Don't Miss
 

 

പാറി പറന്ന് ചാർലി

നിധിന്‍ ഡേവിസ് | January/19/2016
image

കാറ്റ് പോലെയൊരുവൻ… ചുറ്റുമുള്ളവർക്ക് കുളിർമയേകി എന്നാൽ ആർക്കും പിടിക്കൊടുക്കാതെ പാറി പറന്ന് നടക്കുന്നവൻ…. അതാണ് ചാർലി.

ദുൽഖർ സൽമാനെ നായകനാക്കി മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്ത ചാർലി പ്രമേയം കൊണ്ടും അവതരണം കൊണ്ടും വളരെ പുതുമ നിറഞ്ഞ ഒന്നാണ്. ജീവിതത്തിൽ ഒറ്റപ്പെട്ടു പോയവർക്ക് ഒരല്പമാശ്വാസമേകാൻ സാധിച്ചാൽ അതാണ് യഥാർത്ഥ ആനന്ദമെന്ന് ഈ ചിത്രം നമുക്ക്‌ കാണിച്ചുതരുന്നു.

താത്പര്യമില്ലാത്ത വിവാഹത്തെപ്രതി വീടുവിട്ടിറങ്ങിയ ടെസ്സ താത്കാലികമായി താമസ്സിക്കാനായി ഒരു മുറി കണ്ടെത്തുന്നു. എന്നാൽ തനിക്കു മുൻപേ ആ മുറിയിൽ താമാസിച്ചിരുന്ന വ്യക്തിയുടെ സാമഗ്രികൾ അവളിൽ മടുപ്പുള്ളവാക്കുന്നു. പക്ഷേ പിന്നീട് ആ വസ്തുക്കളിലോരോന്നിലും അയാളുടെ കലാദൃഷ്ടി ദർശിക്കാനാവൾക്ക് സാധിക്കുന്നു. മുഴുവനാക്കാതെ പാതിവച്ചു അയാൾ നിർത്തിയ ഒരു കഥയുടെ പൂർണ്ണരൂപം തേടി പിന്നീട് അവൾ ഇറങ്ങുന്നു. ആ അന്വേഷണത്തിലൂടെ പതിയെ പതിയെ അവൾ ആ വ്യക്തിയെ അടുത്തറിയാൻ തുടങ്ങുന്നു. തുടർന്ന് ആ അന്വേഷണം ആ വ്യക്തിയെ തേടിയുള്ള യാത്രയായി മാറുന്നു. അവളുടെ അന്വേഷണങ്ങളിലൂടെയും കണ്ടെത്തുലുകളിലൂടെയുമാണ് ചാർലിയുടെ കഥ വികസിക്കുന്നത്.

കേന്ദ്രകഥാപാത്രമായ ചാർലിയെ അവതരിപ്പിച്ച ദുൽഖർ സൽമാൻ വളരെ മികച്ച പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്. ദുൽഖർ സൽമാൻ ചിത്രങ്ങളുടെ പതിവ് ശൈലിയുള്ള വീടുവിട്ടിറങ്ങുന്ന നായകനായി തന്നെയാണ് ഈ ചിത്രത്തിലെങ്കിലും തൻ്റെ മുൻകാല ചിത്രങ്ങളിൽ നിന്നും തീർത്തും വിത്യസ്തമായാണ് ദുൽഖർ ഈ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ആ നടൻ്റെ കരിയറിലെ എടുത്തു പറയുന്ന കഥാപാത്രമായിരിക്കും ചാർലി. അത്രയും അനായസമായിട്ടാണ് ദുൽഖർ ആ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. പല സീനുകളിലും ഒരു ചിത്രത്തെ ഒറ്റയ്ക്കു ഉയർത്താൻ തക്ക പ്രാപ്തിയുള്ള ഒരു നായകനാകാൻ ആ യുവനടന് സാധിക്കുമെന്നുപോലും അനുഭവപ്പെട്ടു.

പാർവതി മേനോൻ അവതരിപ്പിച്ച ടെസ്സയെന്ന കഥാപാത്രവും വളരെ പ്രശംസനീയമാണ്. മലായാള ചിത്രങ്ങളിൽ കേന്ദ്രകഥാപാത്രത്തിനൊപ്പത്തിനൊപ്പം നില്ക്കുന്ന കഥാപാത്രങ്ങൾ വളരെ വിരളമായെ ഉണ്ടാകാറുള്ളു. അങ്ങനെയുള്ള ഈ കഥാപാത്രത്തെ പാർവതി മേനോൻ വളരെ മികച്ചതായി അവതരിപ്പിച്ചിട്ടുണ്ട്. ബാംഗ്ലൂർ ഡേയ്സിനും, എന്നു നിൻ്റെ മോയ്തീനും ശേഷം ഇത്രയും കാമ്പുള്ള കാഥാപാത്രം ലഭിച്ച ഈ നടി തൻ്റെ കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്നതിൽ വളരെയധികം ശ്രദ്ധ ചെലുത്തുനുണ്ട് എന്ന് വീണ്ടും തെളിയിച്ചിരിക്കുന്നു.

ചെറുതാണെങ്കിലും മറ്റു താരങ്ങളെല്ലാം അവരവരുടെ വേഷങ്ങൾ ഭംഗിയായി അവതരിപ്പിച്ചിട്ടുണ്ട്. അപർണ്ണ ഗോപിനാഥ്, നെടുമുടി വേണു, ചെമ്പൻ വിനോദ്, കൽപന എന്നിവരെല്ലാം തങ്ങളുടെ വേഷങ്ങൾ വളരെ ജീവസുറ്റതാക്കി.

ഈ ചിത്രത്തെ അതിൻ്റെ പൂർണ്ണതയിൽ എത്തിക്കുന്നതിന് സംഗീതത്തിൻ്റെ പങ്ക് എടുത്തുപറയേണ്ടതാണ്. ഗോപി സുന്ദറിൻ്റെ സംഗീതവും പശ്ചാത്തലസംഗീതവും ഈ ചിത്രത്തിൻ്റെ രുചികൂട്ടുകളുടെ ആസ്വാദനം വളരെ കൃത്യമായി മനസ്സിലുളവാക്കുന്നു. ജോമോൻ്റെ ഛായാഗ്രാഹണവും എടുത്തുപറയേണ്ടതാണ്. കൃത്യമായുള്ള ഷോട്ടുകളും മികവുറ്റ കളറിങ്ങും ഈ ചിത്രത്തിൻ്റെ ഓരോ സീനുകളെയും കൃത്യമായി മനസ്സിൽ വരച്ചിടുന്നു. ചിത്രത്തിൻ്റെ ആർട്ട് ഡയറക്ഷനും എടുത്തു പറയേണ്ടതാണ്. ചാർലിയുടെ മുറിയും മുറിയിലെ സാമഗ്രികളും ചാർലിയുടെ സ്വഭാവത്തെയും അയാളുടെ ബുദ്ധിശക്തിയും വിളിച്ചോതുന്നതാണ്. കഥാപാത്രങ്ങളുടെ വസ്ത്രാലങ്കാരവും എടുത്തു പറയേണ്ടതാണ്. ചാർലിയുടെയും ടെസ്സയുടെയും ഡ്രസിങ്ങ് പാറ്റേൺ വളരെ വിത്യസ്തമായി അനുഭവപ്പെട്ടു. മുഖ്യധാരാചിത്രങ്ങളിൽ അത്ര കണ്ടു പരിചിതമല്ലാത്ത ഈ വേഷവിധാനം കഥാപാത്രങ്ങളോട് വളരെയധികം യോജിച്ചു നില്ക്കുന്നു.

ചിത്രത്തിൻ്റെ പിന്നണി പ്രവർത്തകർ എല്ലാവരും നന്നായിട്ടുണ്ടെങ്കിൽ അതിൻ്റെയെല്ലാം പൂർണ്ണമായ ഉത്തരവാദിത്വം ആ ചിത്രത്തിൻ്റെ സംവിധായകനാണ്. മാർട്ടിൻ പ്രക്കാട്ട് തൻ്റെ മുൻ കാലചിത്രങ്ങളെക്കാളും വളരെ മികച്ചതായി ഈ ചിത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. ഒരു ആർട്ട് മൂവി ഗണത്തിലേക്കുനിർത്താവുന്ന ചിത്രത്തിൻ്റെ ആശയത്തെ കൊമേഴ്സ്യൽ ചേരുവകൾ ചേർത്ത് പ്രേക്ഷകമനസ്സിലെത്തിക്കുന്നതിൽ ഒരു സംവിധായകനെന്ന നിലയിൽ മാർട്ടിൻ വിജയിച്ചിരുന്നു. ഉണ്ണി ആറിൻ്റെ കഥ തീർച്ചയായും പുതുമയുള്ളതായി അനുഭവപ്പെട്ടു. മാർട്ടിൻ പ്രക്കാട്ടും ഉണ്ണി ആറും ചേർന്നുള്ള തിരക്കഥ ചെറുനർമ്മങ്ങളോടെ ആ ആശയത്തെ വ്യക്തമായി പ്രേക്ഷകമനസ്സുകളിലേക്ക് എത്തിക്കുന്നു.

എബിസിഡി യ്ക്കു ശേഷം ദുൽഖറും മാർട്ടിൻ പ്രക്കാർട്ടും ഒന്നിക്കുന്ന ഈ ചിത്രം തീർച്ചയായും അവരുടെ മുൻ ചിത്രത്തേക്കാൾ ഒരുപടി മുൻപിട്ടു നില്ക്കുന്നു. അതുകൊണ്ടു തന്നെ ഇനിയും നല്ല ചിത്രങ്ങൾ ഈ കുട്ടുക്കെട്ടിൽ നിന്നും തീർച്ചയായും പ്രതീക്ഷിക്കാം

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.