Don't Miss
 

 

പ്രതികാരത്തിൻ്റെ ഊഴം

നിധിന്‍ ഡേവിസ് | September/15/2016
image

പ്രിത്വിരാജിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കിയ ഊഴം എന്ന ഓണക്കാലചിത്രം പ്രതികാരത്തിൻ്റെ കഥയാണ് പറയുന്നത്. അമിതപ്രതീക്ഷകളുടെ ഭാരവും പേറി പോകാതിരുന്നാൽ കണ്ടിരിക്കാവുന്ന ഒന്നാണ് ഈ ചിത്രം.

യു.എസ്സിൽ ജോലി ചെയ്യുന്ന സൂര്യയുടെ കുടുംബം കൊയമ്പത്തൂരിലാണ് സ്ഥിതി ചെയുന്നത്. സന്തോഷകരമായ അവരുടെ ജീവിതത്തിൽ അപ്രതീക്ഷിതമായി ഒരു ദുരന്തമുണ്ടാകുന്നു. തൻ്റെ കൺമുന്നിൽ വച്ചു നടക്കുന്ന ആ ദുരന്തത്തിൻ്റെ കാരണഭൂതരെ കണ്ടെത്തി അവർക്കെതിരെ സൂര്യ പ്രതികാരം ചെയുന്നതാണ് ചിത്രത്തിനിതിവൃത്തം.

ചിത്രത്തിൻ്റെ കേന്ദ്രകഥാപാത്രമായ സൂര്യയെ പ്രത്വിരാജ് വളരെ ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു. ആ നടനെ സംബന്ധിച്ചിടത്തോളം ഒട്ടും തന്നെ വെല്ലുവിളികളുയർത്താത്ത ആ കഥാപാത്രത്തെ വളരെ ആത്മാർത്ഥതയോടെതന്നെ ആ യുവനടൻ നിഷ്പ്രയാസം കൈകാര്യം ചെയ്തിരിക്കുന്നു.

മറ്റുത്താരങ്ങളെല്ലാം തങ്ങളുടെ റോളുകൾ വളരെ നന്നായി തന്നെ അവതരിപ്പിച്ചിരിക്കുന്നു. പ്രത്വിരാജിനോപ്പം മുഴുനീള കഥാപാത്രമായി നില്ക്കുന്ന നീരജ് മാധവും, ദിവ്യ പിള്ളയും തങ്ങളുടെ കഥാപാത്രത്തോട് നീതി പുലർത്തിയിട്ടുണ്ട്. വളരെ നാളുകൾക്കുശേഷം ബാലചന്ദ്രമേനോ൯ എന്ന മലയാളത്തിൻ്റെ സീനിയർ താരം അവതരിപ്പിച്ച കഥാപാത്രവും മികച്ചു നില്ക്കുന്നു.

ശ്യാംദത്തിൻ്റെ ഛായാഗ്രാഹണം ചിത്രത്തോട് ചേർന്നുനില്ക്കുന്നു. അനിൽ ജോൺസണിൻ്റെ സംഗീതവും പശ്ചാത്തലസംഗീതവും ചിത്രത്തിൻ്റെ മൂഡിനു യോജിച്ചുനില്ക്കുന്നു. ടോണി മാക്‌മിത്തിൻ്റെ വിഷ്വൽ ഇഫക്ട്സും കൊള്ളാം.

ജീത്തു ജോസഫിൻ്റെ തന്നെ തിരക്കഥയിലൊരുങ്ങിയ ഈ ചിത്രം അദ്ദേഹത്തിൻ്റെ മുൻ ത്രിലർ ചിത്രങ്ങളുടെ അത്രത്തോളമെത്തില്ലെങ്കിലും കണ്ടിരിക്കാവുന്ന ഒന്നാണ്. അദ്ഭുതപ്പെടുത്തുന്ന ട്വിസ്റ്റുകളൊ സസ്പൻസ്സൊ ഇല്ലെങ്കിലും ഒരു ത്രില്ലർ മൂവി നല്കുന്ന ഫീൽ ചിത്രം നല്കുന്നുണ്ട്. ചിത്രത്തിൻ്റെ ആദ്യ പകുതി ഒരല്പം ദൈർഖ്യമേറിയതായി അനുഭവപ്പെട്ടു. പ്രത്യേകിച്ച് ഫ്ലാഷ്ബാക്കിനിടയിൽ ഇടയ്ക്കിടെ കയറി വരുന്ന ചിത്രത്തിൻ്റെ വർത്തമാനകാലത്തിലെ ഫൈറ്റ് സീക്വൻസ് ഒരല്പം മടുപ്പുളവാക്കുന്നതാണ്. ചിത്രത്തിലുപയോഗിച്ചിട്ടുള്ള ഗ്രാഫിക്ക്സ് വളരെ മികച്ചു നില്ക്കുന്നു. ചിത്രത്തിലുള്ള സ്ഫോടനങ്ങളുടെ അവതരണവും നന്നായിരിക്കുന്നു.

പ്രേക്ഷകർ മനസ്സിൽ പ്രതീക്ഷിക്കുന്ന കഥാമൂഹൂർത്തങ്ങളാൽ നിറഞ്ഞ തിരക്കഥ പ്രേക്ഷകരെ അദ്ഭുതപ്പെടുത്തുകയൊ ഒരു മികച്ച ചിത്രം കണ്ട പ്രതീതി നല്കുകയോ ചെയ്യുന്നില്ല. എന്നാൽ പക്വതയാർന്ന അവതരണമികവ് പ്രേക്ഷകരെ നിരാശരാക്കുന്നില്ല. അമിതപ്രതീക്ഷകളില്ലാതെ പോകുന്ന പ്രേക്ഷകർക്ക് കണ്ടിരിക്കാനാവുന്ന ഒന്നാണ് ഈ ചിത്രം.

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.