Don't Miss
 

 

ഒരു ശരാശരി സുവിശേഷം

നിധിന്‍ ഡേവിസ് | February/4/2017
image

കാലഘട്ടത്തിന്റെ മാറ്റത്തിനനുസരിച്ച് പുതുമകൾ സമ്മാനിക്കാനായി  യുവതാരനായകശ്രേണിയിലേക്ക് ചുവടുമാറിയ സീനിയർ സംവിധായകനായ സത്യൻ അന്തിക്കാടിന്റെ ഏറ്റവും പുതിയ ചിത്രമാണ് ജോമോന്റെ സുവിശേഷം.യുവതാരങ്ങളായ നിവിൻ പോളി, ഫഹദ് ഫാസിൽ എന്നിവർക്ക് ശേഷം താരപുത്രനായ ദുൽഖർ സൽമാനെ നായകനാക്കി എടുത്ത ഈ ചിത്രം തന്റെ മുൻകാലചിത്രങ്ങളെ പോലെത്തന്നെ കുടുംബപ്രേക്ഷകാരെ മുന്നിൽകണ്ടുകൊണ്ടാണ് സംവിധായകൻ ഒരുക്കിയിരിക്കുന്നത്. കുടുംബത്തോടൊപ്പം വരുന്ന പ്രേക്ഷകർക്ക് ഒരിക്കലും നിരാശ സമ്മാനിക്കാത്ത ഒരു ശരാശരി ചിത്രമാണ് ജോമോന്റെ സുവിശേഷങ്ങൾ.

തൃശ്ശൂരിലെ പ്രമുഖവ്യാപാരിയായ വിൻസന്റിന്റെ ഇളയസന്തതിയാണ് ജോമോൻ. ധനാഢ്യനായ പിതാവിന്റെ അലസനും ധൂർത്തനുമായ ജോമോന്റെ നിരുത്തരവാദിത്വപരമായ ജീവിതത്തിലൂടെയാണ് ചിത്രത്തിന്റെ ആദ്യ പകുതി കടന്നു പോകുന്നത്. പിന്നീട് വിൻസെന്റിന് തന്റെ വ്യാപാരത്തിൽ പാളിച്ചകൾ പറ്റുന്നതോടെ ചിത്രത്തിന്റെ കഥാഗതി മാറുന്നു. തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളാണ് ചിത്രത്തിന് ഇതിവൃത്തം.

ഓരോ ചിത്രങ്ങൾ കഴിയുമ്പോഴും അഭിനയത്തിൽ കൂടുതൽ പക്വത കൈവരിച്ചു വരുന്ന താരമാണ് ദുൽഖർ സൽമാൻ. ഈ ചിത്രത്തിലും വളരെ പക്വതയോടെത്തന്നെ തന്റെ കഥാപാത്രത്തെ കൈകാര്യം ചെയ്തിരിക്കുന്നു. ജോമോന്റെ പിതാവായ വിൻസന്റിനെ അവതരിപ്പിച്ച മുകേഷും വളരെ മികച്ച പ്രകടനം കാഴ്ച്ചവെച്ചിരിക്കുന്നു.

മറ്റു താരങ്ങളായ മുത്തുമണി, അനുപമ പരമേശ്വർ, ഇന്നസെന്റ്, വിനു മോഹൻ, ഐശ്വര്യ രാജേഷ്, മനോബാല എന്നിവരെല്ലാം വളരെ മികവാർന്ന പ്രകടനമാണ് ചിത്രത്തിൽ കാഴ്ച്ചവെച്ചിരിക്കുന്നത്. എസ് കുമാറിന്റെ ഛായാഗ്രാഹണം മികച്ചു നില്‌ക്കുന്നു. തമിഴ്നാട്ടിലെ രംഗങ്ങളും നോക്കി നോക്കി എന്നു തുടങ്ങുന്ന ഗാനചിത്രീകരണവും എടുത്തുപറയേണ്ടതാണ്. വിദ്യാസാഗറുടെ സംഗീതം ചിത്രത്തോട് യോജിച്ചു നില്ക്കുന്നു.

ചിത്രത്തിന്റെ കഥ ഒറ്റവരിയിൽ മറ്റു പല ചിത്രങ്ങളായി സാമ്യം തോന്നുമെങ്കിലും അതിൽനിന്നെല്ലാം വിത്യസ്തമാണ് ചിത്രത്തിന്റെ തിരക്കഥ. തമിഴ്നാട്ടിലുള്ള തന്റെ പ്രയത്നങ്ങളിലൂടെ കടകെണിയിൽ നിന്നു രക്ഷനേടാൻ പരിശ്രമിക്കുന്ന നായകകഥാപാത്രത്തെ വികസിപ്പിക്കുന്നതിൽ തിരക്കഥാകൃത്തായ ഡോ ഇക്ബാൽ കുറ്റിപ്പുറം വിജയിച്ചിരിക്കുന്നു. എങ്കിലും ചിത്രത്തിന്റെ ദൈർഘ്യം പ്രേക്ഷകരിൽ പലപ്പോഴും മടുപ്പുള്ളവാക്കുന്നതാണ്. കൂടാതെ പ്രേക്ഷകരുടെ മുൻവിധികൾ തീർത്തും പാലിച്ചുപോകുന്ന ആഖ്യാനശൈലിയും പ്രേക്ഷകമനസ്സിന് പുതുമകളൊന്നും തന്നെ സമ്മാനിക്കുന്നില്ല.

തന്റെ മുൻകാല ചിത്രങ്ങളെപ്പോലെത്തന്നെ കുടുംബപ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്ന ചിത്രം തന്നെയാണ് സംവിധായകനായ സത്യൻ അന്തിക്കാട്‌ ഇതിലും ഒരിക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ദൈർഘ്യം പലപ്പൊഴും പ്രേക്ഷകരിൽ മടുപ്പുളവാക്കുന്നുണ്ട്. പ്രത്യേകിച്ച് രണ്ടാം പകുതിയിലെ തമിഴ് നാട്ടിലെ രംഗങ്ങൾ.  ദുൽഖർ സൽമാന്റെ ഉർജ്ജസ്വലത നിറഞ്ഞ പ്രകടനവും എസ് കുമാറിന്റെ ഛായാഗ്രാഹണവുമാണ് ഈ മടുപ്പിൽ നിന്നും ഒരു പരിധിവരെ ചിത്രത്തെ ഉയർത്തുന്നത്. സത്യൻ അന്തിക്കാട് ചിത്രങ്ങൾ ഇഷ്ടപ്പെടുന്ന പ്രേക്ഷകരെ തൃപ്തിപ്പെടുത്താനുള്ള വകയൊക്കെ തീർച്ചയായും ഈ ചിത്രത്തിലുണ്ട്. അല്ലാത്തവർക്ക് കൂടുതൽ പുതുമകൾ സമ്മാനിക്കാത്ത കുടുംബസമേതം കണ്ടിരിക്കാവുന്ന ഒരു ശരാശരി ചിത്രമാണ് ജോമോന്റെ സുവിശേഷങ്ങൾ.

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.