Don't Miss
 

 

എന്ന് നിൻ്റെ മൊയ്തീൻ : അനശ്വരപ്രണയത്തിൻ്റെ ദൃശ്യാവിഷ്ക്കാരം

നിധിന്‍ ഡേവിസ് | October/16/2015
image

മലയാളികൾ കേട്ടറിഞ്ഞ അനശ്വരപ്രണയജീവിതം വെള്ളിത്തിരയിൽ വീണ്ടുമാവർത്തിക്കപ്പെടുമ്പോൾ വാട്ട്സപ്പും ഫെയ്സ്ബുക്കും മറ്റു സോഷ്യൽ മീഡിയകളും ഉപയോഗിച്ച് നിമിഷനേരം കൊണ്ട് സന്ദേശങ്ങൾ കൈമാറുന്ന പുതുതലമുറയ്ക്ക്, നീണ്ട ഇടവേളകളിൽ സാഹചര്യങ്ങളുടെ സമ്മർദ്ദത്തെ അതിജീവിച്ചെത്തുന്ന കത്തുകളുടെ ബലം കൊണ്ടുമാത്രം പ്രണയിച്ച മൊയ്തീൻ്റെയും കാഞ്ചനമാലയുടെയും പ്രണയം ഒരു പുതു അനുഭവമായി. നിസാരസ്വാർത്ഥ താത്പര്യങ്ങളെപ്രതി തമ്മിലടിക്കുകയും വിവാഹമോചനം വരെ ചെന്നെത്തുകയും ചെയ്യുന്ന ഇന്നത്തെ യുവതലമുറയിലെ പ്രണയങ്ങൾ അവരുടെ അനശ്വരപ്രണയത്തെ അതിശയത്തോടെ നോക്കിക്കണ്ടു.

നവാഗതനായ ആർ എസ് വിമലിൻ്റെ കഠിനപ്രയത്നത്തിൻ്റെ ഫലമായി വന്ന ഈ ചിത്രം ചലച്ചിത്രപരിഭാഷയ്ക്കായി കാലങ്ങളായി കാത്തുകിടന്ന ഒരു ജീവിതാനുഭവമാണ്. പല സംവിധായകരും പലാവർത്തി ശ്രമിച്ചെങ്കിലും നടക്കാതെ പോയ ഈ ചലചിത്രാവിഷ്ക്കാരത്തിൽ വിജയിക്കാൻ ആർ എസ് വിമലിന് സാധിച്ചിട്ടുണ്ട്.

കോഴിക്കോടുള്ള മുക്കം ഗ്രാമത്തിൽ ജീവിച്ച ഉണ്ണിമൊയ്തീൻ സാഹിബിൻ്റെ മകൻ മൊയ്തീൻ്റെയും കൊറ്റങ്ങൽ അച്യുതൻ്റെ മകൾ കാഞ്ചനമാലയുടെയും അതിസാഹസികവും വിപ്ലവകരുമായ പ്രണയജീവിതമാണ് ചിത്രത്തിൻ്റെ ഇതിവൃത്തം. സിനിമാകഥകളിൽ പോലും കാണാൻ സാധിക്കാത്ത അവിശ്വസനീയമായ ജീവിതാനുഭവങ്ങൾ നിറഞ്ഞ അവരുടെ പ്രണയത്തിൻ്റ ത്യാഗാനുഭവങ്ങളാണ് ഈ ചിത്രത്തിൽ ആർ എസ് വിമൽ അവതരിപ്പിക്കുന്നത്.

ഈ ചിത്രത്തിൽ അഭിനയിച്ച എല്ലാ അഭിനേതാക്കളുടെയും മികച്ച പ്രകടമാണ് ചിത്രത്തിൽ കാണാനാവുന്നത്. അഭിനയിച്ച എല്ലാ താരങ്ങളും മെച്ചപ്പെട്ടു നില്ക്കുന്ന അപൂർവ്വം ചിത്രങ്ങളെ കാണാറുള്ളൊ. ഈ ചിത്രം അവയിലുൾപ്പെടുത്താം. മൊയ്തീനായി പ്രിത്വീരാജ് മികച്ച പ്രകടനമാണ് കാഴ്ച്ചവച്ചിരിക്കുന്നത്. വളരെ നാളുകൾക്ക് ശേഷമാണ് പ്രിത്വിരാജിൻ്റെ ഇൻട്രോ സീനിന്ന് തിയറ്ററിൽ നിറഞ്ഞ കൈയടി കേൾക്കാൻ സാധിക്കുന്നത്. ഒരഭിമുഖത്തെ തുടർന്ന് കരിയറിൽ താഴെ പോയ പ്രിത്വിരാജിൻ്റെ വിജയത്തോടെയുള്ള പൂർണ്ണമായ തിരിച്ചുവരവാണ് ഈ ചിത്രത്തിൽ കാണാൻ സാധിക്കുന്നത്. കാഞ്ചനമാലയായി പാർവതിയും മികച്ചു നില്ക്കുന്നു. വളരെ സെലക്ടീവായി മാത്രം ചിത്രങ്ങൾ തിരഞ്ഞെടുക്കാറുള്ള പാർവതിക്കു ലഭിച്ച നല്ലൊരു വേഷം തന്നെയാണ് കാഞ്ചനമാല.

മറ്റു താരങ്ങളും പ്രധാനകഥാപാത്രങ്ങളോടൊപ്പം മികച്ചു നില്ക്കുന്നു. സായ്കുമാറും, ലെനയും, സുധീർ കരമനയും അതിൽ മികച്ചു നില്ക്കുന്നു. ബാലയും, ടൊവിനൊയും അവരുടെ കഥാപാത്രങ്ങൾക്ക് യോജിച്ച താരങ്ങളായി. ചെറിയ വേഷങ്ങളിൽ വന്നു പോയതാരങ്ങളും അവരുടെ കഥാപാത്രങ്ങളെ ജീവസുറ്റതാക്കി.

അവതരണത്തോടൊപ്പം തന്നെ സാങ്കേതികപരമായും മുന്നിട്ടു നില്ക്കുന്നുണ്ട് ഈ ചിത്രം. ചിത്രത്തിലുടനീളം നില്ക്കുന്ന മഴ മനസ്സിൽ തങ്ങി നില്ക്കുന്നു. ചിത്രത്തിലെ ശബ്ദക്രമീകരണം ഉയർന്ന നിലവാരം പുലർത്തുന്നു. പ്രത്യേകിച്ച് മഴയുള്ള സന്ദർഭങ്ങളിൽ. ജോമോൻ ടി ജോണിൻ്റെ ക്യാമറയും മികച്ചു നില്ക്കുന്നു. ഈ ചിത്രത്തിന് ഒരു മേൽത്തരം നിലവാരത്തിൽ എത്തിക്കുന്നതിനായി ജോമോൻ വഹിച്ച പങ്ക് ചെറുതല്ല.

ഒരു പ്രണയചിത്രത്തെ ഒരു മികച്ച വിജയമാക്കുന്നതിനുള്ള അവിഭാജ്യഘടകമാണ് ആ ചിത്രത്തിൻ്റെ സംഗീതം. ഈ ചിത്രത്തിൻ്റെ സംഗീതവും ആ ഭാഗം ഭംഗിയായി ചെയ്തിരിക്കുന്നു. എം ജയചന്ദ്രനും, രമേശ് നാരായണും ഈണമിട്ട ഗാനങ്ങൾ ചിത്രം കണ്ടിറങ്ങിയശേഷവും പ്രേക്ഷകരുടെ മനസ്സിനെ വിടാതെ പിന്തുടരുന്നു. ഗോപി സുന്ദറിൻ്റെ ഗാനവും കേട്ടമാത്രയിൽ മനസ്സിലിടം പിടിക്കും. എന്നാൽ ചിത്രത്തിൻ്റെ പശ്ചാത്തലസംഗീതം അതിലധികം മേന്മയുള്ളതായി അനുഭവപ്പെട്ടു. ചിത്രത്തിലെ പ്രണയത്തിൻ്റെ തീവ്രത മനസ്സിലാഴത്തിൽ പതിയിക്കാൻ ഗോപി സുന്ദറിൻ്റെ പശ്ചാത്തലസംഗീതത്തിന് സാധിച്ചിട്ടുണ്ട്.

ആർ എസ് വിമലിൻ്റെ ഏറെ നാളത്തെ പ്രയത്നത്തിൻ്റെ ഫലമായതിനാലാവണം ഒരു നവാഗതസംവിധായകൻ്റെ ചിത്രമെന്ന് ഒട്ടും തോന്നാത്തവിധത്തിലാണ് ചിത്രത്തിൻ്റെ അവതരണം. സൂക്ഷമനിരീക്ഷണത്തിൽ മൊയ്തിൻ്റെയും കാഞ്ചനമാലയുടെയും പ്രണയത്തിൽ മാത്രം ശ്രേദ്ധയൂന്നിയ തിരക്കഥ ഒരല്പം പോരായ്മയായി തോന്നി. ചിത്രത്തിൻ്റെ ആദ്യ പകുതിയിൽ പ്രണയത്തോടൊപ്പം മൊയ്തീൻ്റെ പൊതുജീവിതവും ഭംഗിയായി അവതരിപ്പിച്ചു. എന്നാൽ രണ്ടാം പകുതിയിൽ മൊയ്തീൻ്റെ പൊതുജീവിതത്തെക്കുറിച്ച് ഒട്ടും പരാമർശിക്കാതെ പോയത് ഒരല്പം പോരായ്മയായി അനുഭവപ്പെട്ടു.പ്രണയത്തോടൊപ്പംതന്നെ ഒരു നേതാവെന്ന നിലയിലുള്ള മൊയ്തീൻ്റെ വളർച്ചയും പൊതുജീവിതവും പ്രേക്ഷകർ പ്രതീക്ഷയോടെയാണ് വീക്ഷിച്ചിരുന്നത്.അങ്ങനെയാണെങ്കിലും ഈ പോരായ്മ ഭൂരിപക്ഷം പ്രേക്ഷകരെയും നിരാശപ്പെടുത്തുന്നില്ല എന്നതിൽ ആർ എസ് വിമൽ വിജയിച്ചിരിക്കുന്നു. അഭിനേതാക്കളിൽ നിന്നും മികച്ചത് പുറത്തുകൊണ്ടുവരാൻ ഒരു സംവിധായകൻ എന്ന നിലയിൽ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. മികച്ച ടെക്നീഷ്യൻമാരുടെ മികച്ച പ്രവർത്തനം തിരഞ്ഞെടുക്കുന്നതിലൂടെ ഈ ചിത്രത്തെ ഉയർന്ന നിലവാരമുള്ള ചിത്രമായി ചിത്രീകരിക്കുന്നതിൽ അദ്ദേഹം വിജയിച്ചിരിക്കുന്നു.

ത്യാഗപൂർണ്ണമായ പ്രണയങ്ങൾ ഇന്നും ലോകത്ത് നിലനില്ക്കുന്നുയെന്നുള്ളത് ബന്ധങ്ങളുടെ മൂല്യത കുറഞ്ഞ ഇന്നത്തെ ലോകത്തിന് ഒരു പ്രതീക്ഷയാണ്. ഈ പ്രതീക്ഷ വെള്ളിത്തിരയിലെത്തിച്ച് വിജയിപ്പിച്ച ആർ എസ് വിമലിൽനിന്നും ഇനിയും നല്ല ചിത്രങ്ങൾ പ്രതീക്ഷിക്കാം.

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.