Don't Miss
 

 

ലോഹം : മഞ്ഞ പൂശിയ ചെമ്പ് ലോഹം

നിധിന്‍ ഡേവിസ് | September/7/2015
image

മോഹൻലാൽ എന്ന നടൻ്റെ മികച്ച മീശപിരി കഥാപാത്രങ്ങൾ മലയാളി പ്രേക്ഷകർക്ക് സമ്മാനിച്ച രഞ്ജിത്തിൻ്റെ സൃഷ്ട്ടിയായതിന്നാൽതന്നെ വാനോളം പ്രതീക്ഷയുമായാണ് പ്രേക്ഷകരോരുത്തരും ഈ ചിത്രത്തെ സമീപിക്കുന്നത്. എന്നാൽ ആദ്യ പകുതിയിലെ തിളക്കം ചിത്രത്തിൻ്റെ കഥാഘടനയിലെ ആഴങ്ങളിൽ ദർശിക്കാൻ സാധിക്കാത്തതിനാൽ കല്ലിൽ ഉരച്ചു നോക്കാതെതന്നെ പ്രേക്ഷകന് തിരിച്ചറിയാൻ സാധിക്കും ഈ ലോഹം വെറും മഞ്ഞ നിറം പൂശിയ ചെമ്പാണെന്.

കരിപ്പൂർ വിമാനത്താവളം വഴി കള്ളകടത്തായി കൊണ്ട് വന്ന സ്വർണ്ണം നഷ്ടപ്പെടുന്നു. ആ സ്വർണ്ണം എങ്ങനെ ഇവിടെയെത്തിയെന്നും അത് എങ്ങനെ നഷ്ടപ്പെട്ടെന്നും പിന്നീട് എന്ത് സംഭവിക്കുന്നു എന്നതുമാണ് ചിത്രത്തിൻ്റെ ഇതിവൃത്തം. ഇതിനു സമാന്തരമായി കസ്റ്റംസ് ഉദ്യോഗസ്ഥനായ തൻ്റെ ഭർത്താവിൻ്റെ തിരോധാനം അന്വേഷിച്ച് മുബൈയിൽ നിന്നും ജയന്തി എന്ന സ്ത്രി കൊച്ചിയിലേക്ക് എത്തുന്നു. ആ സ്ത്രി, കൊച്ചിയിലുള്ള തൻ്റെ യാത്രയ്ക്കായി വിളിക്കുന്ന ടാക്സിയുടെ ഡ്രൈവർ രാജുവായാണ് മോഹൻലാൽ ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്.

ടാക്സി ഡ്രൈവറായുള്ള കഥാപാത്രം മോഹൻലാലിൻ്റെ കൈകളിൽ ദദ്രമായിരുന്നു. എന്നാൽ രണ്ടാം പകുതിയിൽ ഭാവമാറ്റം വരുന്നതോടുകൂടി ആ കഥാപാത്രത്തിന് ജീവൻ നഷ്ടപ്പെടുന്നതായി അനുഭവപ്പെട്ടു. ചിത്രം പൂർത്തിയാകുന്നതോടുകൂടി ആ കഥാപാത്രത്തിൻ്റെ ജീവൻ പുർണ്ണമായി നഷ്ടപ്പെട്ടപ്പോലെ തോന്നി. ലാലേട്ടൻ്റ പ്രകടനത്തേക്കാൾ കഥാപാത്രസൃഷ്ടിയിലുള്ള പോരായ്മമായാണ് ഇതിന് കാരണമെന്ന് എതൊരു ചലച്ചിത്രാസ്വദകനും നിസംശയം പറയാൻ സാധിക്കും. ലാലേട്ടൻ്റെ കഴിവും താരമൂല്യവുമാണ് ഒരു പരിധിവരെ പ്രേക്ഷകരെ ഈ പോരായ്മയിൽ നിന്നകറ്റുന്നത്.

ഒരുപ്പാടു താരങ്ങൾ കയറിയിറങ്ങി പോകുന്ന ഈ ചിത്രത്തിൽ ഭൂരിപക്ഷം ആർക്കും തന്നെ ഒന്നും ചെയ്യാനില്ല. രണ്ടോ മൂന്നോ താരങ്ങളെ ഒഴിച്ചു നിർത്തിയാൽ മറ്റാരുംത്തന്നെ രണ്ടു സീനലധികം ചിത്രത്തില്ലില്ല. അതിൽതന്നെ പേർളി, മണിക്കുട്ടൻ, ശ്രീന്ദ എന്നിവരെല്ലാം ഗാനങ്ങളിൽ മാത്രമാണ് വരുന്നത്. ട്വൻറി ട്വൻറിയിൽ താരങ്ങളെ ഉൾപ്പെടുത്താൻ ഉപയോഗിച്ച ഗാനത്തെപോലെയെന്നല്ലാതെ കൂടുതലായി ഒന്നും തന്നെ ഈ താരങ്ങൾക്ക് ചെയ്യാനില്ല. മനസ്സിൽ തങ്ങിനില്ക്കുന്നത് സിദിഖ് അവതരിപ്പിച്ച കഥാപാത്രമാണ്. കുറച്ചു നാളുകൾക്കു ശേഷം സിദിഖിന് ലഭിച്ച നല്ലൊരു കഥാപാത്രമാണ് ഈ ചിത്രത്തിലെ ഹാസ്യം നിറഞ്ഞ വില്ലൻ വേഷം.

കുഞ്ഞുണ്ണി എസ് കുമാറിൻ്റെ ഛായഗ്രാഹണം ചിത്രത്തോട് ചേർന്ന് നിൽക്കുന്നു. ശ്രീവൽസൺ ജെ മേനോൻ്റെ സംഗീതം ഒരു ശരാശരി നിലവാരത്തിൽ നിൽക്കുന്നു. ചിത്രം കാണുമ്പോൾ മനംമടുക്കാതെ കേട്ടിരിക്കുമെങ്കിലും നമ്മുടെ മനം കവരാനുള്ള ശേഷി ആ ഗാനങ്ങൾക്കില്ല. രാജാമണിയുടെ പശ്ചാത്തല സംഗീതവും ഒരു ശരാശരി നിലവാരത്തിൽതന്നെ നമ്മെ നിലനിർത്തുന്നു.

സംവിധാനമികവിൽ മുന്നിട്ടു നില്ക്കുന്നുണ്ടെങ്കിലും, തിരക്കഥയിൽ വിജയം കൈവരിക്കാൻ രഞ്ജിത്തിന് സാധിക്കാതെ പോയതാണ് ചിത്രത്തിൻ്റെ പ്രധാന പോരായ്മ. ചിത്രത്തിൻ്റെ നർമ്മരസം നിറഞ്ഞ ആദ്യ പകുതിയിലെ തിരക്കഥയിൽ പാളിച്ചയുളളതായി അനുഭവപ്പെട്ടില്ല. എന്നാൽ രണ്ടാം പകുതിയിൽ ഭാവമാറ്റം സംഭവിക്കുന്ന നായകകഥാപാത്രത്തിന് ജീവനേകാൻ മാത്രം സന്ദർഭങ്ങൾ ഒരുക്കുന്നതിൽ രഞ്ജിത്ത് പരാജയപ്പെടുന്നതായി അനുഭവപ്പെട്ടു. കള്ളക്കടത്തിൻ്റെ കഥയല്ല കള്ളം കടത്തുന്ന കഥയാണ് എന്നതാണ് ചിത്രത്തിൻ്റെ ടാഗ് ലൈൻ എന്നാൽ ഇതു വെറും കള്ളക്കഥയായാണ് അനുഭവപ്പെട്ടത്. നായകനും കൂട്ടാളികളും ചിത്രത്തിൻ്റെ രണ്ടാം പകുതിയിൽ ചെയുന്ന പല കാര്യങ്ങൾക്കും കാരണങ്ങളോ മാർഗ്ഗങ്ങളോ ഇല്ല. എങ്ങനെയോ വന്ന് എങ്ങനെയോ ലക്ഷ്യപൂർത്തികരണം നടത്തുന്ന ഒരു അവതാരമായി താരം മാറുമ്പോൾ കണ്ടിറങ്ങുന്ന പ്രേക്ഷകന് മനസ്സിനെ തൃപ്തിപ്പെടുത്തുന്ന ഒന്നുംതന്നെ ചിത്രത്തിൽ നിന്നു ലഭിക്കുന്നില്ല. നർമ്മവും ത്രിലും സസ്പൻസ്സും നിറഞ്ഞ ആദ്യ പകുതിയിലെ മുഹൂർത്തങ്ങളാണ് കണ്ടിറങ്ങുന്ന പ്രേക്ഷകർക്കുള്ള ഏക ആശ്വാസം

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.