീർച്ചയായും ഒരു തിരിഞ്ഞുനോട്ടം തന്നെയാണ് ഈ ചിത്രം. 1983യിലും ഓം ശാന്തി ഓശാനയിലും ഈ കാലഘട്ടങ്ങൾ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും ഈ ചിത്രത്തിലെ സന്ദർഭങ്ങളും പ്രേക്ഷകർക്ക് പുതുമ സമ്മാനിക്കുന്നുണ്ട്.

താരനിർണ്ണയം തന്നെയാണ് ഈ ചിത്രത്തിൻ്റെ വിജയത്തിനുള്ള പ്രധാനഘടകം. നിവിൻ പോളിയെന്ന നടൻ്റെ കരിയറിലെ എടുത്തു പറയുന്ന ചിത്രങ്ങളിൽ ഒന്നു തന്നെയാകും ഈ ചിത്രം. കൗമാരക്കാലം മുതൽ ഒരു യുവാവുന്നതുവരെയുളള ജോർജിൻ്റെ ജീവിതം നിവിൻ വളരെ ഭംഗിയായി അവതരിപ്പിച്ചിട്ടുണ്ട്. സമീപകാല ചിത്രങ്ങളെല്ലാം തന്നെ വിജയിച്ച ഈ നടൻ്റെ താരപദവി ഈ ചിത്രത്തിലൂടെ ഉറപ്പിക്കപ്പെടും എന്നു വേണം കരുതാൻ. വിജയചിത്രങ്ങളുടെ തോഴനായ ഈ നടൻ്റെ ചിത്രങ്ങളിൽ മലയാളികൾക്ക് വിശ്വസ്തതയോടെ പ്രതീക്ഷയർപ്പിക്കാം.

മൂന്ന് പുതുമുഖ നായികമാരാണ് ചിത്രത്തിലുള്ളത്. ചിത്രത്തിൻ്റെ റിലീസിങ്ങിനു മുൻപേ പാട്ടിലൂടെയും പോസ്റ്റ്റിലൂടെയും ശ്രദ്ധിക്കപ്പെട്ട അനുപമ പരമേശ്വർ എന്ന നായികക്ക് കൂടുതലായി ഒന്നും തന്നെ ചിത്രത്തിൽ ഉണ്ടായിരുന്നില്ല. സായ് പല്ലവി അവതരിപ്പിച്ച മല്ലർ എന്ന തമിഴ് അദ്ധ്യാപികയുടെ വേഷം വളരെ മികവുറ്റതായി. സെലീൻ്റെ വേഷം അവതരിപ്പിച്ച മഡോണയും തൻ്റെ ഭാഗം ഭംഗിയായി ചെയ്തിട്ടുണ്ട്.

വിനയ് ഫോർട്ട് അവതരിപ്പിച്ച അദ്ധ്യാപകൻ്റെ വേഷമാണ് എടുത്ത് പറയേണ്ട മറ്റൊരു പ്രകടനം. നർമ്മരസം നിറഞ്ഞ ആ കഥാപാത്രം വിനയ് എന്ന നടനിലെ മറ്റൊരു വശം നമുക്ക് കാണിച്ചു തരുന്നു. ശബരീഷ്, കിച്ചു, അല്ത്താഫ്, വില്സണ് ജോസഫ് എന്നീ താരങ്ങളും അവരുടെ കഥാപാത്രങ്ങളെ വളരെ മികച്ചതായി അവതരിപ്പിച്ചിട്ടുണ്ട്. സംവിധായകരായ രൺജി പണിക്കരും ജുഡ് ആൻ്റണിയും അല്പനേരമെയുള്ളൊവെങ്കിലും കൈയടി നേടുന്നുണ്ട്.

അൽഫോൺസ് പുത്രൻ്റെ ആദ്യ ചിത്രമായ നേരത്തിൻ്റെ വിജയത്തിനുശേഷം വന്ന ഈ ചിത്രവും വിജയമാവർത്തിക്കുന്നതിൽ ഒട്ടും തന്നെ അദ്ഭുതപ്പെടാനില്ല. തീർച്ചയായും പ്രേക്ഷകരെ കൈയിലെടുക്കാൻ പാകത്തിലുള്ള മാർക്കറ്റിങ്ങ് തന്ത്രങ്ങൾ ധാരാളമായി തന്നെ അദ്ദേഹത്തിൻ്റെ കൈയിലുണ്ട്. ചിത്രത്തിനു മുൻപേ റിലീസ്സായ പാട്ടുകളും പോസ്റ്ററുകളും അത് വ്യക്തമായി സൂചിപ്പിക്കുന്നു. സിനിമയിലുള്ള രൺജി പണിക്കരുടെ സീനും പ്രേക്ഷകരുടെ കൈയടിക്കുവേണ്ടി മാത്രം രചിച്ചതാണ് തികച്ചും വ്യക്തമാണ്. അങ്ങനെ പ്രേക്ഷകരെ മാത്രം മുന്നിൽ കണ്ടെഴുതിയ സീനുകൾ ഈ ചിത്രത്തെ ഒരു മികച്ച എൻ്റർടെയ്നർ ആക്കി നിലനിർത്തുന്നു. 

ഇങ്ങനെയൊക്കെയാണെങ്കിലും ചിത്രത്തിൻ്റെ ദൈർഘ്യം ഒരല്പം മടുപ്പുള്ളവാക്കുന്നുണ്ട്. മുന്നാമത്തെ പ്രണയം ഒരല്പം നീളം കൂടുതലായി തോന്നി. ആ പ്രണയത്തിനിടയ്ക്കുള്ള 'അവൾ വേണ്ട്രാ' എന്ന് തുടങ്ങുന്ന ഗാനവും അല്പം ബോറായി തോന്നി. ഇങ്ങനെയൊക്കെയാണെങ്കിലും പ്രേക്ഷകരെ തീർച്ചയായും രസിപ്പിക്കുന്ന ചിത്രം തന്നെയാണ് പ്രേമം. അതുകൊണ്ടു തന്നെയാണ് വ്യാജ പതിപ്പ് ഇറങ്ങിയിട്ടുപ്പോലും ഈ ചിത്രം തിയ്യറ്ററുകളിൽ നിറഞ്ഞൊടുന്നത്. കാണാത്തവർ ഇനിയുമുണ്ടെങ്കിൽ വ്യാജനുവേണ്ടി കാത്തു നില്ക്കാതെ തിയ്യറ്ററിൽ പോയി തന്നെ ഈ ചിത്രം കാണണം. മാസ്സ് ഓഡിയൻസിനൊപ്പം ആസ്വദ്ധിക്കാൻ സാധിക്കുന്ന നിരവധി മുഹുർത്തങ്ങൾ ഈ ചിത്രത്തിൽ ഒരുക്കിയിട്ടുണ്ട്.

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.