Don't Miss
 

 

മുന്നറിയിപ്പ് : മലയാളസിനിമയ്ക്ക് ഒരു മുന്നറിയിപ്പ്

നിധിന്‍ ഡേവിസ്  | August/22/2014
image

പ്രേക്ഷകരുടെ നിലവാരം കുറഞ്ഞതുകൊണ്ടാണ് നിലവാരം കുറഞ്ഞ സിനിമകള്‍ ഉണ്ടാകുന്നതു എന്ന മുടന്തന്‍ ന്യായങ്ങള്‍ ഉന്നയിച്ചുകൊണ്ട്, വാണിജ്യതാത്പര്യങ്ങള്‍ ലക്‌ഷ്യം വച്ച് സീസണല്‍ ഹിറ്റുകള്‍ ഉണ്ടാക്കാന്‍ സിനിമയിലെ കലാമൂല്യത്തെ മറന്ന്, പ്രേക്ഷകരെ പഴി പറഞ്ഞു സിനിമകള്‍ചെയുന്നവര്‍ക്കുള്ള മുന്നറിയിപ്പാണ് ഈ ചിത്രം. നല്ല സിനിമകളുടെ പുറകിലെന്നും നല്ല സിനിമാ പ്രവര്‍ത്തകര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. തീര്‍ച്ചയായും അവരുടെ അദ്ധ്വാനമാണ് പ്രേക്ഷകരുടെ നിലവാരം ഉയര്‍ത്തുന്നത്. ഛയാഗ്രാഹകനായ വേണുവിന്‍റെ സംവിധാനമികവില്‍ പിറന്ന ഈ ചിത്രം പ്രേക്ഷകരെ നിലവാരം കുറഞ്ഞവരായി കാണാതെ എടുത്തിട്ടുള്ളതാണ്. അതുകൊണ്ട് തന്നെ ഒരു തട്ടുപോള്ളിപ്പന്‍ മസാല പടം പ്രതീക്ഷിച്ചുപോകുന്ന പ്രേക്ഷകരെ ഒട്ടും തൃപ്തിപെടുത്തില്ല ഈ ചിത്രം.

ഇരുപ്പത് വര്‍ഷമായി തടവറയില്‍ മനസ്സുകൊണ്ട് സ്വതന്ത്രനായി ജീവിക്കുന്ന രാഘവന്റെ ജീവിതത്തില്‍ അഞ്ജലി അറയ്ക്കല്‍ എന്ന ജെര്‍ണലിസ്ടിന്റെ വരവോടെ ഉണ്ടാകുന്ന സംഭവവികാസങ്ങളാണ് ചിത്രത്തിന്‍റെ ഇതിവൃത്തം.

ഈ സിനിമ ഏത് ഗണത്തില്‍ ഉള്ളതാണെന്നും, അതിനാല്‍ അത് എങ്ങനെ ആസ്വദിക്കണമെന്നും പ്രേക്ഷകനില്‍ ഒരു മുന്‍വിധിയുണ്ടാക്കാന്‍ പോന്നതായിരുന്നു ചിത്രത്തിന്‍റെ പേരെഴുത്ത്. ചിത്രത്തിലുടനീളം ഓരോരോ സന്ദര്‍ഭങ്ങളിലൂടെയും സാഹചര്യങ്ങളിലൂടെയും സഞ്ചരിച്ച രാഘവന്റെ കഥ, പതിവ് സിനിമകളെപോലെ നായകനിലൂടെയോ, മറ്റു കഥാപാത്രങ്ങളിലൂടെയോ അല്ല പ്രേക്ഷകര്‍ക്ക്‌ പറഞ്ഞു തരുന്നത്. മറിച്ച്, ക്ലൈമാക്സിലൂടെ പ്രേക്ഷകര്‍ തന്നെ ആ കഥ പതിയെ മനസ്സിലാക്കുന്നു. ഈ വിധത്തിലുള്ള ഒരു കഥാഖ്യനത്തിനു മുതിര്‍ന്ന വേണുവിന്റെയും, ആര്‍  ഉണ്ണിയുടെയും ധൈര്യത്തെ അഭിനന്ദിച്ചേ മതിയാവൂ.

സംഭാഷണങ്ങള്‍ അധികം ഇല്ലാത്ത രാഘവന്‍ എന്ന കഥാപാത്രം മമ്മൂട്ടിയുടെ കൈകളില്‍ തീര്‍ത്തും ഭദ്രമായിരുന്നു. തുടര്‍ച്ചയായ പരാജയങ്ങള്‍ ഉണ്ടെങ്കില്ലും ഇതുപോലുള്ള ചിത്രങ്ങള്‍ ആ താരത്തിന്റെ മഹത്വം വീണ്ടും വിളിചോതുന്നു. അപര്‍ണ ഗോപിനാഥിന് ഇതുവരെ ലഭിച്ചതില്‍ മികച്ച കഥാപാത്രം തന്നെയാണ് അഞ്ജലി അറയ്ക്കല്‍. പ്രിത്വിരാജിന്റെ അതിഥിവേഷത്തിനു കൂടുതല്‍ ഒന്നും ചെയ്യാനിലെങ്കിലും പ്രേക്ഷകരെ അത് ഇഷ്ടപെടുത്തുന്നുണ്ട്. രണ്‍ജി പണിക്കര്‍, നെടുമുടി വേണു, ജോയ് മാത്യു, പ്രതാപ്‌ പോത്തന്‍ തുടങ്ങിയവര്‍ എല്ലാം തന്നെ അവരുടെ കഥാപാത്രങ്ങളായി ജീവിച്ചിട്ടുണ്ട്.

ബിജിബാലിന്റെ ബിജിഎം ചിത്രത്തോട് ചേര്‍ന്ന് നില്‍ക്കുന്നുണ്ട്. സംവിധായകനായ വേണുവിന്‍റെ ക്യാമറയും കൊള്ളാം. രണ്ടാം പകുതിയില്‍ ഒരല്പം ഇഴച്ചില്‍ അനുഭവപ്പെട്ടെങ്കില്ലും പ്രിത്വിരാജിന്റെ സാന്നിധ്യം അതില്‍നിന്ന് പ്രേക്ഷകരെ ഒരു പരിധി വരെ പിടിച്ചുനിര്‍ത്തുന്നുണ്ട്.

പൂര്‍ണ്ണമായ കഥഖ്യനമില്ലാത്ത ഈ ചിത്രത്തിന്‍റെ തിരകഥ ആര്‍ ഉണ്ണി നന്നായി തന്നെ കൈകാര്യം ചെയ്തിട്ടുണ്ട്. ഇടയ്ക്കിടെ ഇഴച്ചില്‍ അനുഭവപ്പെട്ടെങ്കില്ലും, അതിലെ സംഭാഷണങ്ങള്‍ ഒരു പരിധിവരെ പ്രേക്ഷകരെ പിടിച്ചിരുത്തുന്നുണ്ട്. പ്രേക്ഷകരെ വിലക്കുറച്ചു കാണാതെ ചിത്രം ചെയ്ത വേണുവും അത് നിര്‍മ്മിച്ച രഞ്ജിത്തും അഭിനന്ദനം അര്‍ഹിക്കുന്നു.

ചിത്രം കണ്ടിറങ്ങുന്ന പ്രേക്ഷകരില്‍ ചിലര്‍ക്കെങ്കില്ലും ആദ്യം ഒരു കയപ്പു അനുഭവപ്പെടുമെങ്കില്ലും പിന്നീട് സ്വസ്ഥമായി ചിന്തിക്കുമ്പോള്‍ അതില്‍ നിന്നും കിനിഞ്ഞു വരുന്ന മധുരം നുണയാനും സാധിക്കും.

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.