Don't Miss
 

 

മഹേഷിൻ്റെ പ്രതികാരം : ആസ്വാദിക്കാം ഈ പ്രതികാരം

നിധിന്‍ ഡേവിസ് | February/8/2016
image

നീണ്ട കാലയളവിനുശേഷം ഫഹദ് ഫാസിലിനു ജനമനസ്സുകളിൽ ഇടം കൊടുക്കുന്ന ചിത്രമായിരിക്കും മഹേഷിൻ്റെ പ്രതികാരം. നാട്ടിൻപുറത്തിൻ്റെ നിഷ്കളങ്കതയും കുശുമ്പും കുന്നായ്മയും നിറഞ്ഞ ഈ ചിത്രം തീർച്ചയായും എല്ലാത്തരം പ്രേക്ഷകർക്കും ആസ്വാദിക്കാവുന്ന ഒന്നാണ്.

ഇടുക്കിയിൽ ഒരു ഫോട്ടൊസ്റ്റുഡിയോ നടത്തുന്ന മഹേഷിൻ്റെ ജീവിതത്തിൽ അപ്രതീക്ഷിതമായി ഒരു സംഭവം ഉണ്ടാകുന്നു. തുടർന്നു മഹേഷിൻ്റെ ജീവിതത്തിൽ മഹേഷ് എടുക്കുന്ന തീരുമാനങ്ങളും അതിനെ തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിൻ്റെ ഇതിവൃത്തം.

മഹേഷായി ഫഹദ് ഫാസിൽ പതിവുപോലെ വളരെ മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചിരിക്കുന്നത്. അനുശ്രിയും അപർണ്ണ ബാലമുരളിയുമാണ് നായികമാർ. അനുശ്രീ അവതരിപ്പിച്ച സൗമ്യ എന്ന കഥാപാത്രത്തിന് കൂടുതലായി ഒന്നും ചെയ്യാനില്ല, എങ്കിലും ഉള്ള ഭാഗം വളരെ ഭംഗിയായി അനുശ്രീ അവതരിപ്പിച്ചിട്ടുണ്ട്. അപർണ്ണ ബാലമുരളി അവതരിപ്പിച്ച ജിംസിയെന്ന കഥാപാത്രം വളരെ മികച്ചു നില്ക്കുന്നു. താരതമ്യേനേ പുതുമുഖമായ അപർണ്ണ വളരെ നിഷ്പ്രയാസം ആ റോൾ കൈകാര്യം ചെയ്തിട്ടുണ്ട്. ഇനിയും വളരെ നല്ല റോളുകൾ ആ യുവനടിയിൽ നിന്നും പ്രതീക്ഷിക്കാം.

സഹതാരങ്ങളിൽ സൗബിൻ സാഹിറും അലൻസിയർ ലേയും തിളങ്ങി.  സൗബിൻ്റെ ക്രിസ്പിൻ എന്ന കഥാപാത്രവും അലൻസിയറുടെ ബേബിയെന്ന കഥാപാത്രവും തിയറ്ററിൽ ചിരി പടർത്തി. രണ്ടു പേരും തങ്ങളുടെ ഭാഗങ്ങൾ വളരെ ജീവസുറ്റതാക്കി.

ബിജിബാലിൻ്റെ സംഗീതം ചിത്രം തീർന്നിട്ടും മനസ്സിൽ തങ്ങി നില്‌ക്കുന്നു. ഇവിടത്തെ കാറ്റാണ് കാറ്റ് എന്ന ഗാനം ആദ്യാവർത്തി കേൾക്കുമ്പോൾ തന്നെ മനസ്സിൽ പതിയുന്നു. ഇടുക്കിയുടെ സൗന്ദര്യം വളരെ ഭംഗിയോടെത്തന്നെ ഷൈജു ഖാലീദ് ക്യാമറയിൽ പകർത്തിയിട്ടുണ്ട്. റിയലിസ്റ്റിക്ക് സ്റ്റൈൽ നല്കുന്നതിനായി തിരഞ്ഞെടുത്ത മിതമായ കളറിങ്ങ് പാറ്റേർണും ചിത്രത്തിന് കൂടുതൽ ജീവനേകുന്നു.

പ്രഥമസംവിധാനസംരംഭമായ ഈ ചിത്രത്തിൽ തന്നെ ദിലീഷ് പോത്തൻ തൻ്റെ വ്യക്തിമുദ്ര പതിപ്പിച്ചിരിക്കുന്നു. നർമ്മത്തിൽ പൊതിഞ്ഞ ഈ ചിത്രം പരമാവധി റിയലിസ്റ്റിക്കായി അവതരിപ്പിക്കുന്നതിൽ അദ്ദ്ദേഹം വിജയിച്ചിരിക്കുന്നു. യാഥാർത്ഥ്യത്തിൽ നിന്നും ഒട്ടും വഴിമാറാതെ നർമ്മത്തിൽ ചാലിച്ച തിരക്കഥയാണ് ഈ ചിത്രത്തിൻ്റെ യഥാർത്ഥ ബലം. ശ്യാം പുഷ്ക്കരൻ്റെ തിരക്കഥയിൽ നർമ്മത്തിനായി ഒന്നും കൂട്ടി ചേർത്തതായി അനുഭവപ്പെട്ടില്ല. മറിച്ച് നാട്ടിൽ നടക്കുന്ന രസകരമായ സംഭവങ്ങളും സംഭാഷണങ്ങളും പകർത്തിവച്ച പോലെ തൊന്നി. യാഥാർത്ഥ്യത്തോട് അത്രയും ചേർന്നു നില്ക്കുന്ന തിരക്കഥയാണ് ശ്യാം ചിത്രത്തിനായി ഒരുക്കിയിരിക്കുന്നത്. ഇത്രയും നിസ്സാരമായ കഥ ഒരു ചിത്രമാക്കാൻ തയ്യാറായ ആഷിക്ക് അബുവിൻ്റെ തീർമാനം ശരിയായിരുന്നു എന്നുത്തന്നെയാണ് ചിത്രം കണ്ടപ്പോൾ തോന്നിയത്.

താരപ്രാധാന്യമോ മുൻവിധികളോ ഇല്ലാതെ വളരെ സിംപിൾ ആയ വന്ന ഒരു സാധാചിത്രമാണ് മഹേഷിൻ്റെ പ്രതികാരം. എന്നാൽ ഒരു സാധാ ചിത്രം എന്ന ഖ്യാതി മാറ്റികൊണ്ടായിരിക്കും ഈ ചിത്രം തിയറ്ററ് വിട്ടു പോവുക. വിത്യസ്ത ചിത്രങ്ങൾ തിരഞ്ഞെടുക്കുമ്പോഴും ഒരു വിജയചിത്രം ലഭിക്കാതിരുന്ന ഫഹദ് ഫാസിലിനു ലഭിക്കുന്ന ഒരു ആശ്വാസ വിജയമായിരിക്കും ഈ ചിത്രം. ദിലീഷ് പോത്തൻ എന്ന പുതുമുഖ സംവിധായകനിലും ശ്യാം പുഷ്ക്കരൻ എന്ന തിരകഥാകൃത്തിലും മലയാളികൾക്ക് ഇനിയും പ്രതീക്ഷയർപ്പിക്കാം.

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.