Don't Miss
 

 

കമ്മട്ടിപ്പാടം : നിണമണിഞ്ഞ നാഗരികത

നിധിന്‍ ഡേവിസ് | June/2/2016
image

മാറ്റത്തിൻ്റെ കുത്തൊഴുക്കിൽ പച്ചപ്പ് നിറഞ്ഞ ഗ്രാമീണതയിലേക്ക്‌ ലാഭക്കൊതി പൂണ്ട നാഗരികതയൊഴികിയെത്തുമ്പോൾ ആ ഒഴുക്കിൽപ്പെട്ടുപോകുന്ന മനുഷ്യജീവിതങ്ങളുടെ നേർക്കാഴ്ച്ചയാണ് ഈ ചിത്രം. കൊച്ചിയുടെ വളർച്ചയിൽ മാറ്റം വന്ന അനേകം സ്ഥലങ്ങളിൽ ഒന്നായ കമ്മട്ടിപ്പാടത്തെ പശ്ചാത്തലമാക്കിയാണ് ചിത്രത്തിൻ്റെ കഥാഗതി.

തൻ്റെ ഉറ്റസുഹൃത്തായ ഗംഗൻ്റെ ഫോൺകോളിനെ തുടർന്നു അവനെ തേടി മുബൈയിൽ നിന്നും വരുന്ന കൃഷ്ണനിലൂടെയാണ് ചിത്രം പുരോഗമിക്കുന്നത്. നന്നേ ചെറുപ്പത്തിൽ കമ്മട്ടിപ്പാടത്തെത്തുന്ന കൃഷ്ണന് ലഭിക്കുന്ന ഉറ്റതൊഴനാണ് ഗംഗൻ. കൈയൂക്കിൻ്റെ ബലത്തിൽ മറ്റുള്ളവരിൽ ഭയവും ഭീതിയും വളർത്തി കാര്യങ്ങൾ നേടിയെടുക്കുന്ന മുതിർന്നവരെ കണ്ട് വളർന്ന ആ ചെറുബാല്യങ്ങളെ മുതലാക്കാൻ കച്ചവടക്കണ്ണുള്ള ഒരു കൂട്ടം അവർക്ക് ചുറ്റുമുണ്ടായിരുന്നു. ഗംഗൻ്റെ ചേട്ടനായ ബാലനിലൂടെ ഗംഗനും കൃഷ്ണനും ആ ഗണത്തിലകപ്പെടുന്നു. തുടർന്നു കാലത്തിനൊത്ത് നഗരവളർച്ചയിലെ രക്തമണിഞ്ഞ പാതയിലൂടെ അവർ വളർന്നു. പിന്നീട് അവരുടെ ജീവിതത്തിലുണ്ടാകുന്ന സംഭവവികാസങ്ങളാണ് ചിത്രത്തിൻ്റെ ഇതിവൃത്തം.

ഇത്തരം പ്രമേയം മലയാളസിനിമയിൽ പുതുമയല്ലെങ്കിലും യാഥാർത്ഥ്യത്തോട് ചേർന്നു നില്ക്കുന്ന അവതരണം പ്രേക്ഷകർക്ക് പുതുമ സമ്മാനിക്കുന്നുണ്ട്. ഗംഗൻ്റെയും ബാലൻ്റെയും കഥാപാത്രങ്ങളിലൂടെ സമൂഹത്തിൻ്റെ താഴെത്തട്ടിൽ ജീവിക്കുന്നവരുടെ ജീവിതത്തിൻ്റെ നേർക്കാഴ്ച സംവിധായകൻ പ്രേക്ഷകന് അനുഭവഭേദമാക്കുന്നു.

ചിത്രത്തിലെ താരങ്ങൾ എല്ലാവരും തന്നെ വളരെ മികവാർന്ന പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്. യാഥാർത്ഥ്യത്തോട് ചേർന്നു നില്ക്കുന്ന അഭിനയമാണ് ഏവരും പ്രകടിപ്പിച്ചിരിക്കുന്നത്. കേന്ദ്രകഥാപാത്രമായ കൃഷ്ണനെ അവതരിപ്പിച്ച ദുൽഖർ സൽമാൻ വളരെ പക്വതയാർന്ന അഭിനയമാണ് കാഴ്ച്ചവെച്ചിരിക്കുന്നത്. പരിചയസമ്പത്തുമൂലം കൈകൊണ്ട അനുഭവങ്ങളിൽ നിന്നും പാഠമുൾക്കൊണ്ടാണ് തന്നിലെ അഭിനേതാവിനെ ദുൽഖർ വളർത്തുന്നതെന്ന് ഈ ചിത്രത്തിലെ പ്രകടനം തെളിയിച്ചുതരുന്നു. മാനസ്സികസംഘർഷങ്ങൾ നിറഞ്ഞ പല സന്ദർഭങ്ങളും കൈവിട്ടുപോകാതെ തൻ്റെ കൈവെള്ളയിൽ ഒതുക്കിനിർത്തുന്നു ആ യുവനടൻ.

കൃഷ്ണൻ്റെ ഉറ്റമിത്രമായ ഗംഗനെ അവതരിപ്പിച്ച വിനായകൻ്റെ ആശ്ചര്യപ്പെടുത്തുന്ന പ്രകടനമാണ് ചിത്രത്തിൽ കാണാനാവുന്നത്. വിനായകൻ്റെ കരിയറിലെ എടുത്തുപറയുന്ന കഥാപാത്രമാവും ഗംഗൻ. അത്രയും മികവാർന്ന രീതിയിൽ ആ നടൻ ആ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. ഗംഗൻ്റെ ചേട്ടനായ ബാലൻ ചേട്ടനെ അവതരിപ്പിച്ച മണികണ്ഠൻ എന്ന നടനും പ്രശംസയർഹിക്കുന്ന പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്. പ്രേക്ഷകമനസ്സിൽ നിന്നും മാഞ്ഞുപോകാത്ത കഥാപാത്രമായി ബാലൻചേട്ടനെ നിലനിർത്തുന്നതിൽ ആ നടൻ തീർത്തും വിജയിച്ചിരിക്കുന്നു.

മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെല്ലാം തങ്ങളുടെ വേഷങ്ങൾ ജീവസുറ്റതാക്കി. യാഥാർത്ഥ്യത്തോട് യോജിച്ച് നില്ക്കുന്ന പ്രകടനമാണ് ഏവരും കാഴ്ച്ചവെച്ചിരിക്കുന്നത്. അനിൽ നെടുമങ്ങാട്, അലൻസിയർ, സൗബിൻ, വിനയ് ഫോർട്ട്, സുരാജ് വെഞ്ഞാറമൂട്, ഷൈൻ ടോം ചാക്കോ ഏവരും കഥാപാത്രങ്ങളോട് യോജിച്ച് നില്ക്കുന്നു. ഇവരെ കൂടാതെ ചെറുവേഷങ്ങളിൽ വന്നുപോയ പേരറിയാത്ത പല താരങ്ങളും വളരെ മികവാർന്ന രീതിയിൽ ആത്മാർത്ഥതയോടെ തങ്ങളുടെ റോളുകൾ അവതരിപ്പിച്ചിരിക്കുന്നു.

കെ, ജോൺ പി വർക്കി, വിനായകൻ എന്നിവർ ചേർന്നൊരുക്കിയ സംഗിതം ചിത്രത്തോട് യോജിച്ചു നില്ക്കുന്നു. അതിൽത്തന്നെ ചിത്രത്തിൻ്റെ ടൈറ്റിൽ സോങ്ങ് മികച്ചു നില്ക്കുന്നു. കെയുടെ പശ്ചാത്തലസംഗീതം ചിത്രത്തിൻ്റെ മൂഡ് നിലനിർത്തുന്നതിൽ വിജയിച്ചിരിക്കുന്നു. മധു നീലകണ്ഠൻ്റെ ഛായാഗ്രാഹണവും ബി അജിത്ത് കുമാറിൻ്റെ എഡിറ്റിങ്ങും കൊള്ളാം.

കൊച്ചി കേന്ദ്രീകൃതമായ ഗുണ്ടകളുടെയും കൊട്ടേഷൻ സംഘങ്ങളുടെയും കഥകൾ പറഞ്ഞിട്ടുള്ള ചിത്രങ്ങൾ മലയാള സിനിമയ്ക്ക് പുതുമയുള്ള ഒന്നല്ല. യാഥാർത്ഥ്യത്തോട് ചേർന്നുള്ള അവതരണം ഒരു പരിധിവരെ പുതുമ സമ്മാനിക്കുന്നുണ്ടെങ്കിലും  പ്രമേയത്തിലുള്ള ആവർത്തന വിരസത ചിലപ്പോഴെങ്കിലും പ്രേക്ഷകരെ മനം മടുപ്പിക്കുന്നുണ്ട്. രാജീവ് രവിയുടെ തന്നെ കഥയ്ക്ക് തിരക്കഥയൊരിക്കിയിരിക്കുന്നത് പി ബാലചന്ദ്രനാണ്. ഒരു നോൺ ലീനിയർ ആഖ്യാനശൈലി അവലംബിച്ചുകൊണ്ടാണ് അദ്ദേഹം ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. എന്നാൽ ആ രീതീ അത്രകണ്ട് വിജയിച്ചതായി അനുഭവപ്പെട്ടില്ല. കാലഘട്ടത്തിൻ്റെയും കഥാസന്ദർഭങ്ങളുടെയും മാറ്റം നിർബന്ധപൂർവ്വം ചെയുന്നതായി അനുഭവപ്പെട്ടു. എന്നാൽ ഓരോ കാലഘട്ടങ്ങളിലുള്ള കഥാഘടന വളരെ മികവാർന്ന രീതിയിൽ അദ്ദേഹം ഒരുക്കിയിട്ടുണ്ട്. ചിത്രത്തിലേ ഓരോ സീനും യഥാർത്ഥജീവിതവുമായി ചേർത്ത് പ്രേക്ഷകനെ മനംമടുപ്പിക്കാതെ കൊണ്ട് പൊകുന്നതിൽ ഒരു തിരകഥാകൃത്ത് എന്ന നിലയിൽ അദ്ദേഹം വിജയിച്ചിരിക്കുന്നു. 

ചിത്രത്തിൻ്റെ ആദ്യ പകുതിയിലേങ്കിലും തൻ്റെ മുൻകാലചിത്രങ്ങളിൽ നിന്നു വ്യത്യസ്തമായി ഒരല്പം കോമേഴ്സ്യലാക്കാൻ രാജീവ് രവി ശ്രമിക്കുന്നതായി തോന്നി. ജയിലിൽ വച്ചുള്ള സംഘട്ടനം തീർത്തും നായകന് വേണ്ടി മാത്രമുള്ളതായി അനുഭവപ്പെട്ടു. പക്ഷേ അതൊന്നും ആസ്വാദനത്തെ ഒട്ടും ബാധിക്കാതെ ചിത്രത്തിൻ്റെ മൂഡ്‌ നിലനിർത്തി കൊണ്ടുപോകുന്നതിൽ അദ്ദേഹം വിജയിച്ചിരിക്കുന്നു. കാഥാപാത്രങ്ങൾക്ക്‌ ചേർന്ന താരങ്ങളെ കണ്ടെത്താനും അവരെ യഥാർത്ഥ ജീവിതത്തിൽ നാം എവിടെയോ കണ്ടൊരാൾ എന്ന തോന്നിപ്പിക്കുംവിധം അവരുടെ കഴിവുകൾ പുറത്തുകൊണ്ടുവരുവാനുള്ള അദ്ദേഹത്തിൻ്റെ കഴിവ് എത്ര പ്രശംസിച്ചാലും മതിവരില്ല. അദ്ദേഹത്തിൻ്റെ മുൻചിത്രങ്ങളിലെ പോലെതന്നെ ഇതിലെ കഥാപാത്രങ്ങളും നാം എവിടെയൊക്കെയോ കണ്ടവരാണെന്നേ ഏതൊരു പ്രേക്ഷകന് അനുഭവപ്പെടു. പ്രത്യേകിച്ച് ഗംഗൻ്റെയും ബാലൻ്റെയും ജീവതാന്തരീക്ഷങ്ങൾ വളരെ മികവാർന്ന രീതിയിൽ അദ്ദേഹം അവതരിപ്പിച്ചിരിക്കുന്നു. ഒരു രാജീവ് രവി ചിത്രത്തിൽ നിന്നും പ്രതീക്ഷിക്കാവുന്നതെല്ലാം തന്നെ അദ്ദേഹം ഈ ചിത്രത്തിലൂടെ പ്രേക്ഷകർക്ക് സമ്മാനിക്കുന്നുണ്ട്.

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.