Don't Miss
 

 

ഒരു വടക്കന്‍ സെല്‍ഫി : ആസ്വദിക്കാം ഈ സെല്‍ഫി

നിധിന്‍ ഡേവിസ് | March/30/2015
image

ഒരു വടക്കന്‍ സെല്‍ഫി എന്ന പേരില്‍ തന്നെ ഒരു ന്യൂ ജനറേഷന്‍ ഫീല്‍ ഉളവാക്കുന്ന ഈ ചിത്രം തീര്‍ച്ചയായും കുടുംബസമേതം കാണാവുന്ന ഒരു ന്യൂ ജനറേഷന്‍ ചിത്രം തന്നെയാണ്. സെല്‍ഫികളും ഗ്രൂപ്പികളും യുവമനസ്സുകളില്‍ തരംഗമായിരിക്കുന്ന ഈ കാലഘട്ടത്തിന് ഏറ്റവും അനുയോജ്യമായ കഥയാണ് ചിത്രം കൈകാര്യം ചെയുന്നത്. നര്‍മ്മരസത്തില്‍ വികസിപ്പിച്ചെടുത്ത ഈ ചിത്രം ഈ അവധികാലത്ത് തീര്‍ച്ചയായും കുടുംബസമേതം ആസ്വദിക്കാവുന്ന ഒരു ചിത്രം ആണ്.

എന്ജിനീയറിംഗ് കാലഘട്ടത്തിലെ ഏക സമ്പാദ്യമായ സപ്ലികളുമായി തന്‍റെ ഉറ്റ തോഴന്മാരൊടൊത്ത് ഉത്തരവാദിത്വബോധമില്ലാത്ത ജീവിതം കൊണ്ടാടുന്ന ഉമേഷിന്റെ കഥയാണ് ചിത്രം അനാവരണം ചെയുന്നത്. ജീവിതത്തോടുള്ള മകന്‍റെ നിരുത്തരവാദിത്വപരമായ സമീപനത്തില്‍ മനംനൊന്ത പിതാവ് അവനെ ശകാരിക്കുന്നു. തുടര്‍ന്ന് സപ്ലിപരീക്ഷാഫലത്തില്‍ വീണ്ടും പരാജിതനായ ഉമേഷ്‌ പിതാവിനോടുള്ള ഭയത്താല്‍ ആ കാലഘട്ടത്തിലെ തന്‍റെ താത്പര്യമായ സിനിമാസംവിധാനം പഠിക്കാനായി ചെന്നയിലേക്ക് പുറപ്പെടുന്നു. ആ യാത്രയില്‍ അവന്‍ എടുക്കുന്ന ഒരു സെല്‍ഫി ചിത്രവും തുടര്‍ന്ന്‍ ഉണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിന്‍റെ ഇതിവൃത്തം.

ഉമേഷായി നിവിന്‍ പോളി മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. ഉമേഷിന്റെ ഉറ്റ തോഴന്മാരായി അജു വര്‍ഗീസും നീരജ് മാധവും മികച്ച കഥാപാത്രങ്ങളെ അവതരിപ്പിക്കുനുണ്ട്. നിവിന്‍ പോളിയും അജു വര്‍ഗീസും ഒരു വിജയകൂട്ടുകെട്ടായി വളര്‍ന്നു എന്നു വേണം കരുതാന്‍. ഉമേഷിന്റെ പിതാവായി വിജയരാഘവന്‍ നല്ലൊരു കഥാപാത്രത്തെ ചിത്രത്തില്‍ അവതരിപ്പിക്കുനുണ്ട്. നായികയായുള്ള തന്റെ അരങ്ങേറ്റം മഞ്ജിമ മോഹന്‍ മികച്ചതാക്കിയില്ലെങ്കിലും മോശമാക്കിയില്ല. ഡിറ്റക്ടീവ് ജാക്കായി വിനീത് ശ്രീനിവാസന്‍ ചിത്രത്തിന്‍റെ ജീവന്‍ നിലനിര്‍ത്തുനുണ്ട്. ജോമോന്‍ ടി ജോണിന്റെ ക്യാമറ പതിവ് പോലെ മികച്ചുനിന്നു. ഷാന്‍ റഹ്മാന്റെ സംഗീതം മികച്ചതല്ലെങ്കിലും ചിത്രത്തോട് ചേര്‍ന്ന് നില്‍ക്കുന്നുണ്ട്.

നവാഗത സംവിധാകനായ ജി പ്രജിത് തന്‍റെ ദൗത്യം വളരെ കൃത്യതയോടെ നിര്‍വഹിച്ചിട്ടുണ്ട്. ഒരു പുതുമുഖ സംവിധായകനില്‍നിന്ന് പ്രതീക്ഷിക്കാവുനതിനപ്പുറം പ്രജിത് ഈ ചിത്രത്തിലൂടെ സമ്മാനിച്ചിട്ടുണ്ട്. മലയാളി പ്രേക്ഷകര്‍ക്ക്‌ തീര്‍ച്ചയായും ഈ സംവിധായകനില്‍ പ്രതീക്ഷയര്‍പ്പിക്കാം. ഒരു തിരകഥാകൃത്തു എന്ന നിലയില്‍ വിനീത് ശ്രിനിവസന്റെ വളര്‍ച്ച ഈ ചിത്രത്തില്‍ നന്നായി പ്രതിഫലിച്ചിട്ടുണ്ട്. തലശ്ശേരി വിട്ടുപോയിട്ടില്ലെങ്കിലും നര്‍മ്മമുഹുര്‍ത്തങ്ങള്‍ സൃഷ്ടിക്കുന്നതിലും പ്രേക്ഷകരെ പിടിച്ചിരുത്തുന്ന സനര്‍ഭങ്ങള്‍ ഉണ്ടാക്കുന്നതിലും വിനീത് വിജയിച്ചിട്ടുണ്ട്.  സൂക്ഷ്മനിരീക്ഷണത്തില്‍ കാണാവുന്ന ഒരുപ്പാട്‌ പോരായ്മകള്‍ ഉണ്ടെങ്കില്ലും ഉദ്ദ്വേഗപരമായ സാഹചര്യങ്ങളും ചെറിയ തോതിലുള്ള ട്വിസ്റ്റുകളോട് കൂടിയുള്ള സീനുകളും വിനീതിന്റെ മുന്‍കാല തിരകഥകളില്‍ നിന്നും ഇതിനെ ഒരല്പം വേറിട്ടു നിര്‍ത്തുന്നു.

സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഇന്നത്തെ തലമുറയെ സംബന്ധിച്ചിടുത്തോളം ആനുകാലിക പ്രസക്തിയുള്ള ഒരു പ്രമേയം തന്നെയാണ് ചിത്രം കൈകാര്യം ചെയുന്നത്. മികച്ച ചിത്രങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കില്ലെങ്കിലും പ്രമേയത്തിലെ പുതുമയും പ്രേക്ഷകരെ ആസ്വദിപ്പിക്കുന്ന കഥാസനര്‍ഭങ്ങളും നര്‍മ്മമുഹുര്‍ത്തങ്ങളും ഈ ചിത്രത്തെ ഒരു മികച്ച ആസ്വദനചിത്രത്തിന്‍റെ ഗണത്തിലേക്ക് ഉയര്‍ത്തുന്നുണ്ട്. അതുകൊണ്ടുതന്നെ വേനല്‍കാല അവധിയില്‍ ഈ സെല്‍ഫി കാണാന്‍ തീര്‍ച്ചയായും കുടുംബസമേതം പോകാം.

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.