Don't Miss
 

 

അനാർക്കലി : തീവ്രപ്രണയത്തിൻ്റെ കാത്തിരിപ്പ്

നിധിന്‍ ഡേവിസ് | November/14/2015
image

പ്രമുഖ തിരകഥാകൃത്തായ സച്ചിയുടെ സംവിധാന സംരംഭമായ ഈ ചിത്രം തീവ്രപ്രണയത്തിൻ്റെ കഥയാണ് അനാവരണം ചെയ്യുന്നത്. ലക്ഷ്വദ്വീപിൻ്റെ തലസ്ഥാനമായ കവരത്തിയുടെ പശ്ചാത്തലത്തിൽ ചിത്രീകരിച്ച ഈ ചിത്രം പ്രണയിച്ചിട്ടുള്ളവരും പ്രണയചിത്രങ്ങൾ ആസ്വദിക്കുന്നവരും പൂർണ്ണമായി ആസ്വദിക്കും അല്ലാത്തവർക്ക് രണ്ടാം പകുതിയിൽ ഒരല്പം മടുപ്പും അനുഭവപ്പെട്ടെക്കാം.

ഡൈവിങ്ങ് ഇൻസ്ട്രക്റ്ററായ ശന്തനു തൻ്റെ പ്രണയിനിയായ നാദിറയെ തേടി കവരത്തിയിലെത്തുന്നു. ശന്തനുവിൻ്റെയും നാദിറയുടെയും പ്രണയമാണ് ചിത്രത്തിൻ്റെ ഇതിവൃത്തം.

എന്നു നിൻ്റെ മൊയ്തീനുശേഷം വീണ്ടും പ്രണയനായകനായി എത്തുന്ന പ്രിഥ്വീരാജ് ഈ ചിത്രത്തിൽ മികച്ച പ്രകടമാണ് കാഴ്ച്ചവെച്ചിരിക്കുന്നത്. ജൂനിയർ നേവി ഓഫിസറായും ഡൈവിങ്ങ് ഇൻസ്ട്രക്റ്ററായും അദ്ദേഹം ശന്തനുവെന്ന കഥാപാത്രത്തിന് ജീവനേകി. നാദിറയായി വേഷമിട്ട പ്രിയാൽ ഗോർ കഥാപാത്രത്തിനു യോജിച്ച താരമായി.

ബിജു മേനോൻ അവതരിപ്പിച്ച സക്കറിയയുടെ കഥാപാത്രമാണ് ചിത്രത്തിൻ്റെ ജീവൻ നിലനിർത്തുന്നത്. പ്രണയത്തിൽ മാത്രം ശ്രദ്ധയൂന്നിയ ചിത്രത്തെ മടുപ്പുളവാക്കാതെ കൊണ്ടു പൊകുന്നതിന് ബിജു മേനോൻ അവതരിപ്പിച്ച നർമ്മരസം നിറഞ്ഞ കഥാപാത്രം ചെലുത്തിയ സ്വാധീനം ചെറുതല്ല. അദ്ദേഹം ആ കഥാപാത്രത്തെ അനായാസം കൈകാര്യം ചെയ്തിരിക്കുന്നു.

ആകാരത്തിൽ തന്നെ കർക്കശസ്വഭാവമുള്ള ഒരു മുതിർന്ന ഉത്തരേന്ത്യൻ നേവിയുദ്യോഗസ്ഥൻ്റെ ഭാവമുള്ള കബീർ ബേദി, ജാഫർ ഇമാം എന്ന കഥാപാത്രത്തിന് യോജിച്ച താരമായി. സുരേഷ് കൃഷ്ണ, മിയ, സുദേവ്, സംസ്‌കൃതി ഷേണായി എന്നിവർ തങ്ങളുടെ കഥാപാത്രങ്ങളോട് നീതി പുലർത്തിയിട്ടുണ്ട്. സംവിധായകരായ രൺജി പണിക്കർ, മധുപാൽ, വി കെ പ്രകാശ്, ശ്യാമപ്രസാദ്, മേജർ രവി എന്നിവരും തങ്ങളുടെ കഥാപാത്രങ്ങളൊട് യോജിച്ച് നില്ക്കുന്നു.

കവരത്തിയുടെ ദൃശ്യഭംഗി മുഴുവനായി പകർത്താൻ ഛായാഗ്രഹനായ സുജിത്ത് വാസുദേവന് പൂർണ്ണമായും സാധിച്ചിട്ടുണ്ട്. ഹെലികോപ്ട്ടർ ഷോട്ടുകളും അണ്ടർവാട്ടർ ഷോട്ടുകളും വളരെ മികച്ചതായി അനുഭവപ്പെട്ടു. മുകളിൽ നിന്നുള്ള ഷോട്ടുകൾ ദ്വീപിൻ്റെ പൂർണ്ണമായ ചിത്രം പ്രേക്ഷകന് നല്കുന്നു. വിദ്യാസാഗറിൻ്റെ സംഗീതം ചിത്രത്തോട് ചേർന്നു നില്‌ക്കുന്നു.

തിരക്കഥാകൃത്തായ സച്ചിയുടെ പ്രഥമ സംവിധാനശ്രമം തീർച്ചയായും അഭിനന്ദനം അർഹിക്കുന്നതാണ്. കണ്ടു മടുത്ത പ്രണയകഥയായിട്ടുകൂടി ഒട്ടും താഴ്ന്നുപോകാതെ കൊണ്ടുപോകുന്നതിൽ അദ്ദേഹം വിജയിച്ചിരിക്കുന്നു. നായകൻ്റെയും നായികയുടെയും പ്രണയത്തിന് വില്ലനായി നില്ക്കുന്ന പിതാവ് എന്ന ആവർത്തനവിരസത അനുഭപ്പെട്ടേക്കാവുന്ന പ്രമേയം ഒട്ടും മടുപ്പുള്ളവാക്കാതെ കൊണ്ടുപോകുന്നതിൽ അദ്ദേഹം ഒരു പരിധിവരെ വിജയിച്ചിരിക്കുന്നു. എങ്കിലും ആദ്യ പകുതിയിലെ ചിത്രത്തിൻ്റെ ജീവൻ പൂർണ്ണമായി നിലനിർത്താൻ ചിത്രത്തിൻ്റെ രണ്ടാം പകുതിക്ക് അത്ര സാധിക്കുന്നില്ല. അങ്ങനെയൊക്കെയാണെങ്കിലും ലക്ഷദ്വീപിൻ്റെ സൗന്ദര്യവും കടലിൻ്റെ സൗന്ദര്യവും കടലിൻ്റെ ആഴങ്ങളിലുള്ള ചിത്രീകരണങ്ങളുമെല്ലാം ചിത്രത്തിന് ഒരു മേൽത്തരം ചിത്രത്തിൻ്റെ പരിവേഷം നല്‌കുന്നു.

പ്രണയിച്ചവരെയും പ്രണയചിത്രങ്ങൾ ആസ്വാദിക്കുന്നവരെയും പൂർണ്ണമായി തൃപ്തിപ്പെടുത്തും ഈ ചിത്രം. അല്ലാത്തവരെ പൂർണ്ണമായി തൃപ്തിപ്പെടുത്തില്ലെങ്കിലും ഒരിക്കലും നിരാശരാക്കില്ല ഈ പ്രണയചിത്രം.

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.