Don't Miss
 

 

ഞാന്‍ : വീണ്ടും ഒരു രഞ്ജിത്ത് ടച്ച്‌

നിധിന്‍ ഡേവിസ്  | September/21/2014
image

'ഒരു രഞ്ജിത്ത് ചിത്രം' പ്രതീക്ഷിച്ചെത്തുന്ന പ്രേക്ഷകരെ ഒരിക്കലും നിരാശപ്പെടുത്തില്ല ഈ ചിത്രം. മറിച്ച്, ഒരു പതിവ് ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം പ്രതീക്ഷിച്ചെത്തുന്ന പ്രേക്ഷകര്‍ക്ക്‌ തീര്‍ത്തും അവിചാരിതമായ അനുഭവമായിരിക്കും ഈ ചിത്രം സമ്മാനിക്കുക.

'കോട്ടൂര്‍' എന്ന അപരനാമത്തില്‍ ബ്ലോഗ്‌ എഴുതുന്ന രവി എന്ന കഥാപാത്രത്തിലൂടെയാണ് ചിത്രം ആരംഭിക്കുന്നത്. തന്‍റെ യുക്തിക്ക് യോജിക്കാനാവാത്ത വിധത്തില്‍ സമൂഹത്തില്‍ നടമാടുന്ന ഏതുതരം പ്രശ്നങ്ങളെക്കുറിച്ചും വ്യക്തമായ അഭിപ്രായം ബ്ലോഗിലൂടെ വെളിപ്പെടുത്തിയിരുന്ന 'കോട്ടൂര്‍' സോഷ്യല്‍ മീഡിയകളില്‍ ഒരു തരംഗമാണ്, അതുപോലെതന്നെ ഉന്നതരുടെ കണ്ണുകളിലെ കരടും.

കെ. ടി. എന്‍ കോട്ടൂര്‍ എന്ന മനുഷ്യസ്നേഹിയായ, സ്വതന്ത്രഭാരതത്തെ സ്വപ്നം കണ്ടു പല പ്രസ്ഥാനങ്ങള്‍ക്കും തുടക്കം കുറിച്ച, എന്നാല്‍ പരാജിതനായ ഒരു പഴയകാല വ്യക്തിയെക്കുറിച്ച് വായിച്ചറിഞ്ഞ രവി, അയാളുടെ ജീവിതത്തില്‍ നിന്നും പ്രചോദനമുള്‍കൊണ്ടാണ്ണ്‍ കോട്ടൂര്‍ എന്ന അപരനാമത്തില്‍ ബ്ലോഗ്‌ എഴുതാനരംഭിക്കുന്നത്. പിന്നീട് നാടകകളരിയിലുള്ള തന്‍റെ സുഹൃത്തുക്കളുമായി ചേര്‍ന്ന് അയാളുടെ ജീവിത ചരിത്രം ഒരു നാടകമാക്കനൊരുങ്ങുന്നു. അതിനായി കൊട്ടൂരിന്റെ ജീവിതത്തെക്കുറിച്ച് കൂടുതല്‍ അറിയാനും പഠിക്കാനുമായി രവി നടത്തുന്ന അന്വേഷണങ്ങളിലൂടെയാണ് ചിത്രം പുരോഗമിക്കുന്നത്.

രവിയായും കെ. ടി. എന്‍ കോട്ടൂരായും ദുല്‍ഖര്‍ സല്‍മാന്‍ വളരെ പക്വതയാര്‍ന്ന പ്രകടനമാണ് ഈ ചിത്രത്തില്‍ കാഴ്ചവെച്ചിരിക്കുന്നത്. ഒരുപ്പാട്‌ താരങ്ങളുള്ള ഈ ചിത്രത്തില്‍ എല്ലാവരും അവരവരുടെ റോളുകള്‍ വളരെ ഗംഭീരമായി തന്നെ ചെയ്തിട്ടുണ്ട്. എങ്കിലും രണ്‍ജി പണിക്കര്‍, സുരേഷ് കൃഷ്ണ, മുത്തുമണി, സജിത മഠത്തില്‍ എന്നിവരെ എടുത്ത് പറയാതെ വയ്യ. അവര്‍ക്ക് ലഭിച്ച കഥാപാത്രങ്ങളെ അതിന്റെ പരമോന്നതയില്ലേക്ക് എത്തിക്കാന്‍ അവര്‍ക്ക് സാധിച്ചിട്ടുണ്ട്.

ഈ കാലഘട്ടവും സ്വതന്ത്രഭാരതത്തിനു മുന്‍പുള്ള കാലഘട്ടവും മനോജ്‌ പിള്ള വളരെ ഭംഗിയായി ക്യാമറയില്‍ പകര്‍ത്തിയിട്ടുണ്ട്. സ്വതന്ത്രഭാരതത്തിനു മുന്‍പുള്ള കാലഘട്ടത്തെ വീണ്ടും മേനഞ്ഞെടുക്കുന്നതില്‍ കലാസംവിധയകാനും തന്‍റെ ഭാഗം കൃത്യതയോടെ നിര്‍വഹിച്ചിടുണ്ട്. ബിജിബാലിന്റെ സംഗീതവും പാശ്ചാത്തല സംഗീതവും സിനിമയോട് ചേര്‍ന്ന് നില്‍ക്കുന്നുണ്ട്.

ഒരു നല്ല നോവലിനെ ഒരു നല്ല സിനിമയാക്കാന്‍ സാധിക്കും  എന്ന് 'പലേരിമാണിക്യം ഒരു പാതിര കൊലപാതകത്തിന്റെ കഥ' എന്ന ചിത്രത്തില്ലൂടെ തെളിയിച്ച രഞ്ജിത്ത് വീണ്ടും ആ പാത പിന്തുടരുകയാണ്. കെ. ടി. എന്‍ കോട്ടൂര്‍ എന്ന വ്യക്തിയുടെ പ്രവര്‍ത്തനങ്ങളിലൂടെ സഞ്ചരിച്ച ഈ ചിത്രം പിന്നീട് അദ്ദേഹത്തിന്റെ വ്യക്തിപരമായ ജീവിതത്തിലൂടെയും മാനസികസംഘര്‍ഷങ്ങളിലൂടെയും കടന്നു പോകുന്നു.

രഞ്ജിത്തിന്റെ പതിവ് ചിത്രങ്ങള്‍ക്ക് വിഭിന്നമായി ഒരു വിഭാഗം പ്രേക്ഷകരുടെ മനസ്സില്ലെങ്കിലും ഒരല്പം ഇഴച്ചില്‍ ഈ ചിത്രം നല്കിയേക്കാം. എങ്കില്ലും ഈ കഥ ആവശ്യപ്പെടുന്ന വേഗത ഈ ചിത്രത്തിനുണ്ട്. പൂര്‍ണ്ണമായും സംവിധായകന്‍റെ സിനിമയാണ് 'ഞാന്‍'. ഓരോ കഥാപാത്രങ്ങള്‍ക്കായി തിരഞ്ഞെടുത്ത താരങ്ങളും അവരുടെ പ്രകടനങ്ങളും കൃത്യമായി ഇത് സൂചിപ്പിക്കുന്നു. ടി. പി. രാജീവിന്റെ ഒരു നോവല്‍ കൂടി ഭംഗിയായി അവതരിപ്പിക്കുന്നതില്‍ രഞ്ജിത്ത് വിജയിച്ചിരിക്കുന്നു.

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.