Don't Miss
 

 

കലി : കലി വരാതെ കാണാം

നിധിന്‍ ഡേവിസ്  | April/14/2016
image

ദുൽഖർ സൽമാൻ, സായ് പല്ലവി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി സമീർ താഹിർ ഒരുക്കിയ കലി, കലി വരാതെ കണ്ടുതീർക്കാം. ഒരു ഫാമിലി എൻറർടെയ്നർ ആയി തുടങ്ങി ടെൻഷൻ നിറഞ്ഞ റോഡ് മൂവി ഗണത്തിലേക്കു വഴി മാറുന്ന ചിത്രം മലയാളി പ്രേക്ഷകർക്ക് തീർത്തും പുതുമയുള്ള ഒന്നാണ്.

നവദമ്പതികളായ സിദ്ധാർഥിൻ്റെയും അഞ്ജലിയുടെയും ജീവതത്തിൽ വന്നുപ്പെടുന്ന അപകടകരമായ ഒരു സാഹചര്യത്തെ അവർ എങ്ങനെ തരണം ചെയ്യുന്നു എന്നതാണ് ചിത്രത്തിൻ്റെ പ്രധാന ഇതിവൃത്തം. ചെറുപ്പം മുതലെ മുൻശുണ്ഠിക്കാരനായ സിദ്ധാർഥ് മുതിർന്നിട്ടും നിസ്സാരമായ കാര്യങ്ങൾക്കുപോലും അനിയന്ത്രിതമാവിധം ദേഷ്യം പ്രകടിപ്പിക്കുന്ന വ്യക്തിയാണ്. ഒരു യാത്രയ്ക്കിടയിൽ സിദ്ധാർഥിൻ്റെ കോപം മൂലം സിദ്ധാർഥും അഞ്ജലിയും അകപ്പെട്ടു പൊകുന്ന ഒരു അപകടസാഹചര്യത്തിൽ നിന്നും അവർ എങ്ങനെ രക്ഷപ്പെട്ടു പോരുന്നു എന്നതാണ് സമീർ താഹിർ ഈ ചിത്രത്തിലൂടെ കാണിച്ചു തരുന്നത്.

സിദ്ധാർഥായി ദുൽഖർ സൽമാൻ മികച്ച പ്രകടനമാണ് കാഴ്ച്ച വച്ചിരിക്കുന്നത്. കോപാകുലനായ ആ നായകനെ വളരെ പക്വതയോടെ തന്നെ ദുൽഖർ അവതരിപ്പിച്ചിരിക്കുന്നു. പ്രേമത്തിനു ശേഷം സായ് പല്ലവി അവതരിപ്പിച്ച അഞ്ജലി എന്ന കഥാപാത്രം വളരെ ഭംഗിയായി തന്നെ അവതരിപ്പിച്ചിട്ടുണ്ട്. സംഭാഷണങ്ങളിലെ ചില കുറവുകൾ ഒഴിച്ചു നിർത്തിയാൽ തീർത്തും പ്രശംസനീയമാണ് സായിയുടെ പ്രകടനം. മറ്റു താരങ്ങളായ ചെമ്പൻ വിനോദ്, സൗബിൻ, വിനായകൻ എന്നിവരെല്ലാം വളരെ മികവാർന്ന പ്രകടനമാണ് കാഴ്ച്ചവച്ചിരിക്കുന്നത്.

ഗോപി സുന്ദറിൻ്റെ സംഗീതം കേട്ടിരിക്കാൻ ഇമ്പമുള്ളതാണ്. ചിത്രത്തിൻ്റെ മുഡിന് അനുയോജ്യമായ പശ്ചാത്തല സംഗീതം തന്നെയാണ് അദ്ദേഹം ചിത്രത്തിനായി ഒരുക്കിയിരിക്കുന്നത്. ഗിരീഷ് ഗംഗാധരൻ്റെ ഛായാഗ്രാഹണവും മികച്ചു നില്ക്കുന്നു.

രാജേഷ് ഗോപിനാഥൻ്റെ തിരക്കഥ വളരെ കൃത്യമായി തോന്നി. ഫാമിലി ഓഡിയൻസിനെയും യൂത്തിനെയും ആകർഷിക്കും വിധത്തിലുള്ള ആദ്യ പകുതിയും തുടർന്നങ്ങോട്ട് ചിത്രത്തിൻ്റെ ആശയം  വികസിപ്പിച്ചു കൊണ്ടുള്ള ടെൻഷൻ നിറഞ്ഞ രണ്ടാം പകുതിയും ചിത്രത്തെ മികച്ച രീതിയിൽ എത്തിക്കുന്നു. പല അന്യഭാഷ ചിത്രങ്ങളുമായി ഈ ചിത്രത്തിൻ്റെ മൂഡിന് സാമ്യമുണ്ടെങ്കിലും ആശയപരമായും അവതരണത്തിലും ഈ ചിത്രം പുതുമയുള്ളതായി അനുഭവപ്പെട്ടു. ഫാമിലി ഓഡിയൻസിന് താത്പര്യം തോന്നാൻ ബുദ്ധിമുട്ടുള്ള ഈ ആശയത്തെ സമീർ താഹീർ എല്ലാത്തരം പ്രേക്ഷകർക്കും ഇഷ്ടമാകത്തക്ക വിധത്തിൽ ഒരുക്കിയിരിക്കുന്നു. കുറച്ചു കൂടി ടെൻഷനു സാധ്യതയുള്ള ഈ ചിത്രത്തിൻ്റെ ആശയത്തെ കൂടുതൽ അരോജകമാക്കാതെ വേണ്ട പാകത്തിന് അദ്ദേഹം ഈ ചിത്രം ചെയ്തിരിക്കുന്നു.

മലയാള സിനിമയ്ക്ക് വേറിട്ട സിനിമകൾ സമ്മാനിക്കുന്ന സമീർ താഹീറിൻ്റെ ഈ ചിത്രവും വേറിട്ടു നില്ക്കുന്നു. മലയാളത്തിൽ അത്ര കണ്ടു പരിചിതമല്ലാത്ത ഈ സിനിമാ അനുഭവം തീർച്ചയായും കലി കൂടാതെ കാണാം.

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.