Don't Miss
 

 

ജേക്കബിൻ്റെ സ്വർഗ്ഗരാജ്യം

നിധിന്‍ ഡേവിസ് | April/29/2016
image

ഒരു യഥാർത്ഥജീവിതത്തിൽ നിന്നും പ്രചോദനമുൾക്കൊണ്ട് വിനീത് ശ്രീനിവാസൻ ഒരുക്കിയ ജേക്കബിൻ്റെ സ്വർഗ്ഗരാജ്യം ഒരു ശരാശരി കുടുംബചിത്രം മാത്രമായി ഒതുങ്ങുന്നു.

ദുബായിൽ നല്ല രീതിയിൽ ബിസിനസ്സ് ചെയ്ത് നല്ല കുടുംബജീവിതം നയിക്കുന്ന ജേക്കബിൻ്റെ ജീവിതത്തിൽ അപ്രതീക്ഷിതമായി ഒരു വീഴ്ച പറ്റുന്നു. ആ വീഴ്ചയിൽ നിന്നും കരകയറാൻ ജേക്കബിൻ്റെ കുടുംബാംഗങ്ങൾ നടത്തുന്ന പരിശ്രമങ്ങളാണ് ചിത്രത്തിൻ്റെ ഇതിവൃത്തം.

ജേക്കബിൻ്റെ മൂത്തമകനായ ജെറിയാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രം. നിവിൻ പോളിയാണ് ജെറിയുടെ കഥാപാത്രം അവതരിപ്പിക്കുന്നത്. ജെറി നിവിൻ പോളിക്ക് ചേർന്ന കഥാപാത്രമാണ്. തനിക്ക് കിട്ടിയ വേഷം വളരെ ഭംഗിയായി തന്നെ നിവിൻ അവതരിപ്പിച്ചിട്ടുണ്ട്. ജേക്കബിൻ്റെ കഥാപാത്രം അവതരിപ്പിച്ച രൺജി പണിക്കരും ചിത്രത്തോട് ചേർന്ന് നില്ക്കുന്നു.

മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ച ശ്രീനാഥ് ഭാസി, ലക്ഷമി രാമകൃഷ്ണൻ, ഐമ സെബാസ്റ്റിൻ എന്നിവരെല്ലാം അവരുടെ വേഷങ്ങൾ വളരെ ഭംഗിയായി തന്നെ അവതരിപ്പിച്ചു. നായികയായ റീബ മോണിക്ക ജോണിന് ഒന്നും തന്നെ ചെയ്യാനില്ല.  മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെല്ലാം തങ്ങളുടെ കഥാപാത്രങ്ങളോട് നീതി പുലർത്തിയിട്ടുണ്ട്.

ദുബായുടെ സൗന്ദര്യം ചോർന്നുപോകാതെ വെള്ളിത്തിരയിലേക്ക് എത്തിച്ച ജോമോൻ ടി ജോണിൻ്റെ ഛായാഗ്രാഹണം കൊള്ളാം. എന്നാൽ ഷാൻ റഹ്മാൻ്റെ സംഗീതം വിനീത് ശ്രീനിവാസൻ്റെ മുൻകാല ചിത്രങ്ങളോളം വന്നിട്ടില്ല. കേട്ടിരിക്കാമെങ്കിലും ഗാനങ്ങൾ ഒന്നും തന്നെ മനസ്സിൽ തങ്ങി നില്ക്കുന്നില്ല.

സംവിധായകനെന്ന നിലയിൽ വിനീത് ശ്രീനിവാസൻ്റെ മുൻകാല ചിത്രങ്ങളോട് ചേർന്നുനില്ക്കുന്ന ഒരു ചിത്രം തന്നെയാണ് ജേക്കബിൻ്റെ സ്വർഗ്ഗരാജ്യം. എന്നാൽ ഒരു തിരക്കഥാകൃത്ത് എന്ന നിലയിൽ വിനീതിന് പൂർണ്ണത കൈവരിക്കാൻ സാധിക്കാൻ ഈ ചിത്രത്തിലുടെ സാധിച്ചിട്ടില്ല. തിരക്കഥാകൃത്ത് എന്ന നിലയിൽ വിനീത് ചെയ്ത ഒരു വടക്കൻ സെൽഫിയുടെ തിരക്കഥയുടെ ബലം ഈ ചിത്രത്തിന് ലഭിക്കുന്നില്ല. ഒരു യഥാർത്ഥ സംഭവത്തിൽ നിന്നും പ്രചോദനമുൾക്കൊണ്ടെഴുതിയ തിരക്കഥയിൽ വേണ്ട രീതിയിലുള്ള വിശദീകരണങ്ങളുടെ പോരായ്മയാണ് ചിത്രത്തെ ഒരു മേൽത്തരം നിലവാരത്തിൽ നിന്നും ഒരു ശരാശരിയിലേക്ക് എത്തിക്കുന്നത്. തൻ്റെ സുഹൃത്തിൻ്റെ അനുഭവമായിട്ടു കൂടി വേണ്ടത്ര വിശദീകരണങ്ങൾ നല്കാത്ത തിരക്കഥ തീർത്തും ഒരു പോരായ്മയായി അനുഭവപ്പെട്ടു. അതുകൊണ്ടുതന്നെ ഈ കഥയിൽ നിന്നുള്ള സാരാംശം പൂർണ്ണ തോതിൽ ജനങ്ങളിൽ എത്തിക്കാൻ ഈ ചിത്രത്തിനു സാധിക്കുന്നില്ല.

ഇങ്ങനെയാണെങ്കിലും ഈ അവധിക്കാലത്ത് കുടുംബസമേതം പോയിക്കാണാവുന്ന ഒരു കുടുബചിത്രം തന്നെയാണ് ജേക്കബിൻ്റെ സ്വർഗ്ഗരാജ്യം. ഒരു ശരാശരി ചിത്രം പ്രതീക്ഷിച്ച് പോകുന്ന പ്രേക്ഷകരെ ഒരിക്കലും നിരാശപ്പെടുത്തില്ല ഈ ചിത്രം.

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.