Don't Miss
 

 

ആവർത്തനവിരസത നിറഞ്ഞ കസബ

നിധിന്‍ ഡേവിസ്  | July/10/2016
image

നവാഗതനായ നിഥിൻ രൺജി പണിക്കർ രചനയും സംവിധാനവും ചെയ്ത കസബ ആരാധകരെ മാത്രം ലക്ഷ്യം വച്ച് എടുത്ത ചിത്രമാണ്. ആയതുകൊണ്ടുതന്നെ ഫാൻസുക്കാർ ഒഴികെയുള്ള പ്രേക്ഷകർക്ക് ചിത്രം പൂർണ്ണമായ തൃപ്തി നല്കുന്നില്ല. ദ്വയാർത്ഥ പ്രയോഗങ്ങളും അശ്ലീള സംഭാഷണങ്ങളും കുടുംബ പ്രേക്ഷകർക്ക് തിയറ്ററിൽ അസ്വസ്ഥതയുളവാക്കുന്നു. അങ്ങനെയാണെങ്കിലും മമ്മുട്ടിയുടെ മുൻകാല പോലീസ് വേഷങ്ങൾ കണ്ട് മതി മറന്ന ആരാധകവൃത്തത്തെ പൂർണ്ണമായി നിരാശരാക്കില്ല ഈ ചിത്രം.

വഷളനും സ്ത്രീലമ്പടനുമായ പോലീസ് ഉദ്യോഗസ്ഥനാണ് രാജൻ സഖറിയ.രാജൻ സഖറിയുടെ ഉറ്റ സുഹൃത്തിൻ്റെ കുടുംബത്തിൽ സംഭവിക്കുന്ന ദുരന്തത്തിൻ്റെ നിജസ്ഥിതിയന്വേഷിച്ച് അദ്ദേഹം കേരള കർണാടക ബോർഡറിലേക്ക് സ്ഥലമാറ്റം ചോദിച്ചു വാങ്ങിച്ചുപോകുന്നു. കേസന്വേഷണവും അതിനേ തുടർന്നു ആ സ്റ്റേഷൻ പരിധിയിലുള്ള വമ്പൻമാരുമായി കൊമ്പുകോർക്കേണ്ടി വരുന്ന രാജൻ സഖറിയയുടെ കഥായാണ് ചിത്രത്തിൻ്റെ ഇതിവൃത്തം.

രാജൻ സഖറിയായി വളരെ മികവാർന്ന പ്രകടനമാണ് മമ്മുട്ടി അവതരിപ്പിച്ചിരിക്കുന്നത്. കുണുങ്ങി കുണുങ്ങി നടക്കുന്ന വഷളനും സ്ത്രീലമ്പടനുമായ ആ കഥാപാത്രത്തെ അദ്ദേഹം മികവുറ്റതാക്കി. മമ്മുട്ടിയുടെ ഒപ്പത്തിനൊപ്പം നില്ക്കുന്ന പ്രതിനായികയായ കമലയുടെ കഥാപാത്രം അവതരിപ്പിച്ചിരിക്കുന്നത് വരലക്ഷ്മി ശരത്കുമാറാണ്. വേഷവിധാനം കൊണ്ടും മറ്റും മികച്ചു നില്ക്കുന്നുണ്ടെങ്കിലും പ്രകടനത്തിലും കാഴ്ച്ചയിലും ആ കഥാപാത്രം ആവശ്യപ്പെടുന്ന പ്രായം കമലയ്ക്കുള്ളതായി അനുഭവപ്പെട്ടില്ല. അതുകൊണ്ടുത്തനെ ചില സന്ദർഭങ്ങളിൽ കഥാപാത്രമായും മറ്റു സന്ദർഭങ്ങളിൽ അങ്ങനെയല്ലാതെയും അനുഭവപ്പെട്ടു.

മറ്റു താരങ്ങളെല്ലാം തന്നെ തങ്ങളുടെ കഥാപാത്രങ്ങളെ വളരെ ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു. അതിൽ തന്നെ പ്രതിനായക കഥാപാത്രമായ പരമേശ്വരൻ നമ്പ്യാറെ അവതരിപ്പിച്ച സമ്പത്തും മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ച ജഗദീഷ്, സിദിഖ് എന്നിവരെല്ലാം തങ്ങളുടെ റോളുകൾ മികച്ചതാക്കി.

രാഹുൽ രാജിൻ്റെ പശ്ചാത്തലസംഗീതം രാജൻ സഖറിയ എന്ന കഥാപാത്രത്തിൻ്റെ സ്വഭാവത്തോട് ചേർന്ന് നില്ക്കുന്നതായി തോന്നി. അതുകൊണ്ടുത്തനെ ചിത്രത്തിൻ്റെ പശ്ചാത്തല സംഗീതം മികച്ചതായി അനുഭവപ്പെട്ടു. സമീറിൻ്റെ ഛായഗ്രഹണം ചിത്രത്തോട് ചേർന്നു നില്‌ക്കുന്നു.

രൺജി പണിക്കരുടെ മകനായ നിഥിൻ രൺജി പണിക്കരുടെ കന്നി സംരംഭമായ ഈ ചിത്രം, രാജൻ സഖറിയ എന്ന കഥാപാത്രത്തെയൊഴിച്ചു നിർത്തിയാൽ മറ്റു പുതുമകളൊന്നും തന്നെ സമ്മാനിക്കുന്നില്ല. രൺജി പണിക്കർ ചിത്രങ്ങളിൽ നിന്നും നെടുനീളൻ ഡയലോഗുകൾ മാറ്റി നിർത്തിയുള്ള ബാക്കി ഘടകങ്ങളെല്ലാം തന്നെ ഈ ചിത്രത്തിൽ കാണാൻ സാധിക്കും. അതുകൊണ്ടു തന്നെ പലപ്പൊഴും പ്രേക്ഷകർക്ക് പ്രവചിക്കാവുന്ന സാഹചര്യങ്ങൾ അവരിൽ ആവർത്തനവിരസതയുള്ളവാക്കുന്നു. അങ്ങനെയാണെങ്കിലും രാജൻ സഖറിയ എന്ന കഥാപാത്രസൃഷ്ടി പ്രശംസനീയമാണ്. വേഷവിധാനം കൊണ്ടും നടത്തത്തിലെ വ്യത്യസ്തതയിലും മറ്റു ചേഷ്ടകളിലും മമ്മുട്ടിയുടെ മുൻകാല പോലീസ് വേഷങ്ങളിൽ നിന്നും വേറിട്ടു നില്ക്കുന്നു ഈ കഥാപാത്രം. കഥാതന്തുവിലും മറ്റു കഥാപാത്രസൃഷ്ടിയിലും തൻ്റെ പിതാവിൻ്റെ പാതയിൽ നിന്നു പൂർണ്ണമായും വിട്ടു നിന്നിരുന്നെങ്കിൽ മികച്ചതായെന്നെ ഈ ചിത്രം.

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.