Don't Miss
 

 

100 ഡെയ്സ് ഒഫ് ലവ് : വീണ്ടും അതേ പ്രണയദിനങ്ങള്‍...

നിധിന്‍ ഡേവിസ്  | March/23/2015
image

പ്രണയം എന്നും പൈങ്കിളിയാണ്. ആ പൈങ്കിളികഥകളിലെ നിരവധി ദിനങ്ങള്‍ കണ്ടു പരിചയിച്ച മലയാളി പ്രേക്ഷകര്‍ക്ക്‌ പ്രണയത്തിന്‍റെ ഈ നൂറു ദിനങ്ങള്‍ പുതിയതായി ഒന്നും തന്നെ സമ്മാനിക്കുന്നില്ല, എന്നാല്‍ ദൃശ്യചാരുതയാര്‍ന്ന പക്വത നിറഞ്ഞ അവതരണം നമ്മെ നിരാശപ്പെടുത്തുകയുമില്ല. ഇതാണ് 100 ഡെയ്സ് ഒഫ് ലവ്.

 ദുല്‍ഖര്‍സല്‍മാന്‍ അവതരിപ്പിക്കുന്ന ബി.കെ.എന്‍ എന്ന ഹ്രസ്വനാമത്തില്‍ സ്വയം വിശേഷിപ്പിക്കുന്ന ബാലന്‍ എന്ന കഥാപാത്രവും നിത്യ മേനോന്‍ അവതരിപ്പിക്കുന്ന ഷീല എന്ന കഥാപാത്രവും തമ്മിലുള പ്രണയമാണ് ചിത്രത്തിന്റെ ഇതിവൃത്തം. കഥാപാത്രങ്ങളുടെ പേരുകളില്‍ നിലനിര്‍ത്തിയ കൗതുകം ഒഴിച്ച് നിര്‍ത്തിയാല്‍ ബാക്കിയെല്ലാം പതിവ് ചെരുരവകള്‍.

 ദുല്‍ഖര്‍സല്‍മാന്‍ അവതരിപ്പിച്ച ബാലന്‍ എന്ന കഥാപാത്രം തന്‍റെ മുന്‍കാലചിത്രങ്ങളില്‍ അവതരിപ്പിച്ച കഥാപാത്രങ്ങളുടെ പുനരാവര്‍ത്തനം തന്നെയാണ്. തന്‍റെ ആഗ്രഹങ്ങളുടെ പൂര്‍ത്തികരണത്തിനായി മാതാപിതാക്കളെ എതിര്‍ത്ത് വീടുവിട്ടിറങ്ങുന്ന ആ പതിവ് നായകന്‍തന്നെയാണ് ദുല്‍ഖര്‍സല്‍മാന്‍ ഈ ചിത്രത്തിലും. ആയതിനാല്‍ ആ നടനെ സംബന്ധിച്ചിടുത്തോളം നിഷ്പ്രയാസം ചെയ്യാവുന്ന ഈ കഥാപാത്രം തന്‍റെ മുന്‍കാലചിത്രങ്ങളിലെന്നപോലെ ഈ ചിത്രത്തിലും ദുല്‍ഖര്‍ നന്നായി അവതരിപ്പിച്ചിട്ടുണ്ട്. നിത്യ മേനോന്‍ ന്യൂ ജെന്‍ കാലഘട്ടത്തിലെ പ്രാക്ടിക്കല്‍ ചിന്താഗതിയുള്ള ആ നായികയെ മികവുള്ളതാക്കി. ശേഖര്‍ മേനോനും, അജു വര്‍ഗ്ഗിസും തങ്ങളുടെ കഥാപാത്രങ്ങള്‍ വളരെ മികച്ചതായി ചെയ്തിട്ടുണ്ട്. അവരിലൂടെ അവതരിപ്പിക്കാന്‍ ശ്രമിച്ച നര്‍മ്മമുഹുര്‍ത്തങ്ങളും കൊള്ളാം. വിനീത് എന്ന നടനില്‍ നിന്നും ഒട്ടും പ്രതീക്ഷിക്കാത്ത ഒരു കഥാപാത്രമായിരുന്നു ലഭിച്ചത്. അഭിനയസാധ്യത കൂടുതലൊന്നും ഇല്ലെങ്കില്ലും പക്വതയാര്‍ന്ന ആ കഥാപാത്രം വിനീത് ഭംഗിയായി അവതരിപ്പിച്ചിട്ടുണ്ട്.

പ്രദീഷ് വര്‍മയുടെ ഛായാഗ്രഹണവും സന്ദീപ്‌ കുമാറിന്റെ എഡിറ്റിംങ്ങും ഈ സാധാ ചിത്രത്തിന് ഒരു മേല്‍ത്തരം ചിത്രത്തിന്‍റെ ഭംഗി നല്‍കുന്നുണ്ട്. പ്രണയചിത്രങ്ങളില്‍ പ്രധാന പങ്കു വഹിക്കുന്ന ഈണങ്ങള്‍ നല്കാന്‍ ഗോവിന്ദ് മേനോന്‍റെ ഗാനങ്ങള്‍ക്ക് സാധിച്ചിട്ടില്ല. ബിജിബാലിന്റെ പാശ്ചാത്തല സംഗീതം ചിത്രത്തോട് യോജിച്ചു നില്‍ക്കുന്നു.

നവാഗതനായ ജെനൂസ് മുഹമ്മദ് ഒരു പുതുമുഖസംവിധായകന്‍റെ ചിത്രം എന്ന് തോന്നിപ്പിക്കാത്ത വിധത്തിലാണ് ഈ ചിത്രം ചിത്രികരിച്ചിരിക്കുന്നത്. അത്രയും പക്വതയാര്‍ന്ന അവതരണമാണ് തന്റെ കന്നിചിത്രത്തില്‍ ജെനൂസ് ചെയ്തിട്ടുള്ളത്. അതില്‍ത്തന്നെ തിരകഥയെക്കാള്‍ മെച്ചപ്പെട്ടു നില്‍ക്കുന്നത് സംവിധാനമികവു തന്നെയാണ്. സംവിധായകന്‍ കമലിന്റെ മകനില്‍ നിന്നും ഇനിയും മികവാര്‍ന്ന ചിത്രങ്ങള്‍ പ്രതീക്ഷിക്കുന്നതില്‍ തെറ്റില്ല.

പ്രണയചിത്രങ്ങള്‍ ഇഷ്ടപ്പെടുന്ന പ്രേക്ഷകസമൂഹത്തിനു ഈ ചിത്രം ഇഷ്ടപ്പെട്ടെക്കാം. അല്ലാത്തവര്‍ക്ക് ചിത്രത്തിന്‍റെ ദൈര്‍ഖ്യം ഒരു പക്ഷെ മടുപ്പുളവാക്കിയെക്കാം, എങ്കിലും ഒരു ശരാശരി ചിത്രം കണ്ട അനുഭവം തീര്‍ച്ചയായും ഈ ചിത്രം സമ്മാനിക്കുനുണ്ട്.

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.