Don't Miss
 

 

ലക്ഷ്യം കണ്ട് പത്തേമാരി

നിധിന്‍ ഡേവിസ് | October/24/2015
image

പ്രവാസിയുടെ ജീവിതം പ്രമേയമായ ചിത്രങ്ങൾ മലയാളികൾക്ക് പുത്തരിയല്ല. എന്നാൽ ഒരു പ്രവാസിയുടെ ജീവിതകഥ പറഞ്ഞ ഈ ചിത്രം പ്രവാസികളായി ഒരുപാട് പേരുള്ള മലയാളി പ്രേക്ഷകർക്ക് ഒരു പുതുമയായി. താത്പര്യമില്ലെങ്കിലും മറ്റുള്ളവർക്ക് വേണ്ടി ശ്യാമസുന്ദരമായ തൻ്റെ സ്വന്തം ഗ്രാമത്തിൽ നിന്നും ചുട്ടുപൊള്ളുന്ന മണലാരണ്യത്തിലേക്ക് ജീവൻ പോലും പണയപ്പെടുത്തി പത്തേമാരി കയറിയ അനേകം മലയാളികളിൽ ഒരുവൻ്റെ കഥ പറഞ്ഞ ഈ ചിത്രം പ്രേക്ഷകർക്ക് തങ്ങളിൽ ഒരുവൻ്റെ കഥയായി അനുഭവപ്പെട്ടു.

ദുബായ് ഒരു സ്വപ്നനഗരിയാകുന്നതിന് മുൻപേ തൻ്റെ കുടുംബത്തിൻ്റെ പ്രാരാബ്ദങ്ങൾ തീർക്കാനായി പത്തേമാരി കയറിയ പള്ളിക്കൽ നാരായണൻ്റെ കഥയാണ് ചിത്രം പറയുന്നത്. ഗൾഫുകാരിൽ സാമ്പത്തികലാഭം കൈവരിക്കാനാകാതെ പോയ അനേകം പേരുടെ പ്രതീകമാണ് പള്ളിക്കൽ നാരായണൻ. തൻ്റെ ആരോഗ്യവും അദ്ധ്വാനവും കുടുംബത്തിനായി മാറ്റിവച്ച അദ്ദേഹത്തിന് ജീവിതത്തിൽ വിജയിക്കാനകുന്നുണ്ടോ എന്നതാണ് ചിത്രത്തിൻ്റെ ഇതിവൃത്തം.

പളളിക്കൽ നാരായണനായി മമ്മുട്ടി വളരെ മികച്ച പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്. വളരെ മിതത്വം നിറഞ്ഞ ആ കഥാപാത്രം ആദ്യന്തം ഒരുപോലെ കൊണ്ടുപോകാൻ അദ്ദേഹത്തിന് സാധിച്ചിരിക്കുന്നു. ഈയടുത്ത കാലങ്ങളിൽ അദ്ദേഹത്തിന് ലഭിച്ച മികച്ച കഥാപാത്രമാണ് പള്ളിക്കൽ നാരായണൻ. മമ്മുട്ടി എന്ന താരത്തിൻ്റെ താരമൂല്യം ചൂഷണം ചെയ്യുന്നവരല്ലാതെ അദ്ദേഹത്തിൻ്റെ കഴിവുപയോഗിക്കാൻ മാത്രം കാമ്പുള്ള കഥാപാത്രങ്ങൾ സൃഷ്ടിക്കാൻ പോന്ന കഥാകൃത്തുകൾ വളരെ വിരളമായെ ഇന്നത്തെ മലയാളസിനിമയിലുള്ളു. കാമ്പുള്ള കഥാപാത്രങ്ങളെ സൃഷ്ടിച്ചാൽ ആ മഹാനടനിൽനിന്നും നമുക്കിനിയും അദ്ഭുതങ്ങൾ കാണാനാകും എന്നതിൻ്റെ ശുഭപ്രതീക്ഷയാണ് ഈ കഥാപാത്രം. മറ്റുള്ളവരുടെ സന്തോഷത്തിനായി, ആഗ്രഹങ്ങളും ആശകളും ഉള്ളിലൊതുക്കി കുടുംബത്തിനോടൊപ്പമുള്ള സന്തോഷങ്ങളുപെക്ഷിച്ച് ജീവിക്കുന്ന അമിതപ്രകടനങ്ങളില്ലാത്ത ഈ കഥാപാത്രത്തിൻ്റെ മാനസികാവസ്ഥ ചിത്രം കണ്ടിറങ്ങിയതിനുശേഷവും  പ്രേക്ഷകരോരുത്തരിലും ഒരു വിങ്ങലായി നിലകൊള്ളുന്നു. അതുതന്നെയാണ് ആ മഹാനടൻ്റെ വിജയവും.

ഒരു തുsക്കക്കാരിയുടെതെന്ന് ഒട്ടും തോന്നാത്ത പ്രകടനമാണ് ജുവൽ മേരിയും കാഴ്ച്ചവെച്ചിരിക്കുന്നത്. മറ്റു താരങ്ങളുടെ പ്രകടനങ്ങളും ചിത്രത്തിൽ മികച്ചു നില്ക്കുന്നു. അതിൽത്തന്നെ ജോയ് മാത്യു അവതരിപ്പിച്ച ചേട്ടൻ്റെ കഥാപാത്രവും സിദ്ധിഖ് അവതരിപ്പിച്ച വേലായുധൻ്റെ കഥാപാത്രവും എടുത്തു പറയേണ്ടതാണ്. മികച്ച സഹതാരങ്ങളുടെ സമ്പന്നത മലയാള സിനിമയ്ക്ക് ഇന്നും കൈമോശം വന്നിട്ടില്ലെന്ന് ഇവരുടെ പ്രകടനങ്ങൾ വ്യക്തമാക്കുന്നു.

മധു അമ്പാട്ടിൻ്റെ ഛായഗ്രഹണം മികച്ചു നില്ക്കുന്നു. കാലഘടങ്ങളുടെയും സാഹചര്യങ്ങളുടെയും വ്യത്യാസം കളറിംഗിലുള്ള വ്യത്യാസത്തിലൂടെ പ്രേക്ഷകമനസ്സിലെത്തിക്കാൻ അദ്ദേഹത്തിന് സാധിച്ചിരിക്കുന്നു. അതുകൊണ്ടു തന്നെ കാലഘട്ടവ്യത്യാസം ചിത്രീകരിക്കുന്നതിനുള്ള കലാസംവിധാനത്തിൻ്റെ ചിലവുച്ചുരുക്കാൻ ഇതുപകരിച്ചിരിക്കുന്നു. റസൂൽ പൂക്കുറ്റിയുടെ ശബ്ദമിശ്രണവും കൊള്ളാം. ബിജിപാലിൻ്റെ സംഗീതവും പശ്ചാത്തലസംഗീതവും ചിത്രത്തോട് ചേർന്നുനില്ക്കുന്നു.

ആ കാലഘട്ടത്തിൽ ജീവിച്ചുപോന്ന ഒരു ശരാശരി പ്രവാസിയുടെ എല്ലാവിധ പ്രശ്നങ്ങളും ഉൾപ്പെടുത്താൻ സലിം അഹമ്മദ് ഈ ചിത്രത്തിൽ ശ്രമിച്ചിരിക്കുന്നു. അതുകൊണ്ടുത്തനെ ഒരു കാലഘട്ടത്തിലെ പ്രശ്നങ്ങളെ മാത്രം പർവതീകരിക്കാതെ ആ പ്രാവാസിയുടെ ജീവിതത്തിലെ എല്ലാ കാലഘടങ്ങളിലെയും ഓരോതരം പ്രശ്നങ്ങളെ ഒരുമാത്ര മാത്രം കാണിച്ച് പ്രേക്ഷകന് ആ ജീവതാവസ്ഥ പകർന്നു നല്കുന്ന കഥാഖ്യാനരീതിയാണ് അദ്ദേഹമിവിടെ കൈകൊണ്ടിരിക്കുന്നത്. അതുകൊണ്ടു തന്നെ പ്രേക്ഷകർക്ക് കാലഘട്ടങ്ങളിലെ മാറ്റം വളരെപ്പെട്ടനാകുന്നപോലെ പലപ്പോഴും  അനുഭവപ്പെടുന്നു.അങ്ങനെയായിട്ടുപോലും ചില സന്ദർഭങ്ങളിൽ കുടുംബത്തിലെ ചില അവഗണനകൾ പ്രേക്ഷകർക്ക് കണ്ടുമടുത്ത മുൻകാലചിത്രങ്ങളെ ഓർമ്മിപ്പിക്കുന്നു. ആ ചിന്തകളിൽ നിന്നും പ്രേക്ഷകരെ  ഒരു പരിധിവരെ അകറ്റുന്നത് ഈ വേഗത്തിലുള്ള കാലഘട്ടങ്ങളുടെ വ്യതിയാനങ്ങളാണ്. പക്ഷേ ഇങ്ങനെയൊക്കെയാണെങ്കിലും പല സന്ദർഭങ്ങളിലും ഒരു ക്ലാസ്സ് ലെവലിൽ നിന്നും ഒരു കൊമേഴ്സ്യൽ  സിനിമാ ലെവലിലേക്ക് സിനിമ മാറുന്ന പോലെ തോന്നി. കല്യാണവീട്ടിൽ നിന്നും ആരും യാത്രയാക്കാനില്ലാതെയിറങ്ങുന്നതും ചെയ്ത സഹായം തിരിച്ചു ലഭിക്കുന്ന സാഹചര്യവും ഈ വിധമനുഭവപ്പെട്ട സീനുകൾക്കുദാഹരണങ്ങളാണ്.

പല സീനുകളുടെ വ്യഖ്യാനങ്ങളും കഥാപാത്രത്തിൻ്റെ മാനസികവസ്ഥകളും താരങ്ങളുടെയോ സഹതാരങ്ങളുടെയോ സംഭാഷണങ്ങളിലൂടെ വീണ്ടുവീണ്ടുമാവർത്തിച്ച് പ്രേക്ഷകമനസ്സിലെത്തിക്കാൻ സലിം അഹമ്മദ് ശ്രമിക്കുന്നതായി പലപ്പോഴും അനുഭവപ്പെട്ടു. പക്ഷേ ഇങ്ങനെയൊക്കെയാണെങ്കിലും പള്ളിക്കൽ നാരായണൻ എന്ന വൃക്തിയുടെ ജീവിതം പ്രേക്ഷമനസ്സിലെത്തിക്കുന്നതിൽ അദ്ദേഹം വിജയിച്ചിരിക്കുന്നു. അതുകൊണ്ടുതന്നെയാണ് ഇറങ്ങി ഇത്രയും ദിവസം പിന്നിട്ടിട്ടും ഒരു അവാർഡ് മൂവി എന്ന മുൻവിധിയോടെ വന്ന ഈ ചിത്രം ഇന്നും നിറഞ്ഞൊടുന്നത്. നല്ല ചിത്രങ്ങൾ ഇന്നും മലയാളി പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിക്കും എന്നതിനുത്തമ ഉദാഹരണമാണ് ഈ ചിത്രത്തിൻ്റെ വിജയം.

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.