Don't Miss
 

 

മുറിവേറ്റ പ്രണയം

നിധിന്‍ ഡേവിസ് | August/17/2016
image

നവാഗതനായ ഷാനവാസ് ബാവുക്കുട്ടി സംവിധാനം ചെയ്ത ചിത്രമാണ് കിസ്മത്ത്. പൊന്നാനിയുടെ പശ്ചാത്തലത്തിലൊരുക്കിയ ഈ ചിത്രം യഥാർത്ഥജീവിതത്തോട് ചേർന്നു നില്ക്കുന്ന അവതരണത്തിലൂടെ വേറിട്ടു നില്ക്കുന്നുണ്ടെങ്കിലും ആഴത്തിലിറങ്ങാതെ ആശയത്തിൽ മാത്രമൊതിങ്ങിനിന്ന കഥ പ്രേക്ഷകമനസ്സിൽ ചിത്രത്തിൻ്റെ ആസ്വാദനത്തിന് വരമ്പുകൾ തീർക്കുന്നു.

ഇർഫാൻ എന്ന മുസ്ലീം യുവാവും അവനേക്കാൾ പ്രായംചെന്ന ദളിത് യുവതിയായ അനിതയും തമ്മിലുള്ള പ്രണയമാണ് ചിത്രത്തിൻ്റെ പ്രമേയം. കുടുബാംഗങ്ങളുടെ എതിർപ്പുകളെ അവഗണിച്ച് ജീവിക്കാനുറച്ച ഇർഫാനും അനിതയും സംരംക്ഷണമാവശ്യപ്പെട്ടുകൊണ്ട് പോലീസ് സ്റ്റേഷനിലേക്ക് ചെല്ലുന്നു. തുടർന്നുണ്ടാകുന്ന സംഭവികാസങ്ങളാണ് ചിത്രത്തിനിതിവൃത്തം.

ചിത്രത്തിൻ്റെ കേന്ദ്രകഥാപാത്രമായ ഇർഫാനെ അവതരിപ്പിച്ചിരിക്കുന്നത് ഷെയ്ൻ നിഗമാണ്. സ്ഥിരവരുമാന മാർഗ്ഗമൊന്നുമില്ലാത്ത പക്വതയെത്താത്ത ആ കഥാപാത്രത്തെ ഷെയ്ൻ മികവുറ്റതാക്കി. ഒരു പുതുമുഖ നടനെന്നു തെല്ലും തോന്നിക്കാത്ത പ്രകടനാമാണ് ഷെയ്ൻ കാഴ്ചവച്ചിരിക്കുന്നത്. ശ്രുതി മേനോൻ അനിതയെന്ന കഥാപാത്രത്തോട് നീതി പുലർത്തിയിട്ടുണ്ട്.

യഥാർത്ഥത ജീവിതത്തോടു ചേർന്നു നില്ക്കുന്ന ഈ ചിത്രത്തിലെ താരങ്ങളെല്ലാം തന്നെ മികവാർന്ന പ്രകടനമാണ് കാഴ്ച്ചവച്ചിരിക്കുന്നത്. അതിൽ തന്നെ വിനയ് ഫോർട്ടിൻ്റെയും ആസാമിയുടെ വെഷം ചെയ്ത നടൻ്റെയും പ്രകടനം മികച്ചു നില്ക്കുന്നു. ഒരു പോലീസ് ഉദ്യോഗസ്ഥൻ്റെ ജീവിതത്തെ വളരെ കൃത്യതയോടെയാണ് വിനയ് ഫോർട്ട് പ്രതിഫലിപ്പിച്ചിരിക്കുന്നത്.

ഷാനവാസ് കെ ബാവുക്കുട്ടിയുടെ പ്രഥമസംവിധാനസംരംഭം അഭിനന്ദനമർഹിക്കുന്ന ഒന്നാണ്. കഥാപാത്രങ്ങളോട് ചേർന്ന അഭിനേതാക്കളുടെ തെരഞ്ഞെടുപ്പും റിയലിസ്റ്റിക്കായ അവതരണവും യാഥാർത്ഥ്യത്തോട് ചേർന്നു നില്ക്കുന്ന തിരക്കഥയും ചിത്രത്തെ മേല്‌ത്തരം ചിത്രങ്ങളുടെ പട്ടികയിലേക്ക് ഉയർത്തുന്നുണ്ട്. എങ്കിലും ആശയത്തിൽ മാത്രമൊതുങ്ങിപ്പോയ കഥ അത്രയും നേരം ഈ ചിത്രത്തിനായി മാറ്റിവച്ച പ്രേക്ഷകനെ തൃപ്തിപ്പെടുത്തില്ല. ചിത്രത്തിൻ്റെ ദൈർഘ്യം കുറവാണെങ്കിലും പ്രേക്ഷകന് ആസ്വാദനത്തിലെ പൂർണ്ണത ചിത്രം സമ്മാനിക്കുന്നില്ല. റിയലിസ്റ്റിക്ക് സിനിമകൾ ഇഷ്ടപ്പെടുന്ന പ്രേക്ഷകർക്ക് അമിതപ്രതീക്ഷയൊന്നുമില്ലാതെ കണ്ടിരിക്കാവുന്ന ഒന്നാണ് ഈ ചിത്രം.

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.