Don't Miss
 

 

കലിപ്പ് വരുത്താതെ ആൻമരിയ

നിധിന്‍ ഡേവിസ് | August/20/2016
image

അദ്ഭുതങ്ങൾ ഒന്നും തന്നെയില്ലാത്ത ആർക്കും പ്രവചിക്കാവുന്ന കഥയാണെങ്കിലും പക്വതയോടെയും കൃത്യതയോടെയുമുള്ള തിരക്കഥയും തികവാർന്ന സംവിധാനമികവും ഈ ചിത്രത്തെ പ്രേക്ഷകർക്ക് പ്രിയപ്പെട്ടതാക്കി മാറ്റുന്നു. പത്തുവയസ്സുകാരിയായ ആൻമരിയയും അവളുടെ ഇളം മനസ്സിലെ ആഗ്രഹങ്ങളുടെ പൂർത്തികരണത്തിനായി പരിശ്രമിക്കുന്ന പൂമ്പാറ്റ ഗിരീഷ് എന്ന ഗുണ്ടയും തമ്മിലുള്ള സൗഹൃദമാണ് ചിത്രത്തിൻ്റെ പ്രമേയം.

ജോലിതിരക്കുമൂലം വേറിട്ടു ജീവിക്കുന്ന ഡോക്ടർമാരായ ദമ്പതികളുടെ ഏകമകളാണ് ആൻമരിയ. ബുദ്ധിമതിയായ അവൾക്ക് ചില കാരണങ്ങളാൽ അവളുടെ അധ്യാപകനോട് ദേഷ്യം തോന്നുന്നു. അധ്യാപകനോടുള്ള ദേഷ്യം തീർക്കാനായി അവൾ തൻ്റെ സുഹൃത്തിൻ്റെ സഹായത്തോടെ പൂമ്പാറ്റ ഗിരീഷ് എന്ന ഗുണ്ടയെ കണ്ടെത്തുന്നു. തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളാണ് ചിത്രത്തിനിതിവൃത്തം.

ആൻമരിയയായി അഭിനയിക്കുന്നത് ബേബി സാറാ അർജുനാണ്. തൻ്റെ മുൻകാലചിത്രങ്ങളിലെ പോലെത്തനെ വളരെ മികച്ച പ്രകടനമാണ് ആ കൊച്ചുമിടുക്കി ഈ ചിത്രത്തിൽ കാഴ്ചവച്ചിരിക്കുന്നത്. പൂമ്പാറ്റ ഗിരിഷായി സണ്ണി വെയിനാണ് ചിത്രത്തിലഭിനയിക്കുന്നത്. സണ്ണി വെയിനിന് ഏറ്റവും യോജിച്ച കഥാപാത്രമാണ് പൂമ്പാറ്റ ഗിരീഷ്. തൻ്റെത്തന്നെ മുൻകാല ചിത്രങ്ങളോട് സാമ്യമുള്ള ഈ കഥാപാത്രം വളരെ രസകരമായിത്തന്നെ സണ്ണി വെയിൻ അവതരിപ്പിച്ചിരിക്കുന്നു.

ആൻമരിയയുടെ മാതാപിതാക്കന്മാരായി അഭിനയിച്ച ലിയോണ ലിഷോയിയും സൈജു കുറുപ്പും തങ്ങളുടെ കഥാപാത്രങ്ങളോട് യോജിച്ചു നില്ക്കുന്നു. മറ്റു താരങ്ങളെല്ലാവരും തങ്ങളുടെ കഥാപാത്രങ്ങളോട് നീതീ പുലർത്തിയിരിക്കുന്നു. അജു വർഗ്ഗീസും ധർമ്മജനും ഷൈൻ ടോം ചാക്കോയും വില്ലനായി എത്തിയ ജോൺ കൈപ്പള്ളിയും മറ്റെല്ലാവരും അവരവരുടെ വേഷങ്ങൾ വളരെ ഭംഗിയായി അവതരിപ്പിച്ചു. അതിൽതന്നെ സിദിഖ് അവതരിപ്പിച്ച ബേബിച്ചായൻ എന്ന കഥാപാത്രം എടുത്തു പറയേണ്ടതാണ്. ആരെയും രസിപ്പിക്കുന്ന ആ കഥാപാത്രം സിദ്ദിഖിൻ്റെ കൈകളിൽ ഭദ്രമായിരുന്നു.

വിഷ്ണു ശർമയുടെ ഛായാഗ്രാഹണം ചിത്രത്തിന് ഒരു മേൽത്തരം ചിത്രത്തിൻ്റെ പരിവേഷം നല്കുന്നു. കേൾക്കാനിമ്പമുള്ള ഗാനങ്ങളാണ് ഷാൻ റഹ്മാൻ ഒരുക്കിയിരിക്കുന്നത്. സൂരജ് എസ് കുറുപ്പിൻ്റെ പശ്ചാത്തലസംഗീതം ചിത്രത്തോട് യോജിച്ചു നില്ക്കുന്നു. ലിജോ പോളിൻ്റെ എഡിറ്റിങ്ങും ചിത്രത്തിൻ്റെ രസകരമായ മൂഡ് നിലനിർത്തുന്നു.

നർമ്മരസം തുളുമ്പുന്ന തിരക്കഥയാണ് ചിത്രത്തിൻ്റെ നട്ടെല്ല്. മിഥുൻ മാനുവൽ തോമസും ജോൺ മന്ത്രിക്കലും ചേർന്നെഴുതിയ തിരക്കഥ വളരെ കൃത്യതയാർന്നതും നർമ്മത്തിൻ്റെ രസചിരടിൽ കോർത്തിണക്കിയതുമാണ്. ആർക്കും പ്രവചിക്കാവുന്ന കഥയെ പ്രേക്ഷകരെ മടുപ്പിക്കാതെ കൊണ്ടുപോകുന്നതിൽ ഇരുവരും വിജയിച്ചിരിക്കുന്നു. ആട് ഒരു ഭീകരജീവിയാണ് എന്ന ചിത്രത്തിനുശേഷം മിഥുൻ ഒരുക്കിയ ഈ ചിത്രം ഒരു സംവിധായകനെന്ന നിലയിലുള്ള മിഥുൻ്റെ വളർച്ച കാണിച്ചു തരുന്നു. തൻ്റെ ആദ്യചിത്രത്തിൽ നിന്നും ഒരുപ്പാട് മുന്നേറിയിരിക്കുന്നു ഈ യുവസംവിധായകൻ. മലയാളസിനിമലോകത്തിന് പ്രതീക്ഷയർപ്പിക്കാവുന്ന ഒരു സംവിധായകനാണ് മിഥുൻ മാനുവൽ തോമസ്.

നർമ്മത്തിൽ പൊതിഞ്ഞ ചിത്രങ്ങളിഷ്ടപ്പെടുന്ന പ്രേക്ഷകർക്ക് കുടുംബസമേതം കാണാവുന്ന ചിത്രമാണ് ആൻമരിയ കലിപ്പിലാണ്.

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.