Don't Miss
 

 

പിക്കെറ്റ് 43 : പിക്കെറ്റ് 43 ക്ക് ടിക്കെറ്റ് എടുക്കാം

നിധിന്‍ ഡേവിസ്  | February/16/2015
image

പൃഥ്വിരാജ് - മേജര്‍ രവി കൂട്ടുകെട്ടില്‍ പിറന്ന പിക്കെറ്റ് 43 സമീപകാല മേജര്‍ രവി ചിത്രങ്ങളില്‍ ഭേദപ്പെട്ട ഒന്നാണ്. അതുകൊണ്ട് തന്നെ തീര്‍ച്ചയായും കാണാം ഈ പട്ടാളചിത്രം. പതിവ് മേജര്‍ രവി ചിത്രങ്ങളില്‍ നിന്നും വിഭിന്നമായി ഒരു പട്ടാളക്കാരന്‍റെ മാനസികസംഘര്‍ഷങ്ങളിലൂടെ സഞ്ചരിച്ച ഇതിലെ കഥാകഥനരീതി ഈ ചിത്രത്തെ ശരാശരിക്കു മുകളില്‍ നിര്‍ത്തുന്നുണ്ട്.

ഇന്ത്യ-പാകിസ്താന്‍ അതിര്‍ത്തിയില്‍ തുടര്‍ച്ചയായി നുഴഞ്ഞുകയറ്റം സംഭവിക്കുന്ന കാശ്മീര്‍ മേഖലയിലെ അതിര്‍ത്തിപോസ്റ്റായ പിക്കറ്റ്-43യില്‍ ചുമതലയ്ക്കു നിയോഗിക്കിപ്പെടുന്ന ഹവില്‍ദാര്‍ ഹരീന്ദ്രന്‍ നായര്‍ എന്ന പൃഥ്വിരാജ് അവതരിപ്പിക്കുന്ന കഥാപാത്രവും, അതിര്‍ത്തിക്കപ്പുറം നിയമിതനായിട്ടുള്ള പാകിസ്ഥാൻ റേഞ്ചർ മുഷാറഫ് ഖാന്‍ എന്ന ജാവേദ് ജഫ്രി അവതരിപ്പിക്കുന്ന കഥാപാത്രവും തമ്മിലുള്ള സൗഹൃദത്തിന്റെ കഥയാണ്‌ പിക്കെറ്റ് 43 യിലൂടെ മേജര്‍ രവി അവതരിപ്പിക്കുന്നത്. തീവ്രവാദികളുടെ ആക്രമണത്തില്‍ വെടിയേറ്റ് വീണുകിടക്കുന്ന ഹരീന്ദ്രന്‍ നായരുടെ ഓര്‍മ്മകളിലൂടെയാണ് ചിത്രം പുരോഗമിക്കുന്നത്.

മേജര്‍ രവി ചിത്രങ്ങളുടെ പതിവ് ചെരുരവകള്‍ ഈ ചിത്രത്തില്‍ ഉണ്ടെങ്കിലും അതിന്‍റെ പ്രയോഗത്തില്‍ ഒരല്പം മിതത്വം പാലിക്കുന്നതില്‍ ഒരു സംവിധായകന്‍ എന്ന നിലയില്‍ മേജര്‍ വളരെയധികം ശ്രദ്ധിച്ചിട്ടുണ്ട്. ഹരീന്ദ്രന്‍ നായരുടെ കുടുംബത്തിന്‍റെ കഥ കണ്ടുമടുത്ത ഒരു പതിവ് ക്ലീഷേ ആയി. എങ്കിലും അതിര്‍ത്തിയിലെ ജീവിതത്തിനു മാത്രം പ്രാധാന്യം ഉന്നികൊണ്ടുള്ള തിരക്കഥ ആ മടുപ്പില്‍ നിന്നും നമ്മെ വളരെ പെട്ടന്ന് രക്ഷപ്പെടുത്തുന്നുണ്ട്. റേഞ്ചർ മുഷാറഫ് ഖാന്റെ കുടംബജീവിതം കാണിക്കുന്നത് വഴി പാകിസ്താനിലെ ജീവിതാവസ്ഥയെക്കുറിച്ച് ഒരു നേരിയ ധാരണ പ്രേക്ഷകന് നല്‍കുന്നുണ്ട്.

രൺജി പണിക്കരുടെ സംഭാഷണങ്ങള്‍ പലതും മുന്‍കാല മേജര്‍ രവി ചിത്രങ്ങളെ അനുസ്മരിപ്പിക്കുന്നതായിരുന്നു. പാക് സൈനികന്റെ വേഷമിട്ട ജാവേദ് ജഫ്രി മികച്ച പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്. കാശ്മീരിലെ മനോഹര ദൃശ്യങ്ങള്‍ ഒപ്പിയെടുത്ത ജോമോന്‍ ടി ജോണിന്റെ ക്യാമറ സിനിമയുടെ വിജയത്തില്‍ വലിയ പങ്കു വഹിക്കുന്നുണ്ട്.

ഒരു മികച്ച ചിത്രം എന്ന വിശേഷണത്തില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കില്ലെങ്കില്ലും ഒരു പട്ടാള ചിത്രം എന്ന നിലയില്‍ ഒരു മുഴുനീള യുദ്ധചിത്രത്തിന് ശ്രമിക്കാതെ ഒരു പട്ടാളക്കാരന്‍റെ മാനസികസംഘര്‍ഷങ്ങളിലൂടെ പറഞ്ഞ ഈ കഥ മേജര്‍ രവിയുടെ മുന്‍കാലചിത്രങ്ങളില്‍ നിന്നും മുന്പിട്ടു തന്നെ നില്‍ക്കുന്നുണ്ട്. അതുകൊണ്ട് തന്നെ തീര്‍ച്ചയായും പിക്കെറ്റ് 43 കാണാന്‍ ടിക്കെറ്റ് എടുക്കാം.

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.