Don't Miss
 

 

ഫയര്‍മാന്‍ : അപകടതീയണച്ചു ഫയര്‍മാന്‍

നിധിന്‍ ഡേവിസ്  | February/21/2015
image

ഒറ്റ ദിവസത്തെ കഥകളെ എങ്ങനെ വിത്യസ്തമായി അവതരിപ്പിക്കാം എന്നതിലാണ് ന്യൂ ജനറേഷന്‍ സംവിധായകര്‍ കൂടുതലും ശ്രദ്ധ കേന്ദ്രികരിക്കുന്നത്. മലയാളത്തില്‍ അത്ര കണ്ടു പരിചിതമല്ലാത്ത ആ പാതയിലൂടെ പ്രേക്ഷകര്‍ക്ക്‌ പുതുമ സമ്മാനിക്കാം എന്നവര്‍ വിശ്വസിക്കുന്നു. എന്നാല്‍ ന്യൂ ജനറേഷന്‍ സംവിധായകരുടെ അതിപ്രസരം മൂലം ഈ വിധത്തിലുള്ള ചിത്രങ്ങളും പ്രേക്ഷകമനസ്സില്‍ മടുപ്പ് സമ്മാനിച്ചു തുടങ്ങിയ ഈ വേളയില്‍ ദീപു കരുണാകരന്‍റെ ഈ ചിത്രം പ്രേക്ഷകര്‍ക്ക്‌ ഒരു പുതുമ സമ്മാനിക്കുന്നുണ്ട്.

നഗരത്തില്‍ അപകടത്തില്‍പ്പെട്ടു എല്‍. പി. ജി ഗ്യാസ് വഹിച്ചുകൊണ്ട് പോകുന്ന ഒരു ടാങ്കര്‍ മറയുന്നു. തുടര്‍ന്ന് ഉണ്ടാകുന്ന വാതകചോര്‍ച്ചയില്‍ നിന്നും ആ നഗരത്തെ സംരഷിക്കുന്നതിന് ഫയർമാൻ വിജയുടെ നേതൃത്വത്തില്‍ ഒരു കൂട്ടം ഫയര്‍ഫോഴ്സ് ഉദ്യോഗസ്തര്‍ നടത്തുന്ന രക്ഷപ്രവര്‍ത്തനതിന്റെ കഥയാണ് ഈ ചിത്രത്തില്‍ പറയുന്നത്. രക്ഷാപ്രവര്‍ത്തനം പ്രമേയമാക്കിയ ചിത്രങ്ങള്‍ വളരെ വിരളമായെ മലയാള സിനിമയില്‍ വന്നിട്ടുള്ളു. അതില്‍ തന്നെ ഫയര്‍ഫോഴ്സ് ഉദ്യോഗസ്തരുടെ കഥ പറയുന്ന ചിത്രം ഇന്ത്യന്‍ സിനിമയില്‍ തന്നെ ആദ്യമായാണ് അവതരിപ്പിക്കുന്നത്‌. അതുതന്നെയാണ് ഈ ചിത്രത്തിന്റെ പുതുമയും.

കേന്ദ്രകഥാപാത്രമായ ഫയർമാൻ വിജയിനെ അവതരിപ്പിച്ച മമ്മുട്ടി തന്നെയാണ് ചിത്രത്തില്‍ ആദ്യന്തം നിറഞ്ഞു നില്‍ക്കുന്നത്. ഒരു സൂപ്പര്‍ താരത്തിനു മാത്രം തോന്നുന്ന ബുദ്ധിയും, ഒറ്റയ്ക്ക് നടത്തുന്ന രക്ഷാപ്രവര്‍ത്തനങ്ങളും തുടങ്ങി ഒരു സൂപ്പര്‍ താരചിത്രത്തില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള എല്ലാം ഈ ചിത്രത്തില്‍ ഉണ്ടെങ്കില്ലും വേഗത്തിലുള്ള തിരകഥ ഈ ചിത്രത്തെ ഒരു ശരാശരിക്കു മുകളില്‍ എപ്പോഴും നിലനിര്‍ത്തുന്നുണ്ട്.  പശ്ചാത്തല സംഗീതം നിർവ്വഹിച്ച രാഹുൽരാജ് ചിത്രത്തിന് അതിന്റെ പ്രമേയത്തിന് ഒത്ത വേഗത നിലനിര്‍ത്തുന്നതിന് ഒരു പരിധി വരെ സഹായിച്ചിട്ടുണ്ട്.

മികച്ചതല്ലെങ്കില്ലും തിരക്കഥ തന്നെയാണ് ചിത്രത്തിന്റെ പ്രധാന ബലം. കണ്ടും കേട്ടും അത്ര പരിചിതമല്ലാത്ത പ്രമേയമയതുകൊണ്ട് തന്നെ പ്രേക്ഷകര്‍ക്ക്‌ മടുപ്പുള്ളവാക്കാതെ കൊണ്ട് പോകുന്നതില്‍ ദീപു വളരെയധികം ശ്രദ്ധിച്ചിട്ടുണ്ട്. തിരക്കഥയിലുള്ള പോരായ്മകളെ പ്രേക്ഷകമനസ്സുകളില്‍ നിന്നും മറയ്ക്കും വിധത്തില്‍ വേഗതയാര്‍ന്ന സീനുകള്‍  ഉണ്ടാക്കുന്നതില്‍ ഒരു സംവിധായകന്‍ എന്ന നിലയിലും ദീപു വിജയിച്ചിട്ടുണ്ട്. ഇങ്ങനെയൊക്കെയാണെങ്കിലും ഒരു മികച്ച ചിത്രം എന്ന മുന്‍വിധിയോടെ ഈ ചിത്രത്തെ സമീപിച്ചാല്‍ പൂര്‍ണ്ണമായ സംതൃപ്തി സമ്മാനിക്കാന്‍ ഒരുപക്ഷെ ഈ ചിത്രത്തിന് സാധിച്ചെന്നു വരില്ല. ഒരു സൂപ്പര്‍ താരചിത്രത്തിനു വേണ്ട പരസ്യപ്രചാരണങ്ങള്‍ ഇല്ലാതെ വന്നത് തന്നെയാണ് ഈ ചിത്രത്തിന്‍റെ മറ്റൊരു വിജയഘടകം. അതുകൊണ്ടുതന്നെ ഒട്ടും പ്രതീക്ഷയില്ലാതെ കയറിയ പ്രേക്ഷകര്‍ക്ക്‌'ഒരു അപ്രതീക്ഷിത വിരുന്നാകുനുണ്ട് ഈ ചിത്രം.

ഫയര്‍ഫോഴ്സ് ഉദ്യോഗസ്തരുടെ ഉദ്യോഗജീവിതത്തിലെ അപകടകരമായ അവസ്ഥകളെ ചിത്രം കൃത്യമായി കാണിച്ചുതരുന്നുണ്ട്‌. ത്രില്ലര്‍ സിനിമകള്‍ താത്പര്യമുള്ളവര്‍ക്കും മമ്മുട്ടി ഫാന്‍സിനും തീര്‍ച്ചയായും ഇഷ്ടപെടും ഈ ചിത്രം. മികച്ചതല്ലെങ്കിലും  ഒരു ശരാശരിക്ക് തൊട്ടു മുകളില്‍ നില്‍ക്കുന്ന ഈ ചിത്രം പ്രേക്ഷകരെ അദ്ഭുതപ്പെടുത്തില്ലേങ്കില്ലും ഒരിക്കലും നിരാശപ്പെടുത്തില്ല.

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.