Don't Miss
 

 

മധുരമൂറും കരിക്കിൻവെള്ളം

നിധിന്‍ ഡേവിസ്  | July/13/2016
image

ബിജു മേനോനും ആസിഫ് അലിയും കേന്ദ്ര കഥാപാത്രമായി വന്ന ഏറ്റവും പുതിയ ചിത്രമാണ് അനുരാഗ കരിക്കിൻ വെളളം. അനുരാഗത്തിൻ്റെ വിത്യസ്തവശങ്ങൾ വരച്ചു കാണിക്കുന്ന ഈ ചിത്രം തീർച്ചയായും കുടുംബസമേതം കാണാവുന്ന ഒന്നാണ്. നർമ്മത്തിൽ ചാലിച്ച ഈ ചിത്രത്തിലെ ഓരോ മുഹൂർത്തങ്ങളും പ്രേക്ഷകരെ പൂർണ്ണതൃപ്തരാക്കുന്നു.

എ എസ് ഐ രഘുവിൻ്റെ കുടുംബത്തിലെ കഥയാണ് ചിത്രം പറയുന്നത്. പൊതുവേ പരുക്കനായ രഘുവിൻ്റെ ജീവിതത്തിൽ തൻ്റെ ബാല്യകാലസ്മരണകളെ തൊട്ടുണർത്തുന്ന ചില അനുഭവങ്ങളുണ്ടാകുന്നു. തുടർന്നു ആ കുടുംബത്തിലുണ്ടാകുന്ന സംഭവവികാസങ്ങളാണ് ചിത്രത്തിൻ്റെ ഇതിവൃത്തം.

പരുക്കൻ സ്വഭാവമുള്ള എ എസ് ഐ രഘുവെന്ന കഥാപാത്രം ബിജു മേനോൻ വളരെ മികച്ചതാക്കി. നർമ്മരസം നിറഞ്ഞ ഈ പരുക്കൻ കഥാപാത്രം സ്വാഭാവികത ഒട്ടും ചോരാതെ മികവാർന്ന രീതിയിൽ അദ്ദേഹം അവതരിപ്പിച്ചിരിക്കുന്നു. തൻ്റെ ഉത്തരവാദിത്വങ്ങളിൽ നിന്നും ഓടിയൊളിക്കാൻ ശ്രമിക്കുന്ന യുവത്വത്തിൻ്റെ പ്രതീകമാണ് ആസിഫ് അലിയുടെ കഥാപാത്രം. രഘുവിൻ്റെ മകനായ അഭിലാഷായാണ് ഈ ചിത്രത്തിൽ ആസിഫ് അലി അഭിനയിക്കുന്നത്. സമീപത്തെ വർക്ക് ഷോപ്പിൽ ഒത്തുകൂടുന്ന സൗഹൃദക്കൂട്ടവും മടുപ്പിലെത്തി നില്ക്കുന്ന പ്രണയവുമാണ് അഭിലാഷിൻ്റെ ജീവിതത്തിലെ പ്രധാന ദിനചര്യകൾ. ആസിഫ് അലിയുടെ തന്നെ മുൻകാല ചിത്രങ്ങളിലെ കഥാപാത്രങ്ങളോട് സാമ്യമുള്ള ഈ കഥാപാത്രം അദ്ദേഹത്തിൻ്റെ കൈയിൽ തീർത്തും ഭദ്രമായിരുന്നു.

കുടുംബനാഥയുടെ വേഷമവതരിപ്പിച്ച ആശാ ശരത്ത്, പതിവിലും വിത്യസ്തമായി കൈവന്ന സൗമ്യവും ശാന്തവുമായ ഈ കഥാപാത്രത്തെ തൻ്റെ മുൻകാലചിത്രങ്ങളിലെ പോലെ മികവുറ്റതാക്കി. തൻ്റെ ഭർത്താവും കുടുംബവും മാത്രമൊതുങ്ങുന്ന ലോകത്തിൽ ജീവിക്കുന്ന ആ കുടുംബിനിയുടെ വേഷം ഈ നടിയുടെ അഭിനയജീവിതത്തിൽ കൈവന്ന വിത്യസ്തമായ ഒന്നാണ്. അഭിലാഷിൻ്റെ പ്രണയിനിയായ എലിയെന്നു വിളിക്കുന്ന എലിസമ്പത്തിൻ്റെ വേഷം കൈകാര്യം ചെയ്ത രജീഷ വിജയ് എന്ന പുതുമുഖ നടി വളരെ മികച്ച പ്രകടനം കാഴ്ചവച്ചിരിക്കുന്നു. ടെലിവിഷൻ പരിപാടികളുടെ ആങ്കറിങ്ങിലൂടെയെത്തിയ ഈ നടി ഒരു പുതുമുഖനടിയെന്നു തോന്നാത്തവിധം മികവാർന്ന പ്രകടനം ചിത്രത്തിൽ ചെയ്തിരിക്കുന്നു.

മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ച ശ്രീനാഥ് ഭാസി, സൗബിൻ, ഇർഷാദ്, സുധീർ കരമന എന്നിവരെല്ലാം തന്നെ തങ്ങളുടെ വേഷം ജീവസുറ്റതാക്കി. യാഥാർത്ഥ്യത്തോട് ചേർന്ന നർമ്മരസം നിറഞ്ഞ സന്ദർഭങ്ങളെ പ്രേക്ഷകമനസ്സുകളിലെത്തിക്കുന്നതിൽ ഈ താരങ്ങൾ വഹിച്ച പങ്ക് ചെറുതല്ല.

ചിത്രത്തോട് ചേർന്നു നില്ക്കുന്ന സംഗീതമാണ് പ്രശാന്ത് പിള്ള ഒരുക്കിയിരിക്കുന്നത്. ഗാനങ്ങൾ മികച്ചതല്ലെങ്കിലും ചിത്രത്തോട് യോജിച്ചു നില്ക്കുന്നു. ചിത്രത്തിൻ്റെ കഥാഖ്യാനത്തിനൊത്ത പശ്ചാത്തലസംഗീതം ചിത്രത്തിൻ്റെ മൂഡ് നിലനിർത്തുന്നു. വർണ്ണങ്ങൾ വാരിവലിച്ചെറിയാതെയുള്ള ജിംഷി ഖാലിദിൻ്റെ ഛായാഗ്രാഹണം ചിത്രത്തെ യഥാർത്ഥജീവിതത്തോട് ചേർത്തു നിർത്തുന്നു.

യാഥാർത്ഥ്യത്തോട് ചേർന്ന് നില്ക്കുന്നതും നർമ്മരസം തുളുമ്പുന്നതുമായ തിരക്കഥയാണ് ചിത്രത്തിൻ്റെ നട്ടെല്ല്. അശ്ലീതയുടെയും ദ്വയാർത്ഥപദപ്രയോഗങ്ങളുടെയും കൂട്ടുപിടിക്കാതെ പ്രേക്ഷകരെ രസിപ്പിക്കുന്ന ശുദ്ധനർമ്മത്തിൻ്റെ സാഹചര്യങ്ങൾ ഒരുക്കിയ നവീൻ ഭാസ്ക്കരൻ്റെ തിരക്കഥ പ്രശംസനീയമാണ്. ക്ലൈമാക്സ് വരെ നിലനിർത്തിയ മികവ് ക്ലൈമാക്‌സിൽ കൊണ്ടുവരാഞ്ഞത് ചെറിയ പോരായ്മയായി അനുഭവപ്പെട്ടെങ്കിലും മൊത്തത്തിൽ ചിത്രത്തെ മികവുറ്റതാക്കുന്നതിൽ അദ്ദേഹം വിജയിച്ചിരിക്കുന്നു. നവാഗതനായ ഖാലിദ് റഹ്മാൻ പ്രതീക്ഷയർപ്പിക്കാവുന്ന സംവിധായകനാണ്. സൂപ്പർ താരങ്ങളുടെ അകമ്പടിയില്ലാതെ കഥയുടെയും നല്ല തിരക്കഥയുടെയും ബലത്തിൽ പ്രേക്ഷകമനസ്സിൽ ഇടം പിടിക്കുന്ന ചിത്രങ്ങൾ ചെയ്യാൻ സാധിക്കുമെന്ന് ആ പുതുമുഖ സംവിധായകൻ തിരിച്ചറിഞ്ഞിരിക്കുന്നു. കഥാപാത്രങ്ങൾക്കൊത്ത താരങ്ങളുടെ തിരഞ്ഞെടുപ്പും നർമ്മരസം നിറഞ്ഞ മികച്ച അവതരണവും ചിത്രത്തെ കുടുംബപ്രേക്ഷകരുടെ പ്രിയപ്പെട്ടചിത്രമാക്കുന്നു.

പ്രണയത്തിൻെയും ശുദ്ധനർമ്മത്തിൻ്റെയും മാധുര്യം നിറഞ്ഞ അനുരാഗത്തിൻ കരിക്കിൻവെള്ളം കുടുംബപ്രേക്ഷകർക്കെവർക്കും ധൈര്യമായി രുചിച്ചു നോക്കാം.

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.